Hero Image

രാജസ്ഥാൻ റോയൽസിന്റെ ആ നീക്കം അബദ്ധമാകാൻ സാധ്യത, സഞ്ജുവിന്റെ ടീമിന്റെ ആരാധകർ വൻ ആശങ്കയിൽ; സംഭവം ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനേഴാം സീസണിൽ (IPL 2024) സ്വപ്ന ഫോമിലാണ് രാജസ്ഥാൻ റോയൽസ് (Rajasthan Royals). സീസണിലെ ആദ്യ എട്ട് മത്സരങ്ങൾ കളിച്ചുകഴിയുമ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാമതുണ്ട് മലയാളി താരം സഞ്ജു സാംസൺ (Sanju Samson) നയിക്കുന്ന ടീം‌. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസിനെ ഒൻപത് വിക്കറ്റിന് നാണം കെടുത്തിയ സഞ്ജുവും ടീമും നിലവിൽ പ്ലേ ഓഫ് യോഗ്യതയ്ക്ക് അരികിലുണ്ട്.
ശേഷിക്കുന്ന ആറ് കളികളിൽ ഒരെണ്ണത്തിൽ വിജയിച്ചാൽ അവർക്ക് പ്ലേ ഓഫ് യോഗ്യത ഏറെക്കുറെ ഉറപ്പാക്കാം‌. നിലവിലെ ഫോമിൽ മുന്നോട്ട് പോവുകയാണെങ്കിൽ രാജസ്ഥാൻ ഇക്കുറി പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരിൽ ഒന്നാകുമെന്ന വിശ്വാസത്തിലാണ് ആരാധകർ. ഇങ്ങനെ സംഭവിച്ചാൽ ഫൈനലിൽ എത്താൻ രണ്ട് അവസരങ്ങൾ അവർക്ക് ലഭിക്കും.

അതേ സമയം ഹോം ഗ്രൗണ്ടിൽ നടന്ന അവസാന കളിയിൽ കിടിലൻ ജയം നേടിയെങ്കിലും ചെറിയൊരു നിരാശ സഞ്ജുവിന്റെ ടീമിനുണ്ട്. ത‌ങ്ങളുടെ കോട്ട കൂടിയായ ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ ഇത്തവണ അവർ ഇനി കളിക്കില്ലെന്നതാണ് അത്. ശേഷിക്കുന്ന ആറ് കളികളിൽ നാലെണ്ണം മാത്രമാണ് എവേ മത്സരങ്ങൾ എന്നിട്ടും ടീം ജയ്പൂരിൽ ഇനി കളിക്കാത്തത് എന്താണെന്ന ന്യായമായ സംശയം ആരാധകർക്കു‌ണ്ട്. ഇത് അബദ്ധമാകുമെന്ന തരത്തിൽ ആരാധകർക്കിടയിൽ അഭിപ്രായങ്ങളും ഉയരുന്നുണ്ട്. എന്താണ് ഇതിന് കാരണം.
ഇനി‌ ജയ്പൂരിൽ കളിക്കില്ല

2008 ലെ പ്രഥമ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗ് മുതൽ രാജസ്ഥാൻ റോയൽസിന്റെ ഹോം ഗ്രൗണ്ടാണ് ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയം. മികച്ച റെക്കോഡാണ് അവർക്ക് ഇവിടെയുള്ളതും. ഈ സീസണിൽ ഓരോ ടീമിനും ഏഴ് ഹോം മത്സരങ്ങളും ഏഴ് എവേ മത്സരങ്ങളുമാണ് ഓരോ ടീമിനും ഉള്ളത്. ഇതിൽ രാജസ്ഥാന്റെ അഞ്ച് ഹോം മത്സരങ്ങളും മൂന്ന് എവേ മത്സരങ്ങളും പൂർത്തിയായി. ഈ അഞ്ച് ഹോം മത്സരങ്ങൾക്കും വേദിയായത് സവായ് മാൻസിങ് സ്റ്റേഡിയം തന്നെ. എന്നാൽ ശേഷിക്കുന്ന രണ്ട് ഹോം മത്സരങ്ങൾ രാജസ്ഥാൻ മറ്റൊരു വേദിയിലാണ് കളിക്കുക.

കഴിഞ്ഞ സീസണിലും ഇത്തരത്തിൽ രണ്ടാം ഹോം ഗ്രൗ‌ണ്ടിൽ രണ്ട് മത്സരങ്ങൾ റോയൽസ് കളിച്ചിരുന്നു. ജയ്പൂരിലെ സാഹചര്യങ്ങൾ ഏറ്റവും നന്നായ് അറിയാവുന്ന രാജസ്ഥാൻ പെട്ടെന്ന് ഹോം ഗ്രൗണ്ടിൽ മാറ്റം വരുത്തുന്നത് അവർക്ക് തന്നെ തിരിച്ചടിയാവാൻ സാധ്യതയുണ്ട്.


​രണ്ടാം ഹോം ഗ്രൗണ്ട്

രാജസ്ഥാൻ റോയൽസിന്റെ രണ്ടാം ഹോം ഗ്രൗണ്ട് അസമിലെ ഗുവാഹത്തിയിലുള്ള ബർസാപര ക്രിക്കറ്റ് സ്റ്റേഡിയമാണ്. ഈ സീസണിലെ ശേഷിക്കുന്ന രണ്ട് ഹോം മത്സരങ്ങളും അവിടെയാകും രാജസ്ഥാൻ കളിക്കുക. അസം താരമായ റിയാൻ പരാഗ് നിലവിൽ രാജസ്ഥാൻ റോയൽസിന്റെ പ്രധാന മുഖങ്ങളിലൊന്നാ‌ണ്. ഇത് അവിടം ഹോം ഗ്രൗണ്ടാക്കാനുള്ള രാജസ്ഥാന്റെ നീക്കത്തിന് പിന്നിലുണ്ട്. നോർത്തീസ്റ്റ് മേഖലയിൽ കൂടുതൽ ആരാധക ബലമുണ്ടാക്കുന്നതും ഗുവാഹത്തിയിൽ കളികൾ നടത്തുന്നതിലൂടെ റോയൽസ് ലക്ഷ്യമിടുന്നു‌‌.ഇതാദ്യമായല്ല ഗുവാഹത്തി രാജസ്ഥാന്റെ ഹോം ഗ്രൗണ്ടാകുന്നത്. 2023 സീസണിലും രാജസ്ഥാ‌‌ൻ റോയൽസിന്റെ ര‌ണ്ട് ഹോം മത്സരങ്ങൾ ഗുവാഹത്തി വേദിയായിരുന്നു. അന്ന് ഒരു കളി രാജസ്ഥാൻ തോറ്റപ്പോൾ ഒന്നിൽ ജയം നേടിയിരു‌ന്നു.


ഗില്ലിന് റെക്കോഡ്​ ​
​ഈ നീക്കം അബദ്ധമാകുമോ​

ഹോം ഗ്രൗണ്ടായ ജയ്പൂരിൽ ഈ സീസണിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ നാലിലും ജയിക്കാൻ രാജസ്ഥാൻ റോയൽസിനായി. തോറ്റ ഏക മത്സരം ഗുജറാത്ത് ടൈറ്റൻസിനെതിരെയായിരുന്നു‌. ഈ കളിയിലാകട്ടെ അവസാന ബോൾ ത്രില്ലറിലാണ് റോയൽസ് വീണത്. ജയ്പൂരിൽ കളിക്കുമ്പോൾ എതിരാളികൾക്കെതിരെ വ്യക്തമായ മുൻതൂക്കം രാജസ്ഥാൻ റോയൽസിനുണ്ട്‌. എന്നാൽ പെട്ടെന്ന് ഹോം ഗ്രൗണ്ട് മാറേണ്ടി വരുമ്പോൾ ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യങ്ങൾ ഏറ്റവും മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ അവർക്ക് കഴിയുമോയെന്ന് സംശയമാണ്. അതുകൊണ്ടു തന്നെ രണ്ട് ഹോം ഗ്രൗണ്ടിൽ കളിക്കുന്ന റോയൽസിന്റെ നീക്കത്തിനെതിരെ ആരാധകരിൽ നിന്ന് തന്നെ വിമർശനങ്ങൾ ഉയരുന്നുണ്ട്.


പുതിയ ഗ്രൗണ്ടിലെ മത്സരങ്ങൾ

രണ്ട് കളികളാണ് ഗുവാഹത്തിയിൽ ഇക്കുറി സഞ്ജുവും ടീമും കളിക്കുക. ഇതിൽ ആദ്യത്തേത് മെയ് 15 ന് പഞ്ചാബ് കിങ്സിനെതിരെയാണ്. ഇവിടുത്തെ രണ്ടാമത്തെയും അവസാനത്തെയും കളിയിൽ മെയ് 19 ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാൻ കളിക്കും.


ആരാധകർക്ക് നന്ദി പറഞ്ഞ് റോയൽസ്​

READ ON APP