Hero Image

തോൽവിക്ക് ശേഷം വമ്പൻ കാര്യം വെളിപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ; ഇവാൻ വുകോമനോവിച്ച് പറഞ്ഞത് ഇക്കാര്യങ്ങൾ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ (Indian Super League) 2023-24 സീസണിൽ സെമിയിലെത്താതെ പുറത്തായിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters FC). പ്ലേ ഓഫ് എലിമിനേറ്ററിൽ ഒഡീഷ എഫ്സിയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടതോടെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഐ എസ്‌ എൽ കിരീട സ്വപ്നങ്ങൾ അവസാനിച്ചത്. ആദ്യം ലീഡെടുത്ത കളിയിലാണ് ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയെന്നത് ശ്രദ്ധേയം.മത്സരശേഷം സംസാരിക്കവെ പരാജയപ്പെട്ടതിലുള്ള നിരാശ പങ്കുവെച്ച കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് (Ivan Vukomanovic) ത‌ന്റെ പരിശീലക കരിയറിലെ ഏറ്റവും കഠിനമായ‌ സീസണാണ് ഇതെന്നും വെളിപ്പെടുത്തി.
ഒഡീഷയ്ക്കെതിരെ തോറ്റെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് നന്നായി കളിച്ചെന്നാണ് ഇവാന്റെ പക്ഷം. ഈ കളിയിൽ ടീം നിരവധി അവസരങ്ങൾ സൃഷ്ടിച്ചുവെന്നും, ലഭിച്ച അവസരങ്ങളിൽ കുറച്ച് കൂടി ശ്രദ്ധയോടെയും കൃത്യതയോടെയും കളിച്ചിരുന്നെങ്കിൽ കൂടുതൽ ഗോളുകൾ സ്കോർ ചെയ്യാൻ സാധിക്കുമായിരുന്നുവെന്നും ഇവാൻ ചൂണ്ടിക്കാട്ടി."ഇതുപോലുള്ള മത്സരങ്ങളിൽ 25, 30 അവസരങ്ങൾ ലഭിക്കില്ല. അവസരങ്ങൾ സൃഷ്ടിച്ചെടുക്കുമ്പോൾ, അത് ഗോളുകളാക്കി മാറ്റാനും ശ്രദ്ധ ചെലുത്തണം. നമ്മുടെ കളിക്കാർ അതിനായി ശ്രമിച്ചെങ്കിലും സാധിച്ചില്ല.
അങ്ങനെ വരുമ്പോൾ നമ്മൾ പുറത്തേക്കുള്ള വഴി കാണും." ഇവാൻ പറഞ്ഞുനിർത്തി.ഈ സീസണിൽ ഉടനീളം എത്ര തവണ ടീമിനെ പൊളിച്ചുപണിതു എന്ന് തനിക്കറിയില്ലെന്ന്‌ ചൂണ്ടിക്കാട്ടിയ ഇവാൻ വുകോമനോവിച്ച്, ഈ സീസണിൽ പല താരങ്ങളുടെയും പ്രകടനത്തിൽ തനിക്ക് സന്തോഷമുണ്ടെന്നും പല കളിക്കാരുടെയും വളർച്ചയിൽ അഭിമാനമുണ്ടെന്നും പറഞ്ഞു.അതേ സമയം പരിക്കിന്റെ പിടിയിലായ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമാന്റകോസ് ഇല്ലാതെ യായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പ്ലേ ഓഫ് എലിമിനേറ്റർ മത്സരത്തിന് ഇറങ്ങിയത്.
ദിമിയെ ഈ കളിയിൽ ബ്ലാസ്റ്റേഴ്സ് മിസ് ചെയ്തെന്നും തോൽവിക്ക് ശേഷം ഇവാൻ വുകോമനോവിച്ച് ചൂണ്ടിക്കാട്ടിയിരുന്നു. ദിമിക്ക് പുറമെ മധ്യനിരയിലെ സൂപ്പർ താരം ജീക്സൺ സിങ്ങും ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഇല്ലായിരുന്നു. അഡ്രിയാൻ ലൂണ പകരക്കാരുടെ നിരയിൽ ഇടം പിടിച്ചതാണ് ആരാധകർക്ക് ആശ്വാസം നൽകിയത്. ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചപ്പോൾ രണ്ടാം പകുതിയിൽ തുടക്കം മുതൽ ആക്രമിച്ച മഞ്ഞപ്പട അറുപത്തിയേഴാം മിനിറ്റിൽ മുന്നിലെത്തി. ഫെഡോർ ചെർണിച്ചായിരുന്നു ഗോൾസ്കോറർ.
എന്നാൽ എൺപത്തിയേഴാം മിനിറ്റിൽ ഡിയഗോ മൗറീഷ്യോയിലൂടെ ഒഡീഷ സമനില പിടിച്ചു. നിശ്ചിത സമയത്ത് കളി 1-1 എന്ന നിലയിൽ തുടർന്നതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. അധിക സമയത്ത് വർധിത വീര്യത്തോടെ കളിച്ച ഒഡീഷ 98-ം മിനിറ്റിൽ ഇസക് നേടിയ ഗോളിൽ ലീഡെടുക്കുകയും ഈ ലീഡ് നിലനിർത്തി കളിയിൽ വിജയം ഉറപ്പിക്കുകയുമായിരുന്നു.2023-24 സീസണിൽ സ്വപ്ന ഫോമിൽ കളിച്ചു തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സി‌ന് പരിക്കുകളാണ് ശരിക്കും തിരിച്ചടിയായത്. ഡിസംബർ അവസാനം ഐ എസ്‌ എൽ അന്താരാഷ്ട്ര ഇടവേളയ്ക്ക് പിരിയുമ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തായിരു‌ന്നു മഞ്ഞപ്പട.
എന്നാൽ അഡ്രിയാൻ ലൂണ, ക്വാമെ പെപ്ര എന്നിവർ പരിക്കേറ്റ് പുറത്തായത് ടീമിനെ തളർത്തി. കലിംഗ സൂപ്പർ കപ്പിൽ സെമിഫൈനൽ കാണാതെ പുറത്തായ മഞ്ഞപ്പട, ഐ എസ്‌ എൽ 2023-24 സീസണിന്റെ രണ്ടാം ഘട്ടത്തിലും ദയനീയ ഫോമിലേക്ക്‌ വീണു. ഇതിനിടെ ഗോൾകീപ്പർ സച്ചിൻ സുരേഷും പരിക്കേറ്റ് സീസണിൽ നിന്ന് പുറത്തായത് കാര്യങ്ങൾ കൂടുതൽ ദുഷ്കരമാക്കി. ഈ പരിക്കുകൾ ടീമിനെ ദുർബലമാക്കുകയും മഞ്ഞപ്പട ഒന്നാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തു. അങ്ങനെയാണ് ഒരിക്കൽ ഷീൽഡ് പ്രതീക്ഷകൾ ഉണ്ടായിരുന്ന കേരള‌ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് എലിമിനേറ്റർ കളിക്കേണ്ട അവസ്ഥയിലേക്ക് ഇത്തവണ എത്തിയത്.

READ ON APP