Hero Image

പൈലറ്റുമാര്ക്കും മറ്റും മതിയായ വിശ്രമമില്ല; എയര് ഇന്ത്യക്ക് 80 ലക്ഷം രൂപ പിഴ

ന്യൂഡല്‍ഹി: പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ള വിമാന ജീവനക്കാരുടെ ജോലി സംബന്ധിച്ച വ്യവസ്ഥകള്‍ ലംഘിച്ചതിന് എയര്‍ ഇന്ത്യക്ക് 80 ലക്ഷം രൂപ പിഴ. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ആണ് ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള എയര്‍ലൈനിനെതിരേ നടപടി സ്വീകരിച്ചത്.ഫ്‌ളൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷനും (എഫ്ഡിടിഎല്‍) ഫാറ്റിഗ് മാനേജ്മെന്റ് സിസ്റ്റവും (എഫ്എംഎസ്) സംബന്ധിച്ച നിയന്ത്രണങ്ങള്‍ ലംഘിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
എയര്‍ലൈന്‍ അധികാരികളോട് ഡിജിസിഎ വിശദീകരണം തേടുകയും മറുപടി തൃപ്തികരമല്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് എഫ്ഡിടിഎല്‍, എഫ്എംഎസ് ചട്ടങ്ങങ്ങള്‍ നടപ്പാക്കുന്നത്. ജനുവരിയാലാണ് ഡിജിസിഎ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധന നടത്തിയത്. 60 വയസ്സിന് മുകളിലുള്ള രണ്ട് പൈലറ്റുമാര്‍ ചില ദിവസങ്ങളില്‍ ഒരുമിച്ച് വിമാനം പറത്തിയതായി കണ്ടെത്തിയിരുന്നു. ദീര്‍ഘദൂര വിമാനയാത്രകള്‍ക്ക് മുമ്പും ശേഷവും പൈലറ്റുമാര്‍ക്ക് ആവശ്യത്തിന് വിശ്രമം അനുവദിക്കാതിരുന്നതായും വ്യക്തമായിരുന്നു.
കാബിന്‍ ക്രൂവിന് യാത്രകള്‍ക്ക് മുമ്പും ശേഷവും വിശ്രമം, പ്രതിവാര വിശ്രമം എന്നിവ നല്‍കുന്നതിലും എയര്‍ ഇന്ത്യക്ക് വീഴ്ചകള്‍ സംഭവിച്ചു.കൂടാതെ, ജോലി സമയം അധികരിച്ച സംഭവങ്ങള്‍, തെറ്റായി അടയാളപ്പെടുത്തിയ പരിശീലന രേഖകള്‍, ഓവര്‍ലാപ്പിംഗ് ഡ്യൂട്ടി മുതലായവയും ഓഡിറ്റിനിടെ നിരീക്ഷിക്കപ്പെട്ടതായി ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. മാര്‍ച്ച് ഒന്നിന് എയര്‍ ഇന്ത്യക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. നോട്ടീസിന് നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് കണ്ടെത്തിയതോടെയാണ് 80 ലക്ഷം രൂപ പിഴ ചുമത്തിയതെന്നും അധികൃതര്‍ വിശദീകരിച്ചു.
വിവിധ നിയമലംഘനങ്ങള്‍ക്ക് ഒന്നര വര്‍ഷത്തിനിടെ എയര്‍ ഇന്ത്യക്ക് പലതവണ പിഴ ചുമത്തിയിട്ടുണ്ട്. യാത്രക്കാരന് വീല്‍ചെയര്‍ നല്‍കാത്തതിന് അടുത്തിടെയാണ് 30 ലക്ഷം രൂപ പിഴ ചുമത്തിയത്. വീല്‍ചെയര്‍ ബുക്ക് ചെയ്തിട്ടും നടക്കേണ്ടിവന്ന വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. കഴിഞ്ഞ ഫെബ്രുവരിയില്‍ മുംബൈ വിമാനത്താവളത്തിലായിരുന്നു സംഭവം.കഴിഞ്ഞ ജനുവരിയില്‍ ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം ഉപയോഗിക്കുന്നതില്‍ പരിശീലനം നേടാത്തവരെ ജോലിക്ക് നിയമിച്ചതിന് എയര്‍ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.
ദൃശ്യപരത കുറയുന്ന സമയത്തെ ലാന്‍ഡിങില്‍ (ദൂരക്കാഴ്ച 50 മീറ്ററില്‍ താഴെയാണെങ്കില്‍) ആണ് ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം ഉപയോഗിക്കേണ്ടിവരുന്നത്. കോക്ക്പിറ്റില്‍ വനിതാ സുഹൃത്തിനെ കയറ്റിയ ക്യാപ്റ്റനെതിരേയും സഹയാത്രികയായ സ്ത്രീയുടെ മേല്‍ ഒരാള്‍ മൂത്രമൊഴിച്ച സംഭവം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിനും ടിക്കറ്റെടുത്തിട്ടും വിമാനത്തില്‍ കയറ്റാത്തതിനും ഡിജിസിഎ അടുത്തകാലങ്ങളില്‍ നടപടി സ്വീകരിക്കുകയുണ്ടായി.

READ ON APP