Hero Image

അന്താരാഷ്ട്ര സമ്മര്ദ്ദം; അഭയം നല്കിയ ഹമാസ് നേതാക്കളെ ഖത്തര് പുറത്താക്കുമോ?

ദോഹ: അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി ഹമാസ് നേതാക്കളെ ഖത്തര്‍ പുറത്താക്കുമോ എന്ന ചര്‍ച്ചയ്ക്ക് ചൂടുപിടിച്ചിരിക്കുകയാണ് ഇപ്പോള്‍. ചില പാശ്ചാത്യ രാജ്യങ്ങളുടെ ദുരുദ്ദേശ്യപരമായ വിമര്‍ശനങ്ങളെ തുടര്‍ന്ന് ഇസ്രായേല്‍- ഹമാസ് മധ്യസ്ഥതയുടെ കാര്യത്തില്‍ പുനരാലോചന നടത്തുകയാണെന്ന ഖത്തര്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയക്കു പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായത്.
ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ വാള്‍സ്ട്രീറ്റ് ജേണല്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ നല്‍കിയിരുന്നു. ഹമാസ് നേതാക്കള്‍ ഖത്തറില്‍ തുടരുംഎന്നാല്‍ ഏറ്റവും മുതിര്‍ന്ന നേതാക്കളായ ഖാലിദ് മിശ്അല്‍, ഇസ്മാഈല്‍ ഹനിയ്യ തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്ന ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയ്ക്ക് ഖത്തര്‍ നല്‍കി വരുന്ന അഭയം തുടരുമെന്നാണ് ഖത്തറിന്റെ പ്രതികരണം. പുതിയ റിപ്പോര്‍ട്ടുകളുടെ സാഹചര്യത്തില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തി. ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോയുടെ സാന്നിദ്ധ്യം നിലവില്‍ നടന്നുവരുന്ന മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഗുണകരമാണെന്നും അതുകൊണ്ടു തന്നെ നേതാക്കളെ രാജ്യത്ത് നിന്ന് പുറത്താക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വക്താവ് മജീദ് അല്‍ അന്‍സാരി പ്രസ്താവനയില്‍ വ്യക്തമാക്കി. ഹമാസ് സാന്നിധ്യം അമേരിക്കയുടെ താല്‍പര്യം
''ഞങ്ങള്‍ ഇതിനകം വ്യക്തമാക്കിയിട്ടുള്ളതു പോലെ, ഈ മധ്യസ്ഥ ശ്രമത്തില്‍ അവരുടെ സാന്നിധ്യം ഉപയോഗപ്രദവും ഗുണാത്മകവും ആയിരിക്കുന്നിടത്തോളം കാലം അവര്‍ ഇവിടെ തുടരും,''- മജീദ് അല്‍ അന്‍സാരി ദോഹയില്‍ നടന്ന മന്ത്രാലയത്തിന്റെ പ്രതിവാര വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹമാസുാമയി ആശയ വിനിമയത്തിനുള്ള ഒരു ചാനല്‍ നിലനിര്‍ത്തണമെന്ന് അമേരിക്ക നേരത്തേ താത്പര്യം അറിയിച്ചതായും അതിന്റെ അടിസ്ഥാനത്തില്‍ 2012 മുതല്‍ ദോഹ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോയ്ക്ക് ആതിഥേയത്വം വഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്
ഇസ്രായേല്‍- ഹമാസ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സ്തംഭിച്ച സാഹചര്യത്തില്‍ ഖത്തറിനു മേലുള്ള അമേരിക്കയുടെ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് ഹമാസിന്റെ രാഷ്ട്രീയ നേതൃത്വം ഖത്തറില്‍ നിന്ന് മാറാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു വാള്‍സ്ട്രീറ്റ് ജേണല്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്റെ മുന്നോടിയായി അറബ്, ഗള്‍ഫ് മേഖലയിലെ രണ്ട് രാജ്യങ്ങളുമായി ഹമാസ് നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. വാര്‍ത്ത നിഷേധിച്ച് ഹമാസ് നേതൃത്വംഎന്നാല്‍, വാള്‍ സ്ട്രീറ്റ് റിപ്പോര്‍ട്ടിനു പിന്നാലെ, തങ്ങള്‍ ഖത്തര്‍ വിടുന്നതായുള്ള വാര്‍ത്ത ഹമാസ് നേതൃത്വം നിഷേധിച്ചിരുന്നു. ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍, ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം മുഹമ്മദ് നസലാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചത്. പാശ്ചാത്യ മാധ്യമങ്ങളില്‍ വരുന്ന ഇത്തരം വാര്‍ത്തകള്‍ കേവലം ഊഹാപോഹങ്ങള്‍ മാത്രാമണെന്നും അദ്ദേഹം പറഞ്ഞു. സമ്മര്‍ദ്ദം ചെലുത്താന്‍ ഞങ്ങളില്ലെന്ന് ഖത്തര്‍
അതേസമയം, ഒരു മധ്യസ്ഥന്‍ എന്ന നിലയില്‍ ഖത്തര്‍ വഹിക്കുന്ന റോള്‍ കാരണം, അതില്‍ ഉള്‍പ്പെട്ട ഏതെങ്കിലും കക്ഷികള്‍ക്ക് മേല്‍ ഏതെങ്കിലും രീതിയിലുള്ള സമ്മര്‍ദ്ദം ചെലുത്താന്‍ തങ്ങള്‍ ഒരുക്കമല്ലെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് വ്യക്തമാക്കി. ഇസ്രായേലും ഹമാസും തമ്മില്‍ ആറു മാസമായി നിലനില്‍ക്കുന്ന സംഘര്‍ഷത്തില്‍ നവംബര്‍ 24 നും ഡിസംബര്‍ 1 നും ഇടയില്‍ ഒരാഴ്ച നീണ്ടുനിന്ന വെടിനിര്‍ത്തലിന് ഈജിപ്തിനൊപ്പം നേതൃത്വം നല്‍കിയത് ഖത്തറായിരുന്നു. ഇരു വിഭാഗങ്ങളും തമ്മിലുള്ള തടവുകാരുടെ കൈമാറ്റത്തിന് ഇത് അവസരമൊരുക്കിയിരുന്നു. ഖത്തറിന് വിമര്‍ശനവുമായി യുഎസ്സും ഇസ്രായേലും
എന്നാല്‍, ഇതിനു ശേഷവും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള ഇസ്രായേല്‍ നേതൃത്വവും അമേരിക്കന്‍ നയതന്ത്രജ്ഞരും രാജ്യത്തിനെതിരേ വിമര്‍ശനവുമായി രംഗത്തുവന്നത് ഖത്തറിനെ ചൊടിപ്പിച്ചിരുന്നു. വെടിനിര്‍ത്തലിന്റെ കാര്യത്തില്‍ ഹമാസിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഖത്തര്‍ തയ്യാറാവുന്നില്ലെന്നും ഹമാസിന്റെ പക്ഷം പിടിക്കുകയാണെന്നുമുള്ള വിമര്‍ശനങ്ങളായിരുന്നു അവര്‍ ഉന്നയിച്ചത്. ഖത്തറിന്റെ മധ്യസ്ഥ നിലപാട് കുഴപ്പം പിടിച്ചതാണെന്ന് വിശേഷിപ്പിക്കുന്ന നെതന്യാഹുവിന്റെ സംഭാഷണ ഓഡിയോ ജനുവരിയില്‍ പുറത്തുവന്നിരുന്നു. അതിനു പിന്നാലെ ഇസ്രായേല്‍ സാമ്പത്തിക മന്ത്രി നീര്‍ ബ്രകാത്ത്, ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ ഖത്തറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും രാജ്യം സമാധാനത്തിന് ഭീഷണിയാണെന്നും ആരോപിക്കുകയും ചെയ്തിരുന്നു. നിലപാട് വ്യക്തമാക്കി ഖത്തര്‍
ഇതേത്തുടര്‍ന്നാണ് മധ്യസ്ഥ ചര്‍ച്ചകളിലുള്ള രാജ്യത്തിന്റെ ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ മധ്യസ്ഥ റോളില്‍ നിന്ന് പിന്‍മാറുന്നതിനെ കുറിച്ച് തങ്ങള്‍ ആലോചിക്കുകയാണെന്ന് ഖത്തര്‍ പ്രധാനമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ താനി പ്രസ്താവനയില്‍ വ്യക്തമാക്കിയത്. ഇതിന്റെ ചുവടുപിടിച്ചാണ് അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്കു വവഴി ഹമാസിന്റെ നേതാക്കളെ ഖത്തര്‍ പുറത്താക്കുമെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. എന്നാല്‍ അത്തരമൊരു നീക്കം തങ്ങളുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം

READ ON APP