Hero Image

ഉറങ്ങുന്നതിന് മുൻപ് അൽപ്പം നടന്നോളൂ പലതുണ്ട് ഗുണങ്ങൾ

ഏറ്റവും ലളിതവും ഗുണകരവുമായ വ്യായാമങ്ങളിലൊന്നാണ് നടത്തം. ദിവസവും നടക്കുന്നത് പലതരത്തിലുളള ആരോഗ്യഗുണങ്ങൾ നൽകാൻ സഹായിക്കും. എന്നാൽ ദിവസവും കിടക്കുന്നതിന് മുൻപ് അൽപ്പ നേരം നടക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് എത്ര പേർക്ക് അറിയാം. ശാരീരികവും മാനസികവുമായ പല നേട്ടങ്ങളും നടത്തത്തിലൂടെ ലഭിക്കുന്നു. നല്ല ഉറക്കം ലഭിക്കുന്നത് മുതൽ പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ വരെ നടത്തത്തിലൂടെ ലഭിക്കും.
പകൽ സമയം നടക്കുന്നത് പോലെ തന്നെ രാത്രിയിലെ നടത്തവും ആരോഗ്യത്തിന് ഏറെ നല്ലതാണ്. കിടക്കുന്നതിന് മുൻപ് നടന്നാൽ എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുന്നതെന്ന് നോക്കാം.
നല്ല ഉറക്കം

ചിലരെ കണ്ടിട്ടില്ലെ തീരെ ഉറക്കമില്ലാതെ കഷ്ടപ്പെടുന്നത്. ഓരോ വ്യക്തിയുടെ ആരോ​ഗ്യത്തിനും അതുപോലെ മാനസികമായ വളർച്ചയ്ക്കും ഉറക്കം വളരെ പ്രധാനമാണ്. ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങണമെന്നാണ് പറയുന്നത്. ഉറങ്ങുന്നതിന് മുമ്പുള്ള നടത്തം ശരീരത്തിൻ്റെ സർക്കാഡിയൻ താളം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് മസ്തിഷ്കത്തിന് സൂചന നൽകുകയും ഉറക്കത്തിനായി തയ്യാറെടുക്കാൻ മനസിനെയും ശരീരത്തിനെയും ഒരുക്കുകയും ചെയ്യും. സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും ഇത് സഹായിക്കുന്നു, ആഴത്തിലുള്ളതും കൂടുതൽ ശാന്തവുമായി ഉറങ്ങാനും നടത്തം വളരെ പ്രധാനമാണ്.


രക്തസമ്മർദ്ദം കുറയ്ക്കുന്നു

ജീവിതശൈലി രോ​ഗങ്ങളിലെ പ്രധാനിയായി മാറിയിരിക്കുകയാണ് രക്തസമ്മർദ്ദം. ഓഫീസ് ജോലി, വീട്ടിലെ പ്രശ്നങ്ങൾ തുടങ്ങി പല കാരണങ്ങൾ മൂലം അമിതമായി രക്തസമ്മർദ്ദമുണ്ടാകുന്നത് ഇപ്പോൾ സ്ഥിരം കാഴ്ചയാണ്. ബിപിയും പ്രമേഹവുമില്ലാതെ മലയാളികൾ തന്നെ ചുരുക്കമായിരിക്കും. പതിവായുള്ള നടത്തം ഹൈപ്പർടെൻഷൻ ഉള്ളവരിൽ രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മെച്ചപ്പെട്ട രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നതിലൂടെ, നടത്തം ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താൻ സഹായിക്കുന്നു. ഇതിലൂടെ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.


മെച്ചപ്പെട്ട ദഹനം

രാത്രിയിൽ ശരീരത്തിൽ വളരെ വലിയ രീതിയിലുള്ള പ്രക്രിയകളാണ് നടക്കുന്നത്. അതിൽ പ്രധാനമാണ് ദഹനം. അത്താഴത്തിന് ശേഷം നടക്കുന്നത് ദഹനനാളത്തിലൂടെയുള്ള ഭക്ഷണത്തിൻ്റെ ചലനത്തെ ഉത്തേജിപ്പിച്ച് ദഹനത്തെ സഹായിക്കും. ഇത് ദഹനക്കേട്, വയറ് വീർ‌ക്കുക, അസ്വസ്ഥത എന്നിവ തടയാൻ സഹായിക്കും. മാത്രമല്ല രാത്രിയിൽ കൂടുതൽ ശാന്തമായ രാത്രി ഉറങ്ങാൻ അനുവദിക്കുന്നു. കിടക്കുന്നതിന് നടന്നാൽ മാത്രം പോരാ കഴിക്കുന്ന ഭക്ഷണത്തിലും അൽപ്പം ശ്രദ്ധ വേണം.


മെച്ചപ്പെട്ട രോഗപ്രതിരോധ പ്രവർത്തനം

നടത്തം പോലെയുള്ള പതിവ് ശാരീരിക പ്രവർത്തനങ്ങൾ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും അണുബാധകൾക്കും രോഗങ്ങൾക്കും ഉള്ള സാധ്യത കുറയ്ക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ സായാഹ്ന ദിനചര്യയിൽ നടത്തം ഉൾപ്പെടുത്തുന്നതിലൂടെ, നിങ്ങളുടെ ശരീരത്തിൻ്റെ സ്വാഭാവിക പ്രതിരോധ സംവിധാനങ്ങളെ പിന്തുണയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കാനും നിങ്ങൾക്ക് കഴിയും.


രക്തയോട്ടം മെച്ചപ്പെടുത്തും

ഉറങ്ങുന്നതിന് മുൻപ് നടക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കും. ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താൻ നടത്തം ഏറെ നല്ലതാണ്. നടത്തം കൈകാലുകൾ ഉൾപ്പെടെ ശരീരത്തിലുടനീളം രക്തയോട്ടം വർദ്ധിപ്പിക്കുന്നു. ശരീരത്തിലെ ഈ രക്തചംക്രമണം ടിഷ്യൂകളിലേക്കും അവയവങ്ങളിലേക്കും ഓക്സിജനും പോഷകങ്ങളും എത്തിക്കാൻ സഹായിക്കുന്നു. ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യവും ചൈതന്യവും ഇത് പ്രോത്സാഹിപ്പിക്കുന്നു.

READ ON APP