Hero Image

ഇടുക്കി-ചെറുതോണി അണക്കെട്ടുകളുടെ ദൃശ്യഭംഗിയും കാനനക്കാഴ്ചകളും കാണാം ; ബോട്ടുസവാരിയുമായി വനം വകുപ്പ്


ഇടുക്കി-ചെറുതോണി അണക്കെട്ടുകളുടെ ദൃശ്യഭംഗിയും കാനനക്കാഴ്ചകളും ആസ്വദിച്ച് വിനോദസഞ്ചാരികള്ക്ക് ബോട്ടുസവാരി നടത്താന് അവസരമൊരുക്കി വനം വകുപ്പ്. ഇടുക്കി തട്ടേക്കാട് ഫോറസ്റ്റ് ഡിവലപ്മെന്റ് ഏജന്സിയുടെ കീഴിലാണ് ഇടുക്കി വൈല്ഡ് ലൈഫ് സാങ്ച്വറിയില് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. രാവിലെ ഒന്പതിനാരംഭിച്ച് വൈകീട്ട് അഞ്ചിന് അവസാനിക്കുന്ന തരത്തിലാണ് ബോട്ടുസവാരി .

മുതിര്ന്നവര്ക്ക് 145 രൂപയും 12 വയസ്സിന് താഴെയുള്ള കുട്ടികള്ക്ക് 85 രൂപയുമാണ് ഫീസ്. അരമണിക്കൂറാണ് യാത്രാസമയം. വെള്ളാപ്പാറ ബോട്ടുജെട്ടിയില് നിന്നാരംഭിക്കുന്ന യാത്രയില് ഇടുക്കി-ചെറുതോണി അണക്കെട്ടുകളുടേയും, വൈശാലി ഗുഹയുടെയും കാഴ്ചകളാണ് പ്രധാനം. ഇടുക്കി പദ്ധതിയുടെ തുടക്കം മുതലുള്ള ചരിത്രം സഞ്ചാരികള്ക്ക് വിവരിച്ചു കൊടുക്കാന് ഗൈഡും ഉണ്ടാകും.

വന്യജീവികളെയും യാത്രയ്ക്കിടയില് കാണാം. പതിനെട്ടുപേര്ക്ക് യാത്രചെയ്യാന് കഴിയുന്ന ഒരു ബോട്ടാണ് നിലവിലുള്ളത്. ഇടുക്കി പാക്കേജില് ഉള്പ്പെടുത്തി അനുവദിച്ച 10-ഉം, 18-ഉം ഇരിപ്പിടങ്ങളുള്ള രണ്ട് ബോട്ടുകള് ഉടന് ലഭ്യമാകുമെന്ന് ഇടുക്കി വൈല്ഡ് ലൈഫ് വാര്ഡന് ജി.ജയചന്ദ്രന്, അസിസ്റ്റന്റ് വാര്ഡന് പ്രസാദ് കുമാര് ബി. എന്നിവര് പറഞ്ഞു.

ഗോത്രജനതയുടെ ക്ഷേമത്തിനാണ് ഇതില്നിന്ന് ലഭിക്കുന്ന വരുമാനം വിനിയോഗിക്കുന്നത്. ജീവനക്കാരും  ഗോത്രവിഭാഗത്തില് നിന്നുള്ളവരാണ്. ബോട്ടുസവാരിക്കായി മുന്കൂര് ബുക്കുചെയ്യുന്നതിന് 8547603187, 9188796957 എന്നീ നമ്പരുകളില് ബന്ധപ്പെടാം.

READ ON APP