Hero Image

ഫാറ്റി ലിവറാണോ പ്രശ്നം? ഈ 10 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെ പോലും അലട്ടുന്ന പ്രശ്നമാണ് ഫാറ്റി ലിവർ. മാറി കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണശൈലിയുമൊക്കെ ആണ് പലപ്പോഴും ഫാറ്റി ലിവറിൻ്റെ പ്രധാന കാരണം. കരളിൽ അമിതമായിി കൊഴുപ്പ് അടിഞ്ഞ് കൂടുകയും കോശങ്ങൾ നശിക്കുകയും ചെയ്യുന്നതാണ് ഫാറ്റി ലിവർ രോ​​ഗം. ഇതൊരു ജീവിതശൈലി രോ​ഗമായത് കൊണ്ട് തന്നെ ദൈനംദിനത്തിൽ ചെറിയ ചില മാറ്റങ്ങൾ മതി ഫാറ്റി ലിവറിനെ തുരത്താൻ.
ശരീരത്തിലെ അതിപ്രധാനമായ അവയവമാണ് ലിവർ അഥവ കരൾ. അഴുക്കും മാലിന്യവും സംസ്കരിച്ച് ശരീരത്തിൽ നിന്ന് പുറന്തള്ളാൻ സഹായിക്കുന്ന അവയവമാണ് ലിവർ. പലപ്പോഴും രോ​ഗലക്ഷണങ്ങൾ ഒന്നും കാണിക്കാത്തത് കൊണ്ട് തന്നെ വളരെ വൈകിയായിരിക്കും കരൾ രോ​ഗത്തെക്കുറിച്ച് അറിയുന്നത്. ഫാറ്റി ലിവർ‍ എന്ന വില്ലനെ ഇല്ലാതാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.
​വെള്ളം കുടിക്കുക

ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ വെള്ളം കുടിക്കുന്നത് ഫാറ്റി ലിവർ മാറ്റാൻ ഏറെ സഹായിക്കും. ഒന്നോ രണ്ടോ ലിറ്റർ വെള്ളം രാവിലെ എഴുന്നേറ്റ് 1 മുതൽ 2 മണിക്കൂറിനുള്ളിൽ കുടിക്കാൻ ശ്രമിക്കണം. കാരണം ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ ഇത് വളരെ അത്യന്താപേഷികമാണ്. ശരീരത്തിലെ അസംസ്കൃത വസ്തുക്കളെ പുറന്തള്ളുന്ന ജോലി കരളിൻ്റേതാണ് അതുകൊണ്ട് തന്നെ വെള്ളം കുടിക്കുന്നത് ഇതിന് ഗുണം ചെയ്യും.


വ്യായാമം

വ്യായാമം വളരെ പ്രധാനമാണ്. ദിവസവും വ്യായാമം ചെയ്യുന്നത് ശരീരഭാരം കുറയ്ക്കുക മാത്രമല്ല ആരോഗ്യം മെച്ചപ്പെടുത്താനും ഏറെ നല്ലതാണ്. വ്യായാമം ചെയ്യുന്നതിലൂടെ പല രോഗങ്ങളെയും ചെറുക്കാൻ സാധിക്കും. ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യാൻ ശ്രമിക്കുക. നന്നായി വിയർത്ത് വ്യായാമം ചെയ്യുന്നത് ഫാറ്റി ലിവർ കുറയ്ക്കാൻ സഹായിക്കും.


ഭക്ഷണരീതി

ശരിയല്ലാത്ത ഭക്ഷണരീതിയാണ് പലപ്പോഴും ഫാറ്റി ലിവറിന് കാരണമാകുന്നത്. നല്ല ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡുകളും ഒഴിവാക്കുക. മൈദയാണ് ഇപ്പോഴത്തെ പ്രധാന വില്ലൻ. അമിതമായി മൈദ ആഹാരങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം. മിക്ക ബേക്കറി പലഹാരങ്ങളിലെയും പ്രധാന ചേരുവ മൈദയാണ്. ഇത് ഒഴിവാക്കുന്നത് ഫാറ്റി ലിവർ വാരാതിരിക്കാനും കുറയ്ക്കാനും സഹായിക്കും.


ഫൈബർ ഭക്ഷണങ്ങൾ

ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിന് ഏറെ നല്ലതാണ്. ഇത് ദഹനം മെച്ചപ്പെടുത്തുക മാത്രമല്ല ഫാറ്റി ലിവർ വരാതിരിക്കാനും സഹായിക്കും. പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കുന്നത് ഏറെ നല്ലതാണ്. ദിവസും പച്ചക്കറികൾ കഴിക്കാൻ ശ്രമിക്കുക. കറുത്ത പയർ, വൻ പയർ, തുവര പരിപ്പ്, വെള്ള കടല, ബീൻസ്, പരിപ്പ് എന്നിവ ഉൾപ്പെടെയുള്ള പയർവർഗ്ഗങ്ങൾ ഡയറ്ററി ഫൈബർ കൊണ്ട് സമ്പന്നമാണെ്. ഇതെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. നാരുകൾ കൂടുതലുള്ള പിസ്ത, പെക്കൺ, ബദാം, സൂര്യകാന്തി വിത്തുകൾ എന്നിവയും കഴിക്കുക.


വറുത്തത് ഒഴിവാക്കുക

വറുത്ത ഭക്ഷണങ്ങൾ പലരുടെയും ഇപ്പോഴത്തെ പ്രിയ ഭക്ഷണങ്ങളിലൊന്നാണ്. ടിവി കാണുമ്പോൾ സ്ഥിരമായി വറുത്തത് മാത്രം കഴിക്കുന്ന ആളുകൾ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഫാറ്റി ലിവറിൻ്റെ പ്രധാന കാരണങ്ങളിലൊന്നാണ് വറുത്ത ഭക്ഷണങ്ങൾ. കൂടുതലായി ഇത് കഴിക്കുന്നത് ആരോഗ്യത്തിനും അത്ര നല്ലതല്ല.


പ്രോട്ടീൻ ഭക്ഷണങ്ങൾ

ശരീരത്തിൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ വളരെ പ്രധാനമാണ്. റെഡ് മീറ്റ് ഒഴിവാക്കി ആരോഗ്യകരമായ പ്രോട്ടീൻ കഴിക്കാൻ ശ്രമിക്കുക. ചിക്കൻ, മുട്ട, പയർ മുളപ്പിച്ചത് എന്നിങ്ങനെ ആരോഗ്യത്തിന് ഗുണകരമായ പ്രോട്ടീനുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. റെഡ് മീറ്റ് കഴിക്കുന്നത് ഫാറ്റി ലിവർ ഉണ്ടാകാൻ കാരണമാകും.


മദ്യം ഒഴിവാക്കുക

മദ്യം കഴിക്കുന്നത് ഫാറ്റി ലിവർ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. അമിതമായി മദ്യപിക്കുന്ന സ്വാഭാവമുള്ളവർ അത് ഒഴിവാക്കാൻ ശ്രമിക്കുക. മദ്യം ആരോഗ്യത്തിന് ഹാനികരമാണ്. അതുപോലെ പല തരത്തിലുള്ള രോഗങ്ങൾക്കും അത് കാരണമാകും.


പഞ്ചസാര ഒഴിവാക്കുക

പഞ്ചസാര കഴിക്കാതിരുന്നാൽ പല ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുന്നത്. ഒരു മാസം പഞ്ചസാര ഉപയോഗിക്കാതിരുന്നാൽ പല മാറ്റങ്ങളും കാണാൻ സാധിക്കും. ഫാറ്റി ലിവർ കുറയ്ക്കാൻ പഞ്ചസാര പൂർണമായും ഒഴിവാക്കാൻ ശ്രമിക്കുക. മധുരം കൂടുതലായി അടങ്ങിയ പാനീയങ്ങൾ കുടിക്കുന്ന ശീലമുള്ളവർ അത് ഒഴിവാക്കാൻ ശ്രമിക്കുക. കാർബോഹൈഡ്രേറ്റ് അടങ്ങിയ പാനീയങ്ങളിൽ മധുരം കൂടുതലുണ്ട് അത് ഒഴിവാക്കാൻ ശ്രമിക്കുക.


അമിതഭാരം

ഈ അടുത്ത കാലത്തായി പലരും പെട്ടെന്ന് ഭാരം കുറയ്ക്കുന്ന വിദ്യകളാണ് തേടുന്നത്. പക്ഷെ പെട്ടെന്ന് ഭാരം കുറയ്ക്കുന്നത് ഫാറ്റി ലിവറിന് കാരണമാകും. ശരിയായ രീതിയിൽ സമയം എടുത്ത് മാത്രം വണ്ണം കുറയ്ക്കാൻ ശ്രമിക്കുക. കൊളസ്ട്രോൾ, പ്രമേഹം പോലെയുള്ള ജീവിതശൈലി രോഗങ്ങൾ ഉള്ളവർ അത് നിയന്ത്രിക്കാൻ ശ്രമിക്കുന്നതും ഫാറ്റി ലിവർ വരാതിരിക്കാനും കുറയ്ക്കാനും സഹായിക്കും.


ഉറക്കം

നന്നായി ഉറങ്ങുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. അതുപോലെ ഫാറ്റി ലിവർ കുറയ്ക്കാൻ നല്ല ഉറക്കം ഏറെ സഹായിക്കും. 7 മുതൽ 8 മണിക്കൂർ ദിവസവും ഉറങ്ങാൻ ശ്രമിക്കുക. മാത്രമല്ല ഉറക്കത്തെ ബാധിക്കുന്ന എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് കണ്ടെത്തുക. എത്ര സമയം ഇല്ലെങ്കിലും 7 മുതൽ 8 മണിക്കൂറുള്ള ഉറക്കം നിർബന്ധമായും ശീലിക്കുക. ഉറക്കകുറവ് ഫാറ്റി ലിവറിന് കാരണമാകും.

READ ON APP