Hero Image

മഹാവിഷ്ണു മത്സ്യമായ കഥ...

വേദങ്ങള് നാലാണ്.
ഋക്, യജുസ്, സാമം, അഥര്വം.
ബ്രഹ്മാവായിരുന്നു വേദങ്ങള് സൂക്ഷിച്ചിരുന്നത്.
ഒരിക്കല് ഹയഗ്രീവന് എന്ന അസുരന് ചെന്ന് ആ വേദങ്ങള് അപഹരിച്ചു. സമുദ്രത്തിനടിയില് കൊണ്ടുപോയി ഒളിപ്പിച്ചുവച്ചു.
ദുഷ്ടനായ ഹയഗ്രീവനെ നിഗ്രഹിച്ച് വേദങ്ങള് പുറത്തെടുക്കണം. സാധാരണക്കാര്ക്ക് സാധിക്കുന്ന കാര്യമല്ല.

അതിനാല് മഹാവിഷ്ണു തന്നെ ഒരു മത്സ്യമായി അവതരിച്ചു.
അക്കാലത്ത് ജീവിച്ചിരുന്ന ഭക്തനായിരുന്ന ഒരു മഹാരാജാവായിരുന്നു വൈവസ്വന മനു. അദ്ദേഹം കൃത മാലാ നദിയില് കുളിക്കാനിറങ്ങിയപ്പോള് ഒരു ചെറിയ മത്സ്യം അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു:
രാജാവേ! വലിയ മത്സ്യങ്ങളെ എനിക്കു പേടിയാണ്. അതിനാല് അങ്ങ് എന്നെ പരിപാലിക്കണം.
ദയാലുവായ മനു മഹാരാജാവ് മത്സ്യത്തെ എടുത്ത് ഒരു കുടത്തിലാക്കി വളര്ത്തി. മത്സ്യം വേഗം വലുതായി. അത് കുടം നിറഞ്ഞു.
മനു മത്സ്യത്തെ ഒരു കുളത്തിലേക്ക് മാറ്റി. മത്സ്യം അവിടെയും അതിവേഗം വളര്ന്നു. മത്സ്യത്തിന്റെ ശരീരം കുളത്തില് നിറഞ്ഞു.
രാജാവേ എനിക്കിനി ഈ കുളത്തില് ജീവിക്കാന് കഴിയില്ല. എന്നെ പുഴയിലേക്ക് മാറ്റണം. മത്സ്യം രാജാവിനോട് അപേക്ഷിച്ചു.
ഉടനെ മനു മഹാരാജാവ് മത്സ്യത്തെ ഗംഗാനദിയിലേക്ക് മാറ്റി. പക്ഷേ, ഏതാനും ദിവസം കൊണ്ട് മത്സ്യം വലിയൊരു തിമിംഗലത്തേക്കാളും വലുതായി. ഗംഗാനദിക്ക് ആ ഭീമാകാരനായ മത്സ്യത്തെ വഹിക്കാന് ശക്തിയില്ലാതായി. മത്സ്യം അപ്പോള് മനു മഹാരാജാവിനോട് പറഞ്ഞു:
മഹാരാജാവേ, ഏഴ് ദിവസത്തിനകം ഭൂമിയില് ജലപ്രളയമുണ്ടാകും. അങ്ങ് ഒരു തോണിയുണ്ടാക്കി അതില് രക്ഷപ്പെടുക.
മത്സ്യം പറഞ്ഞതുപോലെ മഹാപ്രളയമുണ്ടായി. മനു വലിയൊരു തോണിയുണ്ടാക്കി രക്ഷപ്പെട്ടു. പ്രളയത്തില് ലോകത്തിലെ ജീവികളെല്ലാം നശിച്ചുപോയി. സമുദ്രം ഇളകിമറിഞ്ഞു. മത്സ്യം ആഴിയുടെ അടിയിലേക്ക് ഊളിയിട്ടിറങ്ങി. അവിടെ ചെന്ന് ഹയഗ്രീവനോട് യുദ്ധം ചെയ്ത് അവനെ കൊലപ്പെടുത്തി വേദങ്ങള് നാലുമെടുത്ത് കടലിന്റെ മുകളിലെത്തി.
വേദങ്ങള് ബ്രഹ്മാവിനെ ഏല്പ്പിച്ചു. അതോടെ ബ്രഹ്മാവ് വീണ്ടും സൃഷ്ടികര്മ്മത്തില് മുഴുകി. മത്സ്യവും മനുവും മാത്രം ബാക്കി.
മത്സ്യത്തിന്റെ തലയില് ഒരു വലിയ കൊമ്പു മുളച്ചുവന്നു. മനു തന്റെ തോണി മത്സ്യത്തിന്റെ കൊമ്പില് കെട്ടിയിട്ടു. മത്സ്യം തോണിയെ വലിച്ച് ഹിമാലയത്തിന്റെ നെറുകയിലെത്തിച്ച് അവിടെ ബന്ധിച്ചു.

READ ON APP