Hero Image

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാര്യത്തിൽ പ്രധാന അപ്ഡേറ്റ് പുറത്ത്; അൽ നസറിന്റെ അടുത്ത മത്സരത്തിൽ ഇതിഹാസ താരം കളിക്കും

സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ നസർ എഫ് സിയുടെ (Al Nassr FC) സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) കളത്തിലേക്ക് തിരിച്ചെത്തും എന്ന് റിപ്പോർട്ട്. സൗദി അറേബ്യൻ ഫുട്ബോൾ ജേണലിസ്റ്റാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. സൗദി പ്രൊ ലീഗിൽ അൽ ഖലീജ് എഫ് സിക്ക് എതിരേയാണ് അൽ നസർ എഫ് സിയുടെ അടുത്ത മത്സരം. ലീഗ് ടേബിൾ ടോപ്പർ ടീമായ അൽ ഹിലാൽ എഫ് സിക്ക് എതിരായ മത്സരത്തിനിടെ ചുവപ്പ് കാർഡ് കണ്ടതാണ് സി ആർ 7 ന് വിലക്ക് ലഭിച്ചത്.
സൗദി സൂപ്പർ കപ്പ് സെമി ഫൈനലിൽ ആയിരുന്നു പോർച്ചുഗൽ താരത്തിന് ചുവപ്പ് കാർഡ് കാണേണ്ടി വന്നത്. രണ്ട് മത്സരത്തിൽ ആയിരുന്നു സി ആർ 7 ന് വിലക്ക് ലഭിച്ചത്. അങ്ങനെ എങ്കിൽ അൽ ഖലീജ് എഫ് സിക്ക് എതിരായ മത്സരത്തിലും പോർച്ചുഗൽ താരം പുറത്തിരിക്കേണ്ടി വരും. അൽ നസറിന്റെ കഴിഞ്ഞ മത്സരത്തിൽ ( അൽ ഫെയ്ഹ എഫ് സിക്ക് എതിരായത് ) ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറങ്ങിയിരുന്നില്ല. അന്ന് മത്സരത്തിൽ 3 - 1 ന് അൽ നസർ എഫ് സി ജയിച്ചിരുന്നു. അൽ ഖലീജ് എഫ് സിക്ക് എതിരായ മത്സരത്തിൻറെ സ്റ്റാർട്ടിംഗ് ഇലവനിൽ സി ആർ 7 ഇറങ്ങും എന്നാണ് സൗദി ഫുട്ബോൾ മാധ്യമപ്രവർത്തകനായ അയ്മെൻ അൽ ടമീമിയുടെ റിപ്പോർട്ട്.
എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും ഇതുവരെ ലഭ്യമല്ല. അൽ ഹിലാൽ എഫ് സിക്ക് എതിരായ മത്സരത്തിന്റെ 86 - ാം മിനിറ്റിൽ ആയിരുന്നു സി ആർ 7 നേരിട്ട് ചുവപ്പ് കാർഡ് കണ്ടത്. അൽ ഹിലാൽ കളിക്കാരനായ അലി ബുലാഹിയെ കൈ മുട്ട് കൊണ്ട് ഇടിച്ചു വീഴ്ത്തിയതിനായിരുന്നു റഫറിയുടെ നേരിട്ടുള്ള ചുവപ്പ് കാർഡ്. റഫറിക്ക് എതിരേ ആക്രമണത്തിനും റൊണാൾഡോ കോപത്തോടെ ശ്രമിച്ചു. അവസാനം ലൈൻ റഫറിയെ പുറത്ത് തട്ടി പരിഹാസരൂപേണ പ്രശംസിച്ച ശേഷമാണ് റൊണാൾഡോ മൈതാനം വിട്ടത്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രകോപിപ്പിച്ചതിനാൽ ആയിരുന്നു അദ്ദേഹം അൽ ഹിലാൽ എഫ് സി താരത്തിനെതിരേ കൈമുട്ട് പ്രയോഗം നടത്തിയത്.
മാത്രമല്ല, അലി ബുലാഹി മറ്റൊരു അൽ നസർ താരത്തെ ഫൗൾ ചെയ്ത് വീഴ്ത്തുകയും ചെയ്തിരുന്നു. ഇതിന്റെ എല്ലാം ആകെത്തുക ആയിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ പ്രത്യാക്രമണം. രണ്ട് മത്സരത്തിൽ വിലക്ക് അൽപം കടന്നു പോയെന്ന അൽ ഹിലാൽ അപ്പീലും തള്ളി. ഏതായാലും ഇപ്പോൾ പുറത്തു വരുന്ന വിവരം അനുസരിച്ച് അൽ ഖലീജ് എഫ് സിക്ക് എതിരേ സി ആർ 7 കളത്തിൽ എത്തും. ഏപ്രിൽ 27 ന് ഇന്ത്യൻ സമയം രാത്രി 11.30 നാണ് അൽ നസർ x അൽ ഖലീജ് മത്സരം. 2023 - 2024 സൗദി പ്രൊ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമാണ് സി ആർ7.
25 മത്സരങ്ങളിൽ നിന്ന് 29 ഗോളും 10 അസിസ്റ്റും ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതുവരെ ലീഗിൽ നടത്തി. കൂടുതൽ അസിസ്റ്റിൽ നിലവിൽ രണ്ടാം സ്ഥാനത്തും 39 കാരനായ സൂപ്പർ താരം ഉണ്ട്. 11 അസിസ്റ്റ് നടത്തിയ അൽ അഹ്‌ലി സൗദി എഫ് സിയുടെ റിയാദ് മെഹ്‌റെസ് ആണ് കൂടുതൽ അസിസ്റ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

READ ON APP