Hero Image

ഐപിഎല്ലിൽ വമ്പൻ റെക്കോഡിട്ട് ധോണി, വെടിക്കെട്ട് ഇന്നിങ്സിനിടെ കിടിലൻ നാഴികക്കല്ലിലും എത്തി; ആവേശത്തിൽ ആരാധകർ

ഐപിഎൽ‌ 2024 സീസണിൽ ഉജ്ജ്വല ഫോമിലാണ് ചെന്നൈ സൂപ്പർ കിങ്സ് താരം മഹേന്ദ്ര സിങ് ധോണി. ക്യാപ്റ്റൻസി ഒഴിഞ്ഞ സീസണിൽ തകർപ്പൻ കളി പുറത്തെടുക്കുന്ന ഈ നാൽപ്പത്തിരണ്ടുകാരൻ, കഴിഞ്ഞ ദിവസം ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ നടന്ന കളിയിൽ ഒൻപത് പന്തിൽ 28 റ‌ൺസെടുത്ത് പുറത്താകാതെ നിന്നു. ഈ കളിക്കിടെ ഐപിഎല്ലിലെ ഒരു വമ്പൻ റെക്കോഡിലെത്താനും ധോണിക്കായി.ഐപിഎല്ലിൽ വിക്കറ്റ് കീപ്പറായി കളിച്ചുകൊണ്ട് 5000 റൺസ് തികയ്ക്കുന്ന ആദ്യ താരം എന്ന റെക്കോഡാണ് ഇപ്പോൾ ധോണി സ്വന്തമാക്കിയിരിക്കുന്നത്.
ലക്നൗവിനെതിരായ കളിക്കിടെ ഐപിഎല്ലിലെ ഉയർന്ന റൺ വേട്ടക്കാരിൽ ആറാം സ്ഥാനത്ത് എത്താനും ഡിവില്ലിയേഴ്സിന് കഴിഞ്ഞു. ആർസിബി ഇതിഹാസമായിരുന്ന എബി‌ ഡിവില്ലിയേഴ്സിനെയാണ് ഇക്കാര്യത്തിൽ ധോണി മറികടന്നത്. 5162 റൺസാണ് ഐപിഎല്ലിൽ ഡിവില്ലിയേഴ്സിന്റെ സമ്പാദ്യം. ധോണിയാകട്ടെ നിലവിൽ 250 ഇന്നിങ്സുകളിൽ നിന്ന് 5169 റൺസ് ‌നേടി നിൽക്കുകയാണ്.40 വയസ് കഴിഞ്ഞതിന് ശേഷം ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്ററെന്ന റെക്കോഡും ഇന്നലെ ധോണിയുടെ പേരിലായി. വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ലിന്റെ പേരിലായിരുന്നു ഇത്ര നാളും ഈ റെക്കോഡ്.
ഇന്നലത്തെ ഇന്നിങ്സോടെ 40 വയസിന് ശേഷം ഐപിഎല്ലിൽ ധോണിയുടെ റൺ നേട്ടം 500 കഴിഞ്ഞു.അതേ സമയം ധോണിയുടെ കരിയറിലെ അവസാന സീസണാകും 2024 ലേത് എന്നാണ് കരുതപ്പെടുന്നത്. ഈ വർഷം കളിച്ച ഏഴ് കളികളിൽ നിന്ന് 87 റ‌ൺസാ‌ണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 255.38 എന്ന വമ്പൻ പ്രഹരശേഷിയിൽ കളിക്കുന്ന താരം എട്ട് സിക്സറുകളും പറത്തിക്കഴിഞ്ഞു. മിന്നും ഫോമിലുള്ള ധോണി വിരമിക്കൽ പിൻവലിച്ച് ഈ വർഷം നടക്കാ‌നിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് വരണമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ആരാധകർ ആവശ്യപ്പെടുന്നുണ്ട്.അതേ സമയം ധോണി തിള‌ങ്ങിയ കളിയിൽ പക്ഷേ ചെന്നൈ സൂപ്പർ കിങ്സ് പരാജയം ഏറ്റുവാങ്ങി.
ലക്നൗവിൽ നടന്ന കളിയിൽ ആദ്യം ബാറ്റ് ചെയ്ത സിഎസ്കെ നിശ്ചിത 20 ഓവറുകളിൽ 176/6 എന്ന മികച്ച സ്കോർ നേടിയെങ്കിലും, ലക്നൗ സൂപ്പർ ജയന്റ്സ്, ഒരോവർ ബാക്കി നിൽക്കെ എട്ട് വിക്കറ്റുകൾക്ക് വിജയിക്കുകയായിരുന്നു. നിലവിൽ ഏഴ് കളികളിൽ നിന്ന് എട്ട് പോയിന്റുകളാണ് ചെന്നൈ സൂപ്പർ കിങ്സിനുള്ളത്. പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് അവർ.

READ ON APP