Hero Image

മൂന്ന് ബൗളര്മാര്ക്കെതിരെ ബാറ്റ് ചെയ്യാന് ഇഷ്ടം; മനസ് തുറന്ന് വിരാട് കോഹ്ലി

ഐപിഎല്‍ 2024 സീസണില്‍ ഉജ്വല ഫോമിലാണ് ബാറ്റിങ് സൂപ്പര്‍ സ്റ്റാര്‍ വിരാട് കോഹ്‌ലി. ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിനായി എട്ട് മല്‍സരങ്ങളില്‍ 35കാരനായ വലങ്കയ്യന്‍ ബാറ്റുവീശി. ഇത്രയും മല്‍സരങ്ങളില്‍ നിന്നായി 379 റണ്‍സെടുത്ത് ടോപ് സ്‌കോറര്‍ സ്ഥാനത്താണ് വിരാട് കോഹ്‌ലി. ഐപിഎല്ലിലെ ഓറഞ്ച് ക്യാപ് നേടാനുള്ള പോരാട്ടത്തില്‍ വിരാട് കോഹ്‌ലി മുന്‍പന്തിയിലുണ്ടെങ്കിലും ടീം പോയിന്റ് നിലയില്‍ ഏറ്റവും പിന്നിലാണ്.
അടുത്ത ഘട്ടത്തിലേക്ക് കടക്കാനാവാതെ ബെംഗളൂരു പുറത്തേക്ക് പോവുകയാണ്. എട്ട് കളികളില്‍ നിന്ന് ഒരു ജയം മാത്രമുള്ള അവര്‍ക്ക് രണ്ട് പോയിന്റ് മാത്രമാണുള്ളത്. ഇനിയുള്ള എല്ലാ മല്‍സരങ്ങളിലും ജയിച്ചാല്‍ പോലും പ്ലേ ഓഫ് യോഗ്യത നേടാന്‍ 10ാം സ്ഥാനത്തുള്ള ബെംഗളൂരുവിന് കഴിഞ്ഞെന്നു വരില്ല.വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ ബാറ്റിങും ബെംഗളൂരുവിന്റെ രക്ഷയ്ക്ക് എത്തിയില്ല. ആര്‍സിബി ടീമംഗങ്ങളായ ഗ്ലെന്‍ മാക്‌സ്‌വെല്‍, ഫാഫ് ഡു പ്ലെസിസ് എന്നിവര്‍ക്കൊപ്പം നടത്തിയ ചാറ്റ് ഷോയിലാണ് വിരാട് കോഹ്‌ലി മനസ് തുറന്നത്.
മൂന്ന് ബൗളര്‍മാര്‍ക്കെതിരെ ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.ചോദ്യം ചോദിച്ചത് ഗ്ലെന്‍ മാക്‌സ്‌വെല്‍ ആയിരുന്നു. മാക്‌സ്‌വെലിന്റെ പേരിനൊപ്പം മറ്റു രണ്ടു പേരു കൂടി അദ്ദേഹം പറയുകയായിരുന്നു. ഓസ്‌ട്രേലിയന്‍ പേസര്‍ ജെയിംസ് ഫോക്‌നെര്‍, ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളിങിന്റെ കുന്തമുനയായ കാഗിസോ റബാദ എന്നിവരാണ് മറ്റു രണ്ടു പേര്‍.റബാദ ഇത്തവണ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടിയാണ് കളിക്കുന്നത്. ഫോക്‌നെര്‍ 2017ല്‍ ഗുജറാത്തിനു വേണ്ടിയാണ് അവസാനമായി ഐപിഎല്ലില്‍ കളിച്ചത്.
60 കളികളില്‍ നിന്ന് 59 വിക്കറ്റുകളും നേടി. ഗുജറാത്ത് ലയേണ്‍സിനു പുറമേ 33കാരന്‍ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് ഇലവനു വേണ്ടിയും രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയും കളിച്ചിട്ടുണ്ട്.അവസാനം കളിച്ച ആറ് മല്‍സരങ്ങളിലും തോറ്റ ആര്‍സിബി വ്യാഴാഴ്ച (ഏപ്രില്‍ 25) അടുത്ത മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഹൈദരാബാദ് രാജീവ്ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മല്‍സരം. ഏപ്രില്‍ 15ന് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ട്രാവിസ് ഹെഡിന്റെ വെടിക്കെട്ട് ബാറ്റിങ് (41 പന്തില്‍ 102) മികവില്‍ ഹൈദരാബാദ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഇന്നിങ്‌സ് ടോട്ടല്‍ 287 റണ്‍സ് നേടിയിരുന്നു.

READ ON APP