Hero Image

കുവൈറ്റിലെ പൊതുമാപ്പ്; ഇതിനകം ഉപയോഗപ്പെടുത്തിയത് ഇന്ത്യക്കാര് ഉള്പ്പെടെ ആറായിരത്തിലേറെ പേര്

കുവൈറ്റ് സിറ്റി: താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ക്കായി കുവൈറ്റ് ഭരണകൂടം പ്രഖ്യാപിച്ച മൂന്ന് മാസത്തെ പൊതുമാപ്പിന് മികച്ച പ്രതികരണം. കഴിഞ്ഞ മാസം 17ന് ആരംഭിച്ച പൊതുമാപ്പ് കാലയളവ് ഒരു മാസം പിന്നിടുമ്പോള്‍ ആറായിരത്തിലേറെ പ്രവാസികള്‍ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് 2020 മുതല്‍ നിയമം ലംഘിച്ച് രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്ക് പിഴയില്ലാതെ രാജ്യം വിടുന്നതിനോ നിശ്ചിത തുക അടച്ച് സ്റ്റാറ്റസ് ക്രമീകരിച്ച് രാജ്യത്ത് തുടരുന്നതിനോ അവസരം ഒരുക്കുന്നതാണ് പ്രഖ്യാപിച്ച മൂന്ന് മാസത്തെ പൊതുമാപ്പ്. റമദാന്‍ മാസത്തിനു മുന്നോടിയായിട്ടായിരുന്നു ഈ പ്രഖ്യാപനം.ഇതുപ്രകാരം രാജ്യത്ത് നിയമം ലംഘിച്ച് കഴിയുന്ന പ്രവാസികളില്‍ ഇന്ത്യക്കാരുള്‍പ്പെടെ 1807 പേര്‍ അധികൃതര്‍ക്കു മുമ്പില്‍ ഹാജരായി പിഴയോ മറ്റ് നിയമനടപടികളോ ഇല്ലാതെ രാജ്യം വിടാനുള്ള അര്‍ഹത നേടിയതായി അധികൃതര്‍ അറിയിച്ചു.
ഇതിനു പുറമെ, താമസ നിയമം ലംഘിച്ച് രാജ്യത്ത് കഴിയുകയായിരുന്ന ആര്‍ട്ടിക്കിള്‍ 20 (ഗാര്‍ഹിക തൊഴിലാളി), ആര്‍ട്ടിക്ക്ള്‍ 18 (തൊഴില്‍) വിസകള്‍ കൈവശമുള്ളവരോ ഫാമിലി വിസയിലോ ബിസിനസ് വിസിറ്റ് വിസയിലോ ഉള്ളവരോ ആയ 4,565 പേര്‍ നിശ്ചിത സംഖ്യ പിഴ അടച്ച് താമസം നിയമപരമാക്കിയതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. Also Read: ഇന്ത്യക്കാര്‍ക്കു പുറമെ, ഈജിപ്ത്, സിറിയ, ഫിലിപ്പീന്‍സ്, ശ്രീലങ്ക, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തിയവരില്‍ കൂടുതലും.
ഈ രാജ്യങ്ങളില്‍ നിന്നുള്ള എംബസികളുമായി സഹകരിച്ച് തങ്ങളുടെ പൗരന്മാരില്‍ നിയമലംഘകരെ കണ്ടെത്തി, പാസ്പോര്‍ട്ട് നഷ്ടപ്പെടുകയോ അത് സ്‌പോണ്‍സര്‍ തടഞ്ഞുവയ്ക്കുകയോ ചെയ്ത കേസുകളില്‍ 2,801 വ്യക്തികള്‍ക്ക് യാത്രാ രേഖകള്‍ വിതരണം ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയം അവസരമൊരുക്കിയതായും അധികൃതര്‍ വ്യക്തമാക്കി. കുവൈറ്റ് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ പ്രയോജനം മലയാളികള്‍ ഉള്‍പ്പെടെ 1,20,000 ത്തിലധികം പ്രവാസികള്‍ക്ക് ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ ഇതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് അവര്‍ താമസിക്കുന്ന ഗവര്‍ണറേറ്റിലെ റെസിഡന്‍സി അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫീസില്‍ എത്താന്‍ ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്റ്റാറ്റസ് ക്രമപ്പെടുത്തി രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെയും രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവര്‍ വൈകുന്നേരം മൂന്നു മണി മുതല്‍ രാത്രി എട്ടു മണി വരെയുള്ള സമയത്തുമാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസില്‍ ആവശ്യമായ രേഖകളുമായി എത്തിച്ചേരേണ്ടത്.
പുതിയ പാസ്‌പോര്‍ട്ടുകളോ യാത്രാ രേഖകളോ ഉള്ളവര്‍ മുബാറക് അല്‍ കബീര്‍, ഫര്‍വാനിയ ഗവര്‍ണറേറ്റുകളിലെ റസിഡന്‍സി അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റുകളിലെ കമ്പ്യൂട്ടര്‍ സംവിധാനങ്ങളില്‍ അവ രജിസ്റ്റര്‍ ചെയ്യണം.രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവരും ആഭ്യന്തര മന്ത്രാലയത്തിന്റെ സംവിധാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സാധുവായ പാസ്‌പോര്‍ട്ടുകളുള്ളവരും റെസിഡന്‍സി അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫീസുകളില്‍ എത്തേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, പൊതുമാപ്പ് കാലയളവിന് ശേഷവും നിബന്ധനകള്‍ പാലിച്ച് രാജ്യം വിടുകയോ പിഴയൊടുക്കി സ്റ്റാറ്റസ് ക്രമപ്പെടുത്തുകയോ ചെയ്യാത്തവര്‍ക്കെതിരെ നാടുകടത്തലും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തലും ഉള്‍പ്പെടെ കര്‍ശനമായ നടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

READ ON APP