Hero Image

കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ ഈ അവസ്ഥ വന്നതിന്റെ കാരണം അക്കാര്യം തന്നെ; മഞ്ഞപ്പട ആരാധകർ കടുത്ത നിരാശയിൽ

10 -ാം സീസണിലും കിരീടം ഇല്ലാത്തവർ എന്ന പരിഹാസത്തിനു മറുപടി നൽകാൻ സാധിക്കാതെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി 2023 - 2024 സീസൺ അവസാനിപ്പിച്ചു. പ്ലേ ഓഫ് എലിമിനേറ്ററിൽ ഒഡീഷ എഫ് സിയോട് അധിക സമയത്തേക്ക് നീണ്ട പോരാട്ടത്തിൽ 2 - 1 ന് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ തോൽവി. മത്സരത്തിൽ ലീഡ് നേടിയ ശേഷമായിരുന്നു കൊച്ചി ക്ലബ് തലതാഴ്ത്തിയത് എന്നതും ശ്രദ്ധേയം.
ഏതായാലും കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു പതിറ്റാണ്ട് പൂർത്തിയാക്കിയ കിരീട ദൗർഭാഗ്യത്തിൽ ആരാധകർ കടുത്ത നിരാശയിലാണ് എന്നതാണ് വാസ്തവം. ഓരോ സീസണിന്റെ തുടക്കത്തിലും വൻ പ്രതീക്ഷയോടെയാണ് ആരാധകർ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി സോഷ്യൽ മീഡിയയിൽ അടക്കം പിന്തുണ പ്രഖ്യാപിച്ചിരുന്നത്. 2023 - 2024 ഐ എസ് എൽ സീസണിൽ ഒരു ഘട്ടത്തിൽ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. എന്നാൽ, തുടർച്ചയായ പരിക്കും പ്രശ്നങ്ങളുമാണ് കൊച്ചി ക്ലബ്ബിനെ തളർത്തിയത്.
ഈ സീസണിൽ ലീഗ് റൗണ്ടിൽ അഞ്ചാം സ്ഥാനത്തായതും പ്ലേ ഓഫ് എലിമിനേറ്ററിൽ പുറത്തായതിനും എല്ലാം ഒരേ ഒരു കാരണം മാത്രം, പരിക്ക്. 2023 - 2024 സീസണിനു മുന്നോടിയായുള്ള പരിശീലന ഘട്ടം മുതൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ പരിക്ക് പിടികൂടിയതാണ്. ഓസ്ട്രേലിയൻ താരമായ ജോഷ്വ സൊറ്റിരിയൊ കൊച്ചിയിൽ വിമാനം ഇറങ്ങിയതും തിരിച്ചു പോയതും മാത്രമാണ് കാണാൻ കഴിഞ്ഞത്. പ്രീ സീസൺ പരിശീലനത്തിനിടെ പരിക്കേറ്റതായിരുന്നു കാരണം. പിന്നീട് ഗ്രീക്ക് സെന്റർ സ്ട്രൈക്കർ ദിമിത്രിയോസ് ഡയമാൻറകോസിനെയും പരിക്ക് പിടി കൂടി.
എന്നാൽ, ഐ എസ് എൽ സീസൺ ആരംഭിക്കുന്നതിനു മുൻപ് കളത്തിൽ എത്താൻ ദിമിത്രിയോസ് ഡയമാന്റകോസിനു സാധിച്ചു. ഘാന സ്ട്രൈക്കർ ഖ്വാമെ പെപ്ര, ഉറുഗ്വെൻ പ്ലേ മേക്കർ അഡ്രിയാൻ ലൂണ, ദിമിത്രിയോസ് ഡയമാന്റകോസ്, മിഡ്ഫീൽഡർമാരായ ഫ്രെഡ്ഡി ലാലമ്മാവ, ജീക്സൺ സിങ്, ഡിഫെൻഡർമാരായ ഐബാൻബ ഡോഹ്‌ലിങ്, മാർക്കൊ ലെസ്കോവിച്ച്, ഗോൾ കീപ്പർ സച്ചിൻ സുരേഷ് ഏറ്റവും ഒടുവിൽ പ്ലേ ഓഫ് എലിമിനേറ്ററിനിടെ ഗോളിയായിരുന്ന ലാറ ശർമ എന്നിങ്ങനെ എല്ലാവരും പരിക്കിനെ തുടർന്ന് ടീമിനു പുറത്തും അകത്തുമായി കഴിഞ്ഞ സീസൺ ആയിരുന്നു 2023 - 2024.
ഡിസംബറിൽ അഡ്രിയാൻ ലൂണ പരിക്കേറ്റ് പുറത്തായ ശേഷം പിന്നീട് അദ്ദേഹം കളത്തിൽ എത്തിയത് പ്ലേ ഓഫ് എലിമിനേറ്ററിൽ ഒഡീഷ എഫ് സിക്ക് എതിരേ ആയിരുന്നു. ഡിസംബറിൽ ഐ എസ് എൽ പോരാട്ടം അവസാനിക്കുമ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് എഫ് സി എന്നതും വിസ്മരിച്ചു കൂടാ. ജനുവരിയിൽ സൂപ്പർ കപ്പ് തുടങ്ങിയതോടെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗതികേടും ആരംഭിച്ചത്. സൂപ്പർ കപ്പിലെ മോശം ഫോം ഐ എസ് എല്ലിലും തുടർന്നു. മുൻനിര കളിക്കാർ പരിക്കേറ്റ് പുറത്തായപ്പോൾ പകരക്കാർക്ക് കാര്യമായ പ്രകടനം നടത്താൻ സാധിച്ചില്ല എന്നതായിരുന്നു ഇതിന്റെ കാരണം.
ലീഗിൽ 13 ഗോൾ നേടിയ ദിമിത്രിയോസ് ഡയമാന്റകോസ് പരിക്കേറ്റ് പുറത്തായ ശേഷം കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോളടിയിൽ പോലും കുറവുണ്ടായി. ദിമിത്രിയോസ് ഡയമാന്റകോസ് ഇല്ലാതെ പ്ലേ ഓഫ് എലിമിനേറ്റർ അടക്കം മൂന്ന് മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് കഴിച്ചത്. അതിൽ നാല് ഗോൾ മാത്രമാണ് കൊച്ചി ക്ലബ് നേടിയത്. ചുരുക്കത്തിൽ പരിക്കിന്റെ പിടിയിൽ അകപ്പെട്ടില്ലായിരുന്നെങ്കിൽ കിരീട ദൗർഭാഗ്യത്തിന് 2023 - 2024 സീസണിൽ ബ്ലാസ്റ്റേഴ്സ് വിരാമം കുറിച്ചേക്കുമായിരുന്നു എന്നു വേണം കരുതാൻ.

READ ON APP