Hero Image

Air India Express: ഷാര്ജ-സൂററ്റ് വിമാനം ട്രക്കിലിടിച്ച് അപകടം; അന്വേഷണം തുടങ്ങി

സൂററ്റ്: ഷാര്‍ജയില്‍ നിന്നു വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം സൂററ്റ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ട്രക്കിലിടിച്ച് അപകടം. സുരക്ഷിതമായി പറന്നിറങ്ങിയ ശേഷം ഏപ്രണില്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ ഡമ്പര്‍ ട്രക്കിലിടിക്കുകയായിരുന്നു. വിമാനത്തിന്റെ ഇടത് ചിറകിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.അപകടത്തെ കുറിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
അപകട ശേഷം വിമാനം മറ്റൊരിടത്തേക്ക് പാര്‍ക്ക് ചെയ്‌തെന്നും എല്ലാ യാത്രക്കാരെയും സുരക്ഷിതമായി വിമാനത്തിന് പുറത്തെത്തിച്ചെന്നും എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് എസ് സി ഭാല്‍സെ അറിയിച്ചു. അപകടത്തിന് ഉത്തരവാദി ആരെന്ന് വിശദമായ അന്വേഷണത്തിലൂടെ കണ്ടെത്തും. നിര്‍മാണ ജോലിയുടെ കരാറുകാര്‍, എയര്‍പോര്‍ട്ട് സ്റ്റാഫ്, വിമാനത്തിന്റെ പൈലറ്റ് എന്നിവരില്‍ ആരുടെ ഭാഗത്താണ് വീഴ്ച സംഭവിച്ചതെന്ന് പരിശോധിക്കും. വിമാനത്തില്‍ 150 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി 10.30നാണ് സംഭവം. ഷാര്‍ജയില്‍ നിന്നുള്ള വിടി-എടിജെ എയര്‍ബസ് 320-251എന്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്. പുതിയ ഏപ്രണിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കെ ട്രക്ക് ആ പ്രദേശത്ത് നീങ്ങുകയായിരുന്നു. ലാന്‍ഡിങിന് ശേഷം വിമാനം റണ്‍വേയില്‍ നിന്ന് ഏപ്രണിലേക്ക് ഇടത്തേക്ക് തിരിഞ്ഞു. വീണ്ടും ഇടത്തേക്ക് തിരിഞ്ഞപ്പോള്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു.

READ ON APP