Hero Image

ഇന്ത്യയിലെ ജനസംഖ്യ എത്രയെന്നറിയാമോ? ചൈനയെ പിന്നിലാക്കി കുതിപ്പ് തുടരുന്നു

ന്യൂഡൽഹി: ഇന്ത്യയിലെ ജനസംഖ്യ ഉയരുകയാണെന്ന് യുണൈറ്റഡ് നാഷൻസ് ഫണ്ട് ഫോർ പോപ്പുലേഷൻ ആക്ടിവിറ്റീസിൻ്റെ (യുഎൻഎഫ്പിഎ) കണക്കുകൾ. ലോകത്തെ ജനസംഖ്യയിൽ ഒന്നാമതുണ്ടായിരുന്ന ചൈനയെ പിന്തള്ളി ഇന്ത്യ അതിവേഗം മുന്നോട്ട് പോകുകയാണെന്ന കണക്കുകളാണ് പുറത്തുവരുന്നത്. യുഎൻഎഫ്പിഎയുടെ 2024 കണക്കുകൾ പ്രകാരം ഇന്ത്യയിലെ ജനസംഖ്യ 144.17 കോടിയും ചൈനയിലെ ജനസംഖ്യ 142.5 കോടിയുമാണ്.
2011ൽ നടത്തിയ സെൻസസ് സമയത്ത് ഇന്ത്യയുടെ ജനസംഖ്യ 121 കോടിയായിരുന്നു. രാജ്യത്തെ 24 ശതമാനമാളുകൾ പതിനാല് വയസ്സുവരെ പ്രായമുള്ളവരും 17 ശതമാനമാളുകൾ 10 വയസ്സ് മുതൽ 19 വയസ്സുവരെ പ്രായമുള്ളവരുമാണ്. 77 വർഷത്തിനുള്ളിൽ ഇന്ത്യയുടെ ജനസംഖ്യ ഇരട്ടിയാകുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പത്തുമുതൽ 24 വരെ പ്രായമുള്ളവർ 26 ശതമാനവും 15 മുതൽ 64വരെ പ്രായമുള്ളവർ 68 ശതമാനവുമാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ ഏഴ് ശതമാനമാളുകൾ 65 വയസും അതിൽ കൂടുതലുമുള്ളവരാണെന്നുമുള്ള പ്രത്യേകതയുമുണ്ട്.
പുരുഷന്മാരുടെ ആയുർദൈർഘ്യം 71 വയസ്സിൽ ഒതുങ്ങുമ്പോൾ സ്ത്രീകളുടേത് 74 വയസ്സാണ്. നിയമനടപടികൾ ശക്തിപ്പെടുത്തിയിട്ടും രാജ്യത്തെ ശൈശവ വിവാഹത്തിൻ്റെ തോതിൽ കാര്യമായ കുറവ് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് അനുസരിച്ച് 2006 മുതൽ 2023 വരെയുള്ള കാലയളവിലെ ശൈശവ വിവാഹത്തിൻ്റെ തോത് 23 ശതമാനമാണ്. പ്രസവത്തോടനുബന്ധിച്ചുള്ള ഇന്ത്യയിലെ മാതൃമരണങ്ങൾ ഗണ്യമായി കുറഞ്ഞു. എട്ട് ശതമാനമാണ് ലോകമെമ്പാടുമുള്ള മാതൃമരണനിരക്ക്. ഇന്ത്യയിലെ 640 ജില്ലകളിൽ മൂന്ന് ജില്ലകളിൽ മാത്രമാണ് പ്രസവത്തോടനുബന്ധിച്ചുള്ള മരണത്തിൻ്റെ അനുപാതം കുറയ്ക്കാനുള്ള ലക്ഷ്യം കൈവരിച്ചത്.
ഒരുലക്ഷം ജനനത്തിന് 70 എന്നതാണ് സുസ്ഥിര വികസനലക്ഷ്യം. 114 ജില്ലകളിൽ ഒരു ലക്ഷത്തിന് 210 ആണ് തോത്. അരുണാചൽ പ്രദേശിലെ തിരപ് ജില്ലയാണ് ഏറ്റവും കൂടുതൽ അനുപാതപ്രശ്നം നേരിടുന്നത്. ഒരുലക്ഷം ജനനത്തിന് 1671 ആണ് ഈ ജില്ലയിലെ തോത്. ലോകത്ത് ഭിന്നശേഷിയുള്ള സ്ത്രീകൾ ഭിന്നശേഷിയില്ലാത്തവരെക്കാൾ പത്തുശതമാനം ലിംഗപരമായ ആക്രമണങ്ങൾ നേരിടുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കാലാവസ്ഥാ വ്യതിയാനം, മാനുഷിക പ്രതിസന്ധികൾ, കുടിയേറ്റം എന്നിവ സ്ത്രീകളെ ബാധിക്കുന്നുണ്ട്.
സ്ത്രീകൾ, പെൺകുട്ടികൾ, കുടിയേറ്റക്കാർ, അഭയാർഥികൾ, വംശീയ ന്യൂനപക്ഷങ്ങൾ, എൽജിബിടി വിഭാഗങ്ങൾ, എച്ച്ഐവി ബാധിതരായ സ്ത്രീകൾ തുടങ്ങിയവർ പലവിധത്തിലുള്ള ലൈംഗിക അതിക്രമങ്ങൾ നേരിടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ദളിത് സ്ത്രീകൾ തൊഴിലിടത്തും വിദ്യാഭ്യാസരംഗത്തും ജാതിവിവേചനം നേരിടുന്നുണ്ട്. പ്രസവത്തിന് മുൻപ് ലഭിക്കേണ്ട പ്രാഥമിക പരിപാലനം പോലും ദളിത് വിഭാഗത്തിലുള്ള സ്ത്രീകൾക്ക് ലഭിക്കുന്നില്ല. നാൽപ്പത് ശതമാനം രാജ്യങ്ങളിലെ സ്ത്രീകൾക്കും സ്വന്തം ശരീരത്തിലെ അധികാരം കുറഞ്ഞുകൊണ്ടിരിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

READ ON APP