Hero Image

അവനെ ഇന്ത്യൻ ടീമിൽ എടുക്കൂ, പഞ്ചാബിന്റെ ഹീറോയായി വീണ്ടും ശശാങ്ക് സിങ്; കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നാണം കെട്ടു

ടി20 ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ ചേസ് ചെയ്ത് ജയിക്കുന്ന ടീമായി പഞ്ചാബ് കിങ്സ്. ഈഡൻ ഗാർഡൻസിൽ നടന്ന കളിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉയർത്തിയ 262 റൺസ് വിജയലക്ഷ്യം എട്ട് പന്തുകൾ ബാക്കി നിൽക്കെ പഞ്ചാബ് മറികടക്കുമ്പോൾ അവർക്ക് നഷ്ടമായിരുന്നത് ആകെ രണ്ട് വിക്കറ്റുകൾ മാത്രം. സെഞ്ചുറി നേടിയ ജോണി ബെയർസ്റ്റോയ്ക്കും അർധസെഞ്ചുറി നേടിയ പ്രഭ്സിമ്രാൻ സിങ്ങിനും പുറമെ ശശാങ്ക് സിങ് അവസാനം നടത്തിയ വെടിക്കെട്ടും പഞ്ചാബിന്റെ വിജയത്തിന് കാരണമായി.
ഒരിക്കൽക്കൂടി പഞ്ചാബിനായി അവിശ്വസനീയ ബാറ്റിങ് കാഴ്ച വെച്ചതോടെ സമൂഹ മാധ്യമങ്ങളിൽ വീണ്ടും ട്രെൻഡിങ്ങായിരിക്കുകയാണ് ശശാങ്ക് സിങ്. ശശാങ്കിന്റെ പ്രകടനവും പഞ്ചാബ്-കൊൽക്കത്ത മത്സരത്തിൽ സംഭവിച്ച പ്രധാന കാര്യങ്ങളും നോക്കാം.
​ഞെട്ടിച്ച് കൊൽക്കത്ത ബാറ്റിങ്

ഈഡൻ ഗാർഡൻസിൽ നടന്ന കളിയിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിശ്ചിത 20 ഓവറിൽ 261/6 എന്ന കൂറ്റൻ സ്കോറാണ് നേടിയത്. 36 പന്തിൽ 75 റൺസ് നേടിയ ഓപ്പണർ ഫിൽ സാൾട്ടായിരുന്നു കെകെആറിന്റെ ടോപ് സ്കോറർ. 32 പന്തിൽ 71 റൺസ് നേടി സുനിൽ നരൈനും മിന്നി. 10 പന്തിൽ 28 റൺസെടുത്ത് അവസാന ഓവറുകളിൽ ശ്രേയസ് അയ്യർ തകർത്തടിക്കുക കൂടി ചെയ്തതോടെ കെകെആർ സ്കോർ 261/6 ൽഎത്തി.


അവിശ്വസനീയ ചേസ്

ഏറെക്കുറെ അവിശ്വസനീയം എന്ന് കരുതപ്പെട്ടിരുന്ന വിജയലക്ഷ്യത്തിലേക്ക് അനായാസം ബാറ്റ് വീശുന്ന പഞ്ചാബ് കിങ്സിനെയാണ് ഈഡനിൽ കണ്ടത്.‌ ഓപ്പണർ പ്രഭ്സിമ്രാൻ സിങ്ങാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. 20 പന്തിൽ നാല് ബൗണ്ടറികളും അഞ്ച് സിക്സറുകളുമടക്കം 54 റൺസ് അദ്ദേഹം നേടി.

ഓപ്പണർ ജോണി ബെയർസ്റ്റോ 48 പന്തിൽ എട്ട് ബൗണ്ടറികളും ഒൻപത് സിക്സറുകളുമടക്കം 108 റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ ശശാങ്ക് സിങ്ങാണ് അവസാന ഓവറുകളിൽ അവിശ്വസനീയ ബാറ്റിങ് പ്രകടനത്തിലൂടെ ടീമിനെ വിജയത്തിലേക്ക് എത്തിച്ചത്. നാലാം നമ്പരിൽ ബാറ്റിങ്ങിന് എത്തിയ ശശാങ്ക് വെറും 28 പന്തുകളിൽ രണ്ട് ബൗണ്ടറികളും എട്ട് സിക്സറുകളും അടക്കം 68 റൺസ് നേടി പുറത്താകാതെ നിന്നു.


കിടിലൻ നേട്ടത്തിനരികെ സഞ്ജു​ ​
ശശാങ്ക് ദി ഹീറോ

ഈ സീസണിലെ മിന്നും ഫോം ശശാങ്ക് സിങ് തുടരുകയാണ്. ഇക്കുറി ഒൻപത് കളികളിൽ നിന്ന് 182.63 സ്ട്രൈക്ക് റേറ്റിലും, 65.75 ശരാശരിയിലും 263 റൺസ് അദ്ദേഹം നേടിക്കഴിഞ്ഞു. 19 ബൗണ്ടറികളും 18 സിക്സറുകളുമാണ് അദ്ദേഹത്തിന്റെ ബാറ്റിൽ നിന്ന് ഇത്തവണ പിറന്നത്. ഐപിഎല്ലിന് ശേഷം ഇക്കുറി ടി20 ലോകകപ്പ് നടക്കാനിരിക്കുകയാണ്‌ ഇത്ര കിടിലൻ ഫോമിലുള്ള ശശാങ്കിനെ ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിലേക്ക് പരിഗണിക്കണമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. വെടിക്കെട്ട് ബാറ്റിങ്ങിന്റെ ആശാനായ‌ ശശാങ്കിനെ ലോകകപ്പിൽ ഇന്ത്യയുടെ ഫിനിഷിങ് ജോലി ഏൽപ്പിക്കണമെന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളിൽ അഭിപ്രായങ്ങൾ ഉയരുന്നത്.


പഞ്ചാബിന്റെ വിജയനിമിഷം​

READ ON APP