Hero Image

എന്തൊരു അടിയായിരുന്നു, 24 കോടി വെള്ളത്തിലായോ? സ്റ്റാർക്കിനെ ഞെട്ടിച്ച ക്ലാസൻ്റെ ബാറ്റിങ്

കൊൽക്കത്ത: 16.5 ഓവറിൽ 145ന് അഞ്ച് നിലയിൽ നിൽക്കെ സൺറൈസേഴ്‌സ് ഹൈദരാബാദ് ആരാധകർ പോലും കരുതിയിട്ടുണ്ടാകില്ല, വരാനിരിക്കുന്നത് അടിയുടെ പൊടിപൂരമെന്ന്. കളി കൈവിട്ടെന്ന് തോന്നിപ്പിച്ച നിമിഷമാണ് ഹെൻറിച്ച് ക്ലാസൻ ഹൈദരാബാദിനെ ജയത്തിൻ്റെ വക്കിലെത്തിച്ചത്. ദക്ഷിണാഫ്രിക്കൻ ബാറ്ററുടെ ബാറ്റിൽ നിന്നും സിക്സുകളും ഫോറുകളും ഗ്രൗണ്ടിൻ്റെ എല്ലാ കോണുകളിലേക്കും എത്തിയതോടെ ജയമുറപ്പിച്ചെന്ന് കരുതിയ കൊൽക്കത്ത ഒന്നുവിറച്ചു.
ഐപിഎൽ പതിനേഴാം സീസണിലെ ആദ്യ ത്രില്ലർ പോരാട്ടമാണ് ഈഡൻ ഗാർഡൻസ് സാക്ഷ്യം വഹിച്ചത്. അവസാന ഓവർവരെ ആകാംക്ഷ നിറഞ്ഞുനിന്ന മത്സരത്തിൽ ഹൈദരാബാദിനെ നാല് റൺസിന് പരാജയപ്പെടുത്താനായെങ്കിലും ക്ലാസൻ്റെ ബാറ്റിങ് വെടിക്കെട്ടിന് മുന്നിൽ കൊൽക്കത്ത വിറച്ചു. 29 പന്തിൽ 63 റൺസ് നേടി ഈഡൻ ഗാർഡൻസിൽ താണ്ഡവമാടിയ ക്ലാസൻ പലതും തെളിയിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കൻ ടീമിലെ സ്ഥിരസാന്നിധ്യമായ ക്ലാസൻ ഏകദിന ലോകകപ്പിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇതിൻ്റെ തുടർച്ചയാണ് ഐപിഎൽ പതിനേഴാം എഡിഷനിലെ തൻ്റെ ആദ്യ മത്സരത്തിൽ ക്ലാസൻ തുടർന്നത്.
209 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ 16.5 ഓവറിൽ 145ന് അഞ്ച് എന്ന നിലയിൽ ഹൈദരാബാദ് തകർച്ച നേരിടുന്നതിനിടെയാണ് ഷഹാസ് അഹമ്മദിനെ കൂട്ടുപിടിച്ച് ക്ലാസൻ തൻ്റെ വെടിക്കെട്ട് ആരംഭിച്ചത്. വരുൺ ചക്രവർത്തിയും 24.75 കോടിയെന്ന റെക്കോഡ് തുകയ്ക്ക് കൊൽക്കത്ത സ്വന്തമാക്കിയ മിച്ചൽ സ്റ്റാർക്കുമാണ് ക്ലാസൻ്റെ ബാറ്റിൻ്റെ ചൂടറിഞ്ഞത്. എട്ട് സിക്സുകളാണ് ക്ലാസൻ്റെ ബാറ്റിൽ നിന്ന് പിറന്നത്. തൻ്റെ ഇന്നിംഗ്സിൽ ഒരു ഫോർ പോലും നേടിയില്ല എന്ന പ്രത്യേകതയുമുണ്ട്. ഹര്‍ഷിത് റാണയെറിഞ്ഞ അവസാന ഓവറില്‍ 13 റണ്‍സാണ് ഹൈദരാബാദിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.
ഓവറിലെ അഞ്ചാം പന്തിൽ റാണയുടെ സ്ലോ ബ്ലോളിൽ ക്ലാസന്‍ ക്യാച്ച് നൽകിയതോടെ ഹൈദരാബാദ് തോൽവി സമ്മതിക്കുകയായിരുന്നു. അവസാന പന്ത് നേരിട്ട കമ്മിന്‍സിന് റൺസ് നേടാനായില്ല. ക്ലാസൻ്റെ ബാറ്റിൻ്റെ ചൂടറിഞ്ഞവരിൽ പ്രമുഖൻ സ്റ്റാർക്കാണ്. നാലോവറിൽ 53 റൺസാണ് സ്റ്റാർക്ക് വഴങ്ങിയത്. വിക്കറ്റൊന്നും ലഭിച്ചതുമില്ല. ആദ്യ രണ്ടോവറിൽ 22 റൺസ് വഴങ്ങിയ സ്റ്റാർക്ക് തൻ്റെ അവസാന രണ്ട് ഓവറുകളിൽ 31 റൺസ് വഴങ്ങി. അവസാന ഓവറിൽ മാത്രം 26 റൺസാണ് വിട്ടുനൽകിയത്. ഐപിഎൽ കരിയറിൽ ആദ്യമായാണ് സ്റ്റാർക്ക് അമ്പത് റൺസിലേറെ വഴങ്ങുന്നത്.

READ ON APP