Hero Image

521 രൂപയുടെ ഈ മലയാളി ഓഹരി 118 രൂപ വീതം ഡിവിഡന്റ് നൽകുന്നു; നിക്ഷേപകർക്ക് കോളടിച്ചു

ഇന്ത്യയിലെ മുൻനിര ആശുപത്രി ശൃംഖലയാണ്, മലയാളി പ്രവാസി സംരംഭകനായ ഡോ. ആസാദ് മൂപ്പൻ നേതൃത്വം നൽകുന്ന ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ലിമിറ്റഡ് ( BSE : 540975, NSE : ASTERDM). കേരളത്തിൽ കൊച്ചിയിലും കോഴിക്കോടും വയനാടും കോട്ടയ്ക്കലും കണ്ണൂരും വൻകിട ആശുപത്രികൽ ഉള്ള ആസ്റ്റർ ഗ്രൂപ്പ് പുതിയതായി രണ്ട് ആശുപത്രികൾ കൂടി സംസ്ഥാനത്ത് ആരംഭിക്കുന്നുണ്ട്.
ഇതിനിടെ നിക്ഷേപകർക്ക് വമ്പൻ ലാഭവിഹിതം നൽകുന്ന ന‌‌ടപടികളുമായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ മുന്നോട്ട് പോകുകയാണ്. ഡിവിഡന്റ് 118 രൂപ വീതംഓഹരി ഉടമകൾക്ക് സ്പെഷ്യൽ ഡിവിഡ‍ന്റ് കൈമാറുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. നൽകുന്ന തുക സംബന്ധിച്ച തീരുമാനമാണ് ഏപ്രിൽ പകുതിയോടെ വന്നത്. ഇതുപ്രകാരം ഒരു ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഓഹരിക്ക് 118 രൂപ വീതം സ്പെഷ്യൽ ഡിവിഡന്റ് ഇനത്തിൽ ലഭിക്കുന്നതായിരിക്കും. ഇതിനുള്ള അർഹരായ നിക്ഷേപകരെ കണ്ടെത്തുന്നതിനായുള്ള എക്സ്-ഡിവിഡന്റ് തീയതി ഏപ്രിൽ 23-ന് നിശ്ചയിച്ചു. ഒരു മാസത്തിനകം നിക്ഷേപകർക്ക് ഡിവിഡന്റ് തുക കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്. എന്തുകൊണ്ട് സ്പെഷ്യൽ ഡിവിഡന്റ്?
ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ഗൾഫ് ബിസിനസ് വിഭാഗത്തിന്റെ വിൽപനയിലൂടെ ലഭിച്ച തുകയുടെ ഗണ്യമായ ഒരു ഭാഗമാണ് കമ്പനിയുടെ ഓഹരി ഉടമകൾക്ക് ഇപ്പോൾ സ്പെഷ്യൽ ഡിവിഡ‍ന്റ് ഇനത്തിൽ കൈമാറുന്നത്. കഴിഞ്ഞ മാസത്തോടെ ബിസിനസ് കൈമാറ്റ ഇടപാടുകൾ പൂർത്തിയായിരുന്നു. അതേസമയം ഇന്ത്യയിലെ ആശുപത്രി ശൃംഖലയുടെ വികസനത്തിനുള്ള മൂലധനവും കമ്പനിയുടെ കരുതൽ ധനശേഖരത്തിലേക്കും ആവശ്യമായ തുക മാറ്റിവെച്ച ശേഷമാണ് ഡിവിഡന്റ് നൽകുന്നതെന്നും കമ്പനി നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. ഓഹരി വിശദാംശം
ഇക്കഴിഞ്ഞ വെള്ളിയാഴ്ച 521 രൂപയിലായിരുന്നു ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരു വർഷ കാലയളവിൽ 104 ശതമാനവും ഒരു മാസത്തിനിടെ 22 ശതമാനം വീതവും ഓഹരിയിൽ നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 26,000 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. അതേസമയം ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ 41.88 ശതമാനം ഓഹരികൾ പ്രമോട്ടർ ഗ്രൂപ്പും (മൂപ്പൻ കുടുംബം) 33.48 ശതമാനം ഓഹരികൾ വിദേശ നിക്ഷേപകരും (എഫ്ഐഐ) 13.7 ശതമാനം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും (ഡിഐഐ) കൈവശം വെച്ചിരിക്കുന്നു. ( Disclaimer: മേൽസൂചിപ്പിച്ച വിവരം പഠനാവശ്യാർഥം പങ്കുവെച്ചതാണ്. ഇതു നിക്ഷേപത്തിനായുള്ള ശുപാർശയല്ല. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി നിക്ഷേപത്തിന് മുൻപ്, സെബി അംഗീകൃത മാർക്കറ്റ് അനലിസ്റ്റുകളിൽ നിന്നും നിങ്ങൾക്ക് മാർഗനിർദേശം തേടാവുന്നതാണ്
.)

READ ON APP