Hero Image

രണ്ടാംഘട്ട പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്; കമൽനാഥിൻ്റെയും ഗെലോട്ടിൻ്റെയും മക്കൾ ലിസ്റ്റിൽ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 43 പേരുടെ പട്ടികയാണ് കോൺഗ്രസ് പുറത്തു വിട്ടിരിക്കുന്നത്. നകുൽ നാഥും വൈഭവ് ഗെലോട്ടും ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുടെ മക്കളാണ് പട്ടികയിലുള്ളത്. നേരത്തെ 39 പേരടങ്ങുന്ന സ്ഥാനാർത്ഥികളുടെ ആദ്യ ഘട്ട ലിസ്റ്റ് കോൺഗ്രസ് പുറത്തിറക്കിയിരുന്നു. 

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിൻ്റെ മകൻ നകുൽ നാഥ് മധ്യപ്രദേശിലെ ചിന്ദ്വാരയിൽ നിന്നാണ് മത്സരിക്കുന്നത്. സീറ്റിൽ നിന്നുള്ള സിറ്റിംഗ് എംപിയാണ് അദ്ദേഹം. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിൻ്റെ മകനാണ് വൈഭവ് ഗെലോട്ട്. രാജസ്ഥാനിലെ ജലോറിൽ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്.

അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ മകൻ ഗൗരവ് ഗൊഗോയി ജോർഹട്ടിൽ നിന്ന് ജനവിധി തേടും. കാലിയബോർ മണ്ഡലത്തിൽ നിന്നുള്ള സിറ്റിംഗ് എംപിയാണ് ഗൊഗോയ്. കോൺഗ്രസിൻ്റെ രണ്ടാം പട്ടികയിൽ അസമിൽ നിന്ന് 12, ഗുജറാത്തിൽ നിന്ന് 7, മധ്യപ്രദേശിൽ നിന്ന് 10, രാജസ്ഥാനിൽ നിന്ന് 10, ദാമൻ ആൻഡ് ദിയുവിൽ നിന്ന് 1 സ്ഥാനാർത്ഥികളാണുള്ളത്.

 അസം- 12, ഗുജറാത്ത് - 7, മധ്യപ്രദേശ് - 10 രാജസ്ഥാൻ - 10 , ഉത്തരാഖണ്ഡ് - 4 എണ്ണം എന്നീ സംസ്ഥാനങ്ങളിലെ പട്ടികയാണ് പ്രഖ്യാപിച്ചത്. പട്ടികയിൽ 10 പേർ ജനറൽ വിഭാഗത്തിലും 13 പേർ ഒബിസിയിലും 10 എസ്സി, 9 എസ്ടി, ഒരാൾ മുസ്ലീം വിഭാഗത്തിലുമാണെന്ന് കോൺഗ്രസ്  ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു.

READ ON APP