Hero Image

തൃച്ചംബരം ഉത്സവം; നാട് വലം വച്ച് ശ്രീകൃഷ്ണനും ബലരാമനും : ഇന്ന് ആറാട്ട് , നാളെ കൃഷ്ണ ബലരാമന്മാർ കൂട്ട് പിരിയും


തളിപ്പറമ്പ:  രണ്ടാഴ്ച്ച ദൈർഘ്യമുള്ള പ്രസിദ്ധമായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം ഉത്സവത്തിന് നാളെ പരിസമാപ്തി.  രണ്ടാഴ്ച്ച മുമ്പ് ഒത്ത് കൂടിയ കൃഷ്ണ ബലരാമന്മാർ ബുധനാഴ്ച വൈകുന്നേരം നടക്കുന്ന ഭക്തിയും വൈകാരികതയും നിറഞ്ഞ അന്തരീക്ഷത്തിൽ കൂടി പിരിയും 
    
14 ദിവസത്തെ ഉത്സവത്തിൽ 11 ദിവസം പൂക്കോത്ത് നടയിൽ നടക്കുന്ന ബാലലീലകൾക്ക് തിങ്കളാഴ്ച്ച വെളുപ്പിന് സമാപനമായി.

ഉത്സവത്തിന്റെ ഒരു പ്രധാന ചടങ്ങായ നാട് വലം വെക്കൽ  തിങ്കളാഴ്ച്ച രാത്രി നടന്നു. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ശ്രീകോവിലിലിൽ നിന്ന് പുറത്തെഴുന്നള്ളിയ ശ്രീകൃഷ്ണ ബലരാമന്മാർ ക്ഷേത്രത്തിന് ചുറ്റുമുള്ള പതിവ് ശ്രീഭൂതബലിക്ക് ശേഷം രാത്രി എട്ടര മണിയോടെ നാട് വലം വെക്കാൻ  പുറപ്പെട്ടു. 

കിഴക്കെ നട കയറി അവിടെയുള്ള കൊടിമരച്ചുവട്ടിൽ തന്ത്രി ഹവിസ് തൂകി. തൃച്ചംബരം യുപി സ്ക്കൂളിന് സമീപമുള്ള ബാജ്പേയപുരം ക്ഷേത്രത്തിന് മുന്നിൽ റോഡരികിൽ ഹവിസ് തൂകി മുന്നോട്ട് പ്രയാണം തുടർന്നു. റോഡരികിലെ കുഞ്ഞരയാലിൽ ചുവട്ടിലും ഹവിസ് തൂകി. ദേശീയ പാതാ ജങ്ഷനിലുള്ള ആലിൻ ചുവട്ടിൽ ഹവിസ് തൂകിയതിന് ശേഷം റോഡരികിൽ നിരത്തിയ നൂറ് കണക്കിന് ഇല കഷണത്തിൽ ഹവിസ് പ്രസാദമായി വിളമ്പി. 

പണ്ട്കാലത്ത് ഉത്സവത്തോടനുബന്ധിച്ച് അടിച്ച് തളിക്കുന്നവർക്ക് അവകാശപ്പെട്ടതായിരുന്നു ഈ ഹവിസ്. എന്നാൽ ഇപ്പോൾ നിരവധി പേരാണ് ജ്യേഷ്ഠാനുജന്മാരുടെ പ്രസാദത്തിനായി കാലേകൂട്ടി ഇല വിരിച്ച് കാത്ത് നില്ക്കുന്നത്. അവിടെ നിന്നും പൂക്കോത്ത് നടയിലേക്ക് പോകുന്ന ശ്രീകൃഷ്ണ ബലരാമന്മാരുടെ  സാന്നിദ്ധ്യത്തിൽ പൂക്കോത്ത്നട ആരംഭിക്കുന്ന ഭാഗത്ത് കിഴക്കോട്ട് തിരിഞ്ഞ് ഹവിസ് അർപ്പിച്ചു. 

ആ ഭാഗത്ത് പണ്ടൊരു നാഗസ്ഥാനം ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. തുടർന്ന് പൂക്കോത്ത് നടയിൽ ഉയർത്തിയ കൊടിമരച്ചുവട്ടിലും ഹവിസ് തൂകുന്നു. കൈവട്ടയിൽ മാത്രം ഹവിസ് എടുത്ത് ബാക്കി ഹവിസും വട്ടിളവും പൂക്കോത്ത് നടയിലെ കൊടിമരത്തിന് സമീപം വച്ച് പോകുന്നു. 

പാത്രത്തിലുളള ഹവിസിൽ നിന്ന് പ്രസാദമായി ഒരു വറ്റെങ്കിലും കിട്ടാൻ ആൾക്കാർ കാണിക്കുന്ന താല്പര്യം കാണേണ്ട കാഴ്ച്ച തന്നെയാണ്. പണ്ട് കാലത്ത് പൂക്കോത്ത് നടയിൽ തട്ട് വിളക്ക് കത്തിക്കുന്നവർക്ക് അവകാശപ്പെട്ടതായിരുന്നു പാത്രത്തിൽ ബാക്കി വെക്കുന്ന ഹവിസ്. 

ശേഷം ക്ഷേത്രം റോഡിലൂടെ കുറച്ച് മുന്നോട്ട് നീങ്ങി ക്ലാസിക് തിയേറ്ററിന് മുന്നിലൂടെ കൂടിപ്പിരിയൽ നാളിൽ പാലെഴുന്നള്ളിച്ച് വെക്കുന്ന ആലിനടുത്ത് എത്തി അവിടെയും ഹവിസ് അർപ്പിച്ചു. തുടർന്ന്ചിന്മയ  റോഡ് വഴി കോളേജ് റോഡിലൂടെ പാലകുളങ്ങര അയ്യപ്പ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. 

പാലകുളങ്ങര അയ്യപ്പ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ബലരാമന്മാരെ  ഇരുത്തി പൂജ നടത്തി. ശേഷം ക്ഷേത്രത്തിൽ നിന്ന് നേരെ കിഴക്കോട്ട് പുറപ്പെട്ട് ഭ്രാന്തൻ കുന്നിൽ എത്തി തളിപ്പറമ്പ് - മുയ്യം റോഡിലൂടെ ക്ഷേത്രത്തിലേക്ക് മടങ്ങി. തൃച്ചംബരം ക്ഷേത്രത്തിന്റെ കിഴക്കെ നട ഇറങ്ങി ജ്യേഷ്ഠാനുജന്മാർ രാത്രി 11 മണിയോടെ ശ്രീകോവിലിൽ പ്രവേശിച്ചു. 
    
ദേശത്തിന്റെ ഉത്സവമായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഒരു പ്രധാന ചടങ്ങാണ് ഇന്നലെ നടന്നത്. ക്ഷേത്ര പന്ഥാവിലെ ഉപദേവതമാരേയും പ്രാദേശിക ഗണങ്ങളേയും പ്രീതിപ്പെടുത്തുന്നതിനായാണ് നാട് വലം  വെക്കുന്നത്. 

മറ്റ് ക്ഷേത്രങ്ങളിൽ ഉത്സവത്തോടനുബന്ധിച്ച് ചെറിയ ദൂരപരിധിക്കുള്ളിൽ പള്ളിവേട്ട എന്നൊരു ചടങ്ങ് നടക്കാറുണ്ട്. അതിന് സമാനമായാണ് തൃച്ചംബരത്ത് നാട് വലംവെക്കൽ നടക്കുന്നതെങ്കിലും ഇതിന്റെ ദൈർഘ്യം കിലോമീറ്ററുകൾ ആണ്. ക്ഷേത്രം തന്ത്രി കാമ്പ്രത്തില്ലത്ത് രാജേഷ് നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് നാട് വലംവെക്കൽ നടന്നത്.
    
ഇന്ന് വൈകന്നേരം 4 മണിക്ക് ശേഷം ക്ഷേത്രച്ചിറയിൽ ശ്രീകൃഷ്ണ ബലരാമന്മാരുടെ ആറാട്ട് നടക്കും. ആറാട്ട് കാണാൻ നിരവധി പേരാണ് എത്തിച്ചേരുക. ആറാട്ടിന് എത്തുന്ന ജ്യേഷ്ഠാനുജന്മാർക്ക്  ചിറയോട് ചേർന്ന നീർക്കോട്ടിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വച്ച് നിവേദ്യം നടത്തും. 

തൃച്ചംബരം ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളുന്ന ശ്രീകൃഷ്ണ ബലരാമന്മാർ ക്ഷേത്ര തിരുമുറ്റത്തെ പൊൻചെമ്പക ചുവട്ടിൽ വിശ്രമിച്ച ശേഷമാണ് ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുക. 20 ന് വൈകുന്നേരം നടക്കുന്ന ഭക്തി സാന്ദ്രവും വൈകാരികവുമായ കൂടിപ്പിരിയൽ ചടങ്ങോടെ ഈവർഷത്തെ ഉത്സവത്തിന് കൊടിയിറങ്ങും.

READ ON APP