Hero Image

'ആ സ്വപ്നവും പൂവണിയും'; കേരള - ഗൾഫ് യാത്രാക്കപ്പൽ; താൽപ്പര്യമറിയിച്ചത് കോഴിക്കോട്ടേതുൾപ്പെടെ മൂന്ന് കമ്പനികൾ

കൊച്ചി: കേരള - ഗൾഫ് യാത്രാക്കപ്പൽ സ്വപ്നങ്ങൾക്ക് ചിറക് മുളക്കുന്നു. താൽപ്പര്യപത്രം സമർപ്പിക്കാനുള്ള തീയതി അവസാനിച്ചപ്പോൾ മൂന്ന് കമ്പനികളാണ് യാത്രാക്കപ്പൽ സർവീസിനായി രംഗത്തെത്തിയിരിക്കുന്നത്. കൊച്ചിയിൽനിന്ന് കുറഞ്ഞ ചെലവിൽ സർവീസ് ആരംഭിക്കുന്നതിനാണ് കോഴിക്കോട്ടേതുൾപ്പെടെയുള്ള മൂന്ന് കമ്പനികൾ താൽപ്പര്യമറിയിച്ചത്.കോഴിക്കോട് കേന്ദ്രമായ ജമാൽ വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡും ചെന്നൈ, മുംബൈ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റുരണ്ട് കമ്പനികളുമാണ് സർവീസിനായി താത്പര്യപത്രം സമർപ്പിച്ചത്.
ഈ മേഖലയിൽ ദീർഘകാലമായി പ്രവർത്തിക്കുന്നവരാണ് ഈ കമ്പനികളെന്ന് മാരിടൈം ബോർഡ് അധികൃതർ പറഞ്ഞു.കേരള - ഗൾഫ് സർവീസിന് താത്പര്യപത്രം സമർപ്പിക്കാൻ ഏപ്രിൽ 22 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മൂന്ന് കമ്പനികൾ രംഗത്തെത്തിയത്. അടുത്ത ഘട്ടത്തിൽ യാത്രാസമയം, നിരക്ക്, തുറമുഖ നവീകരണം തുടങ്ങിയ വിഷയങ്ങൾ ഈ കമ്പനികളുമായി ചർച്ച ചെയ്യുമെന്ന് മാരിടൈം ബോർഡ് ചെയർമാൻ എൻഎസ് പിള്ള പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു. യാത്രാ കപ്പൽ സർവീസിനെക്കുറിച്ചുള്ള പ്രാരംഭ ചർച്ച കഴിഞ്ഞ മാസം കൊച്ചിയിൽ നടന്നിരുന്നു.
ഇരുപതോളം കമ്പനികളുടെ പ്രതിനിധികളാണ് അന്നത്തെ ചർച്ചയിൽ പങ്കെടുത്തത്. കപ്പൽ സർവീസ്, ചരക്കുഗതാഗതം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലെ കമ്പനികളായിരുന്നു ചർച്ചയിൽ പങ്കെടുത്തത്. പ്രവാസികൾക്ക് വിമാനയാത്രാക്കൂലിയെക്കാൾ കുറഞ്ഞ നിരക്കിലുള്ള യാത്രയാണ് കപ്പൽ സർവീസിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.മൂന്നുദിവസംകൊണ്ട് കേരള - ഗൾഫ് യാത്ര പൂർത്തിയാകുന്ന രീതിയിൽ കപ്പലിന് സർവീസ് നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി നടപ്പിലായാൽ സാധാരണക്കാരായ പ്രവാസികൾക്കും അവധിക്കാലത്തെ കുടുംബസമേത യാത്രകൾക്കും കുറഞ്ഞ ചെലവിൽ അവസരം ഒരുങ്ങും.

READ ON APP