Hero Image

15,256 അടി ഉയരത്തിലൊരു ഗ്രാമം; ലോകത്തെ ഉയരം കൂടിയ പോളിങ് ബൂത്ത് ഇന്ത്യയിൽ, ആകെ 52 വോട്ടർമാർ

ഹിമാചൽ പ്രദേശ്: ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പോളിങ് ബൂത്ത് ഇന്ത്യയിലെന്ന് റിപ്പോർട്ട്. ചൈന അതിർത്തിയിൽ നിന്ന് 29 കിലോമീറ്റർ അകലെയുള്ള ഹിമാചൽ പ്രദേശിലെ സ്പിതി താഴ്‌വരയിലെ താഷിഗാങ് ആണ് ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പോളിങ് ബൂത്ത്. താഷിഗാങ്, ഗെറ്റെ എന്നീ രണ്ട് ഗ്രാമങ്ങളെ ഉൾക്കൊള്ളുന്നതാണ് താഷിഗാങ് പോളിങ് ബൂത്ത്.
2019ൽ സ്ഥാപിച്ച പോളിങ് സ്റ്റേഷനിൽ ആകെ 48 വോട്ടർമാരാളുള്ളത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ താഷിഗാങ്ങിൽ 100 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇന്ത്യ - ടിബറ്റ് അതിർത്തിയോട് ചേർന്ന പ്രദേശം കൂടിയാണ് താഷിഗാങ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മാണ്ഡി പാർലമെൻ്റ് മണ്ഡലത്തിൻ്റെ ഭാഗമാണ് ഈ പ്രദേശം. ഹിമാചൽ പ്രദേശ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 100 ശതമാനം വോട്ടുകളും രേഖപ്പെടുത്തി. 52 വോട്ടർമാരും വോട്ട് രേഖപ്പെടുത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്.
നിലവിലെ 75 ജനസംഖ്യയിൽ 22 സ്ത്രീകൾ ഉൾപ്പെടെ 52 വോട്ടർമാരുണ്ട്. കൊടും തണുപ്പ് രേഖപ്പെടുത്തുന്ന താഷിഗാങ് മേഖല മഞ്ഞ് മൂടിയ പ്രദേശം കൂടിയാണ്. ദിവസ വേതനക്കാരായി ജോലി ചെയ്യുന്ന സാധാരണക്കാരാണ് ഗ്രാമത്തിലെ ഭൂരിഭാഗമാളുകളും. ഹിമാചൽ പ്രദേശിലെ ഒരു പുരാതന ആശ്രമത്തിനടുത്തുള്ള ഒരു ഗ്രാമമാണ് താഷിഗാങ്. ഇന്ത്യ - ടിബറ്റ് അതിർത്തിക്കടുത്തുള്ള സ്പിതി താഴ്‌വരയിലെ ഏറ്റവും ഉയരമുള്ള ജനവാസ കേന്ദ്രമാണിത്. സമീപത്ത് സ്ഥിതിചെയ്യുന്ന നാക്കോ, ഖാബ് എന്നീ ഗ്രാമങ്ങളും ദേശീയപാത 22വഴി ഷിംലയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
താഷിഗാങ്ങിൽ നിന്ന് 160 കിലോമീറ്റർ അകലെയാണ് ഹിക്കിം. ലാഹൗൾ - സ്പിതി ജില്ലയിൽ 14,400 അടി ഉയരത്തിലുള്ള ഹിക്കിം എന്ന ഗ്രാമം രാജ്യത്തെ ഏറ്റവും ഉയർന്ന പ്രദേശത്തെ പോളിങ് സ്റ്റേഷനായിട്ടാണ് അറിയപ്പെട്ടിരുന്നു.

READ ON APP