Hero Image

'ലാലേട്ടൻ കമൻ്റ് ചെയ്താൽ ബിസ്കറ്റ് കഴിക്കാം'; കഴിക്ക് മോനേ, ഫ്രണ്ട്സിനും കൊടുക്കൂ എന്ന് മോഹൻലാൽ; പുത്തൻ ട്രെൻഡിനൊപ്പം സൂപ്പർസ്റ്റാറും

സോഷ്യൽ മീഡിയയിലെ പുതിയ ട്രെൻഡിനൊപ്പം നടൻ മോഹൻലാലും. "വീഡിയോയ്ക്ക് ലാലേട്ടൻ കമൻ്റ് ചെയ്താൽ ഞങ്ങൾ ബിസ്കറ്റ് കഴിക്കാം" എന്ന ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ സാക്ഷാൽ മോഹൻലാലിന്റെ കമൻ്റ് എത്തി. ആരോമൽ ആർ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച റീലിനാണ് മോഹൻലാൽ കമൻ്റ് ചെയ്തത്. "ഞങ്ങളുടെ വീഡിയോയ്ക്ക് ലാലേട്ടൽ കമൻ്റ് ചെയ്താൽ, ഞങ്ങൾ ബിസ്കറ്റ് കഴിക്കും" എന്ന ക്യാപ്ഷനോടെയൊണ് റീൽ പങ്കുവെച്ചിരിക്കുന്നത്.
മേശയിൽ മൂന്ന് ബിസ്ക്കറ്റ് പാക്കറ്റ് വെച്ചു ചായക്കപ്പ് പിടിച്ചിരിക്കുന്ന രണ്ടുപേരും മറ്റൊരാളുമാണ് റീലിലുള്ളത്. റീൽ പങ്കുവെച്ചു മൂന്നാം ദിവസമാണ് മോഹൻലാലിൻ്റെ കമൻ്റ് എത്തിയത്. "കഴിക്ക് മോനേ.. ഫ്രണ്ട്സിനും കൊടുക്കൂ" എന്നാണ് മോഹൻലാലിൻ്റെ കമൻ്റ്. സൂപ്പർസ്റ്റാറിൻ്റെ കമൻ്റ് എത്തിയതോടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. മറ്റ് സെലിബ്രിറ്റികളും റീലിന് കമൻ്റ് ചെയ്തിട്ടുണ്ട്. മോഹൻലാലിൻ്റെ കമൻ്റ് എത്തിയതോടെ, "അത് പൊളിച്ചു" എന്ന് മറ്റുള്ളവരും കമൻ്റ് ചെയ്തു.
നടൻ ടൊവിനോ തോമസ് കമൻ്റിട്ടാൽ വെള്ളമടി നിർത്താമെന്നു പറഞ്ഞു പങ്കുവെച്ച റീലും വൈറലായിരുന്നു. അലനല്ലൂ‍ർ സ്വദേശി ശങ്കരൻ മുത്തു ആണ് തൻ്റെ muthz007 എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ റീൽ പങ്കുവെച്ചത്. വൈകാതെ രസകരമായ മറുപടിയുമായി ടൊവിനോ എത്തി. "കമന്റ് ഒക്കെ ഇടാം ചേട്ടാ... പക്ഷെ, വെള്ളമടി നിർത്തണോ???" എന്നായിരുന്നു ടൊവിനോയുടെ കമൻ്റ്. സെലിബ്രിറ്റികൾ കമൻ്റ് ചെയ്താൽ പഠിക്കാം എന്നൊക്കെ പറഞ്ഞ് നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ജയസൂര്യ, ബേസിൽ ജോസഫ്, ജോജു ജോർജ്, നസ്‍ലിൻ തുടങ്ങിയവരും ആരാധകരുടെ വീഡിയോകൾക്ക് കമൻ്റുമായി എത്തിയിരുന്നു.

READ ON APP