Hero Image

വായ്പയുടെ ഇഎംഐ മുടങ്ങിയോ? ബാങ്കിന്റെ ജപ്തി ഒഴിവാക്കാൻ മാർഗമുണ്ടോ? കടക്കാരൻ എന്തുചെയ്യണം

ഒരു നിശ്ചിത കാലയളവിൽ മുൻകൂറായി തീരുമാനിക്കപ്പെട്ട പ്രതിമാസ തിരിച്ചടവ് ഗഡു (ഇഎംഐ), വായ്പ നൽകിയ ബാങ്കിലേക്കോ ധനകാര്യ സ്ഥാപനത്തിലേക്കോ അടയ്ക്കുന്നതിൽ പരാജയപ്പെടുന്ന വേളയിലാണ് ഒരു ഭവന വായ്പ, കുടിശിക (ലോൺ ഡിഫോൾട്ട്) എന്ന നിലയിലേക്ക് മാറുന്നത്. അതേസമയം ഒന്നോ രണ്ടോ മാസത്തവണ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാലും പിന്നീട് കുടിശിക വരുത്തിയ ഇഎംഐയും അതിനുള്ള പിഴത്തുകയും അടച്ചുതീർക്കുകയും തുടർന്ന് കൃത്യസമയത്ത് തന്നെ ഇഎംഐ അടയ്ക്കുന്നതിൽ ശ്രദ്ധ പുലർത്തുകയും ചെയ്താൽ സാധാരണ ഗതിയിൽ കുഴപ്പൊന്നും നേരിടാറില്ല.
എന്നാൽ തുടർച്ചയായി മൂന്ന് പ്രതിമാസ ഇഎംഐ അടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ, ഉപഭോക്താവിന്റെ വായ്പയെ നിഷ്ക്രിയ ആസ്തിയായി (എൻപിഎ) ധനകാര്യ സ്ഥാപനം കണക്കാക്കും. ഇങ്ങനെ ഇഎംഐ മുടങ്ങുന്ന വേളയിൽ തന്നെ ഉപഭോക്താക്കളെ ബന്ധപ്പെടാനും കുടിശികയായാലുള്ള ഭവിഷ്യത്തുകളെ കുറിച്ച് വിശദീകരിക്കാനും ബാങ്കുകൾ ശ്രമിക്കാറുണ്ട്. കുടിശികയുടെ തിരിച്ചടികൾ എന്തൊക്കെ?ഒരു ഭവന വായ്പ കുടിശികയായാൽ നിരവധി തിരിച്ചടികളാണ് ഉപഭോക്താവിനെ കാത്തിരിക്കുന്നത്. ഇതിൽ ഏറ്റവുമാദ്യം നേരിടുന്ന തിരിച്ചടി ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്കോറിൽ ഉണ്ടാകുന്ന ഇടിവാണ്.
കൃത്യമായ രീതിയിൽ വായ്പ തിരിച്ചടയ്ക്കുന്നതിൽ ശ്രദ്ധിക്കുന്നില്ലെങ്കിൽ, ഭാവിയിൽ പുതിയൊരു വായ്പ ലഭിക്കുന്നതിനു ബുദ്ധിമുട്ട് നേരിടാം എന്നതാണ് ദീർഘകാലയളവിലേക്കുള്ള പ്രത്യാഘാതം. അതുപോലെ തിരിച്ചടവ് 90 ദിവസത്തിലധികം മുടങ്ങിയാൽ ഉപഭോക്താവിന്റെ വായ്പയെ നിഷ്ക്രിയ ആസ്തി വിഭാഗത്തിലേക്ക് മാറ്റും. ഇതോടെ ജപ്തി ഉൾപ്പെടെയുള്ള റിക്കവറി നടപടികളിലേക്ക് ധനകാര്യ സ്ഥാപനത്തിന് കടക്കാനാകും. 2002-ലെ സർഫാസി നിയമ (SARFAESI Act) പ്രകാരം കുടിശിക വരുത്തിയ വായ്പ തിരിച്ചുപിടിക്കുന്നതിനായി ബാങ്കിനും ധനകാര്യ സ്ഥാപനങ്ങൾക്കും ഈടായി വെച്ചിട്ടുള്ള വസ്തുവകകൾ ലേലം നടത്താൻ അധികാരം നൽകുന്നു.
എന്നിരുന്നാലും വായ്പ തിരിച്ചുപിടിക്കാനുള്ള അവസാനത്തെ ശ്രമമായി മാത്രമാണ് പ്രോപ്പർട്ടിയുടെ പിടിച്ചെടുക്കലും ലേലത്തിലേക്കും ഒക്കെ ധനകാര്യ സ്ഥാപനങ്ങൾ നീങ്ങുകയുള്ളു. അതിന് മുൻപ് ഭവന വായ്പ എടുത്ത ഉപഭോക്താവിന് നോട്ടീസ് അയച്ചും അല്ലാതെയും ബന്ധപ്പെടാൻ ശ്രമിക്കുകയും തിരിച്ചടവ് മുടങ്ങാനുള്ള കാരണം തേടാനും ശ്രമിക്കും. ഇതിനിടയിൽ പിഴ അടയ്ക്കാനും ഇഎംഐ കുടിശിക തീർക്കാനും അവസരം നൽകാറുണ്ട്. ചെക്ക് ബൗൺസ് ആയിട്ടുണ്ടെങ്കിൽ നിയമ നടപടികൾ നേരിടേണ്ടി വരികയും ചെയ്യും.
വായ്പ എടുത്തവരുടെ അവകാശങ്ങൾപ്രതികൂല സാഹചര്യത്തിൽ വായ്പ മുടങ്ങിയവർക്കും ചില അവകാശങ്ങളും സംരക്ഷണങ്ങളും ലഭ്യമാണ്. ഇതിനായുള്ള വ്യക്തമായ മാർഗനിർദേശങ്ങൾ റിസർവ് ബാങ്ക് (ആ‌ർബിഐ) പുറത്തിറക്കിയിട്ടുണ്ട്. ഇതു പാലിക്കാൻ രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും ബാധ്യതയുണ്ട്. ഇതിൽ ഒന്നാമത്തേത്, കുടിശിക വരുത്തിയ ഉപഭോക്താവിന് നോട്ടീസ് അയക്കുന്നതാണ്. ഇതിൽ വായ്പ തിരിച്ചുപിടിക്കാനുള്ള നടപടികൾ ആരംഭിക്കുന്നതിന് മുൻപേ, കുടിശിക തീർക്കുന്നതിനായി 60 ദിവസത്തെ സാവകാശം ഉപഭോക്താവിന് അനുവദിക്കേണ്ടതുണ്ട്.ഇതിനുള്ളിൽ കുടിശിക തീർക്കാൻ ഉപഭോക്താവിന് കഴിയുന്നില്ലെങ്കിൽ മാത്രമേ, ജാമ്യം നൽകിയ പ്രോപ്പർട്ടിയുടെ ലേല നടപടികൾ ധനകാര്യ സ്ഥാപനങ്ങളുടെ ഭാഗത്തു നിന്നും ആരംഭിക്കാവൂ എന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.
ലേലത്തിന് മുൻപ്, അംഗീകൃത വാല്യുവറുടെ മേൽനോട്ടത്തിൽ പ്രോപ്പർട്ടിയുടെ മൂല്യ നിർണയം നടത്തണം. ധനകാര്യ സ്ഥാപനങ്ങൾ ഏകപക്ഷീയമായി വില നിശ്ചയിക്കരുത്. മൂല്യ നിർണയം മാന്യമായ രീതിയിൽ നടത്തണം. പ്രോപ്പർട്ടിക്ക് വിലയിട്ടത് കുറവാണെന്ന് തോന്നിയാൽ മേലധികാരികളെ പരാതി അറിയിക്കാൻ ഉപഭോക്താവിന് അവകാശമുണ്ട്. ലേലത്തിൽ നിന്നും വായ്പ കുടിശികയേക്കാളും അധിക തുക ലഭിച്ചാൽ, അത് ഉപഭോക്താവിന് കൈമാറേണ്ടതാണ്.രണ്ടാമതായി, വായ്പ തിരിച്ചുപിടിക്കാനുള്ള നടപടികൾ മാന്യമായ രീതിയിൽ പൂർത്തിയാക്കണം എന്ന് ആർബിഐ നിഷ്കർഷിച്ചിട്ടുണ്ട്.
കുടിശിക വരുത്തിയെന്നതിന്റെ പേരിൽ ഉപഭോക്താവിനെ നിരന്തരമായി ബുദ്ധിമുട്ടിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യരുത്. അസമയത്ത് വിളിക്കുക, റിക്കവറി ഏജന്റുമാരെ വീട്ടിലേക്ക് അയച്ച് ഭീഷണിപ്പെടുത്തുക തുടങ്ങിയ നടപടികളൊക്കെ ധനകാര്യ സ്ഥാപനങ്ങ ഒഴിവാക്കണം. റിക്കവറി നടപടികൾക്കായി ഒരു നിയുക്ത സ്ഥലത്തേക്ക് ഉപഭോക്താവിനെ വിളിച്ചശേഷം സഹകരിക്കുന്നില്ലെങ്കിൽ മാത്രമേ ഏജന്റുമാരെ ഉപഭോക്താവിന്റെ വീട്ടിലേക്ക് അയക്കാവൂ എന്നും ആർബിഐ നിഷ്കർഷിച്ചിട്ടുണ്ട്.

READ ON APP