Hero Image

ശുഭചിന്ത: അടിതെറ്റിയാല് ആനയും വീഴും

എത്ര ബലവാനായാലും, കായികശേഷി ഉള്ളവനായാലും ആയുധം കൈയിലുള്ളവനാണെങ്കിലും അവന് അധര്മ്മമാണ് ചെയ്യുന്നതെങ്കില് ഒരുനാള് ധര്മ്മത്തിന് മുമ്പില് കീഴടങ്ങേണ്ടിവരും. ഇന്ന് നമുക്ക് ചുറ്റും തെറ്റുകള് മാത്രം ചെയ്ത് ഭ്രാന്ത് പിടിച്ച് ഓടിനടക്കുന്നവര് അനവധി. ഈ മനുഷ്യര് സ്വാര്ത്ഥ താല്പര്യങ്ങള്ക്കുവേണ്ടിയാണ് തെറ്റുകള് ചെയ്ത് കൂട്ടുന്നത്.


രാവണന് സീതയെ ബലാത്ക്കാരമായി പിടിച്ച് അപഹരിച്ചുകൊണ്ടുപോയി. മനസ്സുകൊണ്ട് സീതയെ കൈവശമാക്കാന് സാധിക്കില്ലെന്ന് ബോധ്യം വന്നപ്പോഴാണ് അപഹരിച്ചുകൊണ്ടുപോയത്. പിന്നീട് ശ്രീരാമന് രാവണനെ വധിച്ച് സീതയെ വീണ്ടെടുത്തു. അധര്മ്മം ചെയ്തതുകൊണ്ടാണ് രാവണന് ഇങ്ങനെയൊരു അന്ത്യം സംഭവിച്ചത്. സാത്വികഗുണങ്ങളുടെ ചിന്താശരങ്ങളേറ്റ് ഒരു ദിനം തമോഗുണങ്ങള് നശിക്കുന്നു. ഇവിടെ രാമന് രാവണനെ വധിച്ചതോടെ രാവണന്റെ എല്ലാ പാപങ്ങളും ഇല്ലാതായിരിക്കുന്നു. പാപിയായ രാവണന് മരിച്ചുകഴിഞ്ഞതോടെ അയാളിലുണ്ടായിരുന്ന കളങ്കം ഇല്ലാതായി. സാധാരണയായി പോലീസുകാര് മൃതദേഹം കാണുമ്പോള് തൊപ്പിയൂരി മൃതദേഹത്തോട് ആദരവ് സൂചിപ്പിക്കുന്നത് കണ്ടിട്ടില്ലേ? ആരാണെങ്കിലും മരിച്ചു കഴിഞ്ഞാല് ആ മൃതദേഹത്തോട് ആദരവ് കാണിക്കുക തന്നെ വേണം.
ഒരിക്കല് ഒരു സന്യാസി ശിഷ്യരെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന സമയം. അതുവഴി ഒരു മൃതശരീരവുംകൊണ്ട് ആളുകള് ശ്മശാനത്തിലേക്ക് പോകുന്നത് കണ്ടു. ഇതു കണ്ട് സന്യാസി ആദരവോടെ എഴുന്നേറ്റു നിന്നു. കൂട്ടത്തില് ഒരു ശിഷ്യന് പറഞ്ഞു: 'അത് ഒരു മുസ്ലീം യുവാവിന്റെ ജഡമാണ്.' ഇത് കേട്ട സന്യാസി പറഞ്ഞു: ''അതും ഒരു ആത്മാവ് തന്നെയാണ്. നമ്മള് മനുഷ്യര് ആരു മരിച്ചാലും മരിച്ചവരോട് ആദരവ് കാണിക്കണം.''
പുരാണ കഥകളുടെ പശ്ചാത്തലത്തിലല്ലാതെ നോക്കിയാലും, അവനവന്റെ ഓരോ പ്രവൃത്തിക്കും അതിന്റേതായ ഫലം കിട്ടുന്നതാണ്. കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിനെ ബാധിക്കുന്ന; അധഃപതിച്ച സ്വാര്ത്ഥ ചിന്തകള് മൂലം വെറും വിഷയസുഖങ്ങളെത്തേടിപ്പോകുമ്പോള് ഒന്നോര്ക്കുക- അങ്ങനെയുള്ള സുഖങ്ങള് ഒന്നുംതന്നെ ശാശ്വതമല്ല. അവ തനിക്കുതന്നെ സര്വ്വനാശം വരുത്തുമെന്നും ചിന്തിക്കുക. എത്ര സ്വാധീനമുള്ളവനും, നല്ല കുലത്തില് പിറന്നവനായാലും, കോടീശ്വരനായാലും അധര്മ്മം ചെയ്താല് ഒരുനാള് അടിതെറ്റി വീഴും. ''അടിതെറ്റിയാല് ആനയും വീഴും'' എന്ന പഴഞ്ചൊല്ല് എത്ര അര്ത്ഥ സമ്പൂര്ണ്ണമാണ്.

READ ON APP