Hero Image

രാജ്യതലസ്ഥാനത്ത് മെഗാ പ്രതിഷേധത്തിന് എഎപി; രാംലീലയിലേക്ക് മെഗാ മാർച്ച് നടത്തുമെന്ന് 'ഇന്ത്യ'


മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് തലസ്ഥാനത്ത് മെഗാ പ്രതിഷേധത്തിന് ഒരുങ്ങി ആം ആദ്മി പാർട്ടി. കേന്ദ്ര ഏജൻസികളെ പ്രതിപക്ഷത്തെ വേട്ടയാടാൻ ബിജെപി ദുരുപയോഗം ചെയ്യുന്നെന്നാണ് എഎപിയുടെ ആരോപണം. ഷഹീദി പാർക്കിൽ മെഴുകുതിരി കത്തിച്ചു നടക്കുന്ന പ്രതിഷേധ പ്രകടനത്തിൽ എല്ലാ പാർട്ടി എംഎൽഎമാരും ഉദ്യോഗസ്ഥരും ഇന്ത്യ മുന്നണി പ്രതിനിധികളും പങ്കെടുക്കുമെന്ന് ഡൽഹി മന്ത്രി ഗോപാൽ റായ് അറിയിച്ചു.

പ്രതിഷേധം മുന്നിൽ കണ്ട് ഷഹീദി പാർക്കിലേക്കുള്ള റോഡിൽ ഡൽഹി പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

'രാഷ്ട്രീയ നേതാക്കളെ ഭയപ്പെടുത്താനും പ്രതിപക്ഷത്തെ ഇല്ലാതാക്കാനും വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണ്.  ജാർഖണ്ഡിലെ ഹേമന്ത് സോറനാകട്ടെ, ബിഹാറിലെ തേജസ്വി യാദവാകട്ടെ, എല്ലാവർക്കുമെതിരെ തെറ്റായ കേസുകൾ റജിസ്റ്റർ ചെയ്യുകയാണ്.'' - ഗോപാൽ റായ് പറഞ്ഞു. അരവിന്ദ് കേജ്രിവാളിന്റെ കുടുംബത്തെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് ഗോപാൽ റായ് ആരോപിച്ചു. എഎപി ആസ്ഥാനം കഴിഞ്ഞ ദിവസം സീൽ ചെയ്തിരുന്നു. 

കേജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് അടുത്ത ഞായറാഴ്ച ഡൽഹി രാംലീല മൈതാനത്തേക്ക് മെഗാ മാർച്ച് നടത്തുമെന്ന് ഇന്ത്യ മുന്നണി അധികൃതരും അറിയിച്ചു. ഡൽഹി മുഖ്യമന്ത്രിയുടെ അറസ്റ്റിനെ  പ്രതിപക്ഷ പാർട്ടികളെല്ലാം ഒരുപോലെ അപലപിച്ചിരുന്നു. എഎപി നേതാക്കളുമായി സ്വരച്ചേർച്ചയിലല്ലാതിരുന്ന ഡൽഹിയിലെ കോൺഗ്രസ് നേതാക്കളും പ്രതിഷേധരംഗത്തുണ്ട്. 

READ ON APP