Hero Image

ഹോർമിപാമിന്റെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കിടിലൻ തീരുമാനമെടുത്തു; മികച്ച ഓഫർ വന്നപ്പോൾ മഞ്ഞപ്പട ചെയ്തത് ഇങ്ങനെ

2023 - 2024 ഇന്ത്യൻ സൂപ്പർ ലീഗ് ( Indian Super League ) ഫുട്ബോൾ പ്ലേ ഓഫ് എലിമിനേഷൻ ബെർത്ത് ഉറപ്പിക്കാൻ രണ്ട് പോയിന്റ് കൂടി വേണ്ട കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ( Kerala Blasters FC ) അതിനായുള്ള കഠിനാധ്വാനത്തിലാണ് ഇപ്പോൾ. 2023 കലണ്ടർ വർഷത്തിൽ ഐ എസ് എൽ പോയിന്റ് ടേബിളിന്റെ തലപ്പത്ത് ഫിനിഷ് ചെയ്ത കേരള ബ്ലാസ്റ്റേഴ്സ്, 2024 കലണ്ടർ വർഷത്തിൽ കളിച്ച ആറ് മത്സരങ്ങളിൽ അഞ്ചിലും തോൽവി അനുഭവിച്ചു.
അതോടെ പോയിൻറ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ടീം പതിച്ചു. പ്ലേ ഓഫ് എലിമിനേറ്ററിൽ പ്രവേശിക്കാൻ രണ്ട് പോയിൻറ് കൂടി വേണം എന്ന നിലയിലാണ് ക്ലബ് ഇപ്പോൾ. ഇതിനിടെ 2023 - 2024 പ്രീ സീസൺ ട്രാൻസ്ഫറിനെക്കുറിച്ചുള്ള ചില വാർത്തകൾ പുറത്തു വന്നു. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സെന്റർ ബാക്ക് താരമായ റൂയിവ ഹോർമിപാമിന്റെ ട്രാൻസ്ഫർ സംബന്ധിച്ച വിവരമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 2023 - 2024 പ്രീ സീസൺ ട്രാൻസ്ഫറിലൂടെ റൂയിവ ഹോർമിപാമിനെ (Ruivah Hrmipam) മോഹൻ ബഗാൻ സൂപ്പർ ജയന്റ് ക്ലബ്ബിനു കൈമാറാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ശ്രമം നടത്തിയിരുന്നു.
പകരം പ്രീതം കോട്ടാലിനെ സ്വന്തമാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, ആ നീക്കം ഫലം കണ്ടില്ല. ഇതോടെ റൂയിവ ഹോർമിപാമിനായി ബംഗളൂരു എഫ് സി രംഗത്ത് എത്തി. എന്നാൽ, ബംഗളൂരു എഫ് സിക്ക് ഹോർമിപാമിനെ സ്വന്തമാക്കാൻ സാധിച്ചില്ല. യുവ താരത്തെ കൊച്ചിയിൽ നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തീരുമാനിക്കുകയായിരുന്നു. മാത്രമല്ല, സഹൽ അബ്ദുൾ സമദിനെ കൈമാറിയശേഷം മോഹൻ ബഗാൻ സൂപ്പർ ജയന്റ് ക്ലബ്ബിൽ നിന്ന് പ്രീതം കോട്ടാലിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുകയും ചെയ്തു. അതോടെയാണ് റൂയിവ ഹോർമിപാം കേരള ബ്ലാസ്റ്റേഴ്സിൽ തുടരാനുള്ള തീരുമാനമായത്.
23 കാരനായ സെന്റർ ബാക്ക് താരവുമായി 2027 മേയ് 31 വരെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് കരാർ ഉണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ 52 മത്സരങ്ങളിൽ റൂയിവ ഹോർമിപാം ഇറങ്ങി. ഇന്ത്യൻ ആരോസ് എഫ് സി, പഞ്ചാബ് എഫ് സി ടീമുകൾക്കായും ഹോർമിപാം പന്ത് തട്ടിയിട്ടുണ്ട്. മണിപ്പുർ സ്വദേശിയായ ഈ താരം ഇന്ത്യൻ ജഴ്സിയിൽ ഒരു മത്സരം മാത്രമാണ് ഇതുവരെ കളിച്ചത്.2023 - 2024 സീസണിൽ മഞ്ഞപ്പടയ്ക്കു വേണ്ടി ഹോർമിപാം 10 മത്സരങ്ങളിൽ ഇറങ്ങി.അതേ സമയം 2023 - 2024 സീസണിൽ മാർച്ച് 30 ന് ജംഷഡ്പുർ എഫ് സിക്ക് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫി സിയുടെ അടുത്ത മത്സരം.
ഈ സീസണിൽ ലീഗിൽ നാല് മത്സരങ്ങളാണ് ടീമിന് ശേഷിക്കുന്നത്. ഇതിൽ ഒരു കളി മാത്രമാണ് ഹോം ഗ്രൗണ്ടിൽ. സെർബിയൻ മുഖ്യ പരിശീലകനായ ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മുഖ്യ പരിശീലകൻ ആയെത്തിയ ശേഷം കൊച്ചി ടീമിന്റെ സ്റ്റാർട്ടിംഗ് ഇലവനിൽ റൂയിവ ഹോർമിപാമിന് സ്വന്തമായ ഇരിപ്പിടം ലഭിച്ചു എന്നതും ശ്രദ്ധേയം. 2021 ൽ പഞ്ചാബ് എഫ് സി യിൽ നിന്നാണ് താരം കൊച്ചി ക്ലബ്ബിലേക്ക് എത്തിയത്.

READ ON APP