Hero Image

ഗോമാതാവും ഹൈന്ദവാചാരങ്ങളും...

വീടുകളില് പരിപാലിക്കപ്പെടുന്ന പ്രധാന മൃഗമാണ് പശു. പശുവിന് പാലും അനുബന്ധ ഉത്പന്നങ്ങളായ നെയ്യ്, വെണ്ണ, പനിനീര്പോലെ പ്രയോജനപ്രദമാണ് പശുവിന് ചാണകം, ഗോമൂത്രം ആദിയായവ. ചാണകത്തില്നിന്നും പാചകവാതകവും ഉത്പാദിപ്പിക്കപ്പെടുന്നു. വളമായും, മരുന്നിനായും, പൂജയ്ക്കായും മറ്റും ഈ ഉത്പന്നങ്ങള് പ്രയോജനപ്പെടുന്നു. ഇപ്രകാരം വളരെ ഉപകാരപ്രദമായ ഒരു മൃഗമായതിനാലാണ് അതിനെ ഭക്ഷണത്തിനായി ഉപയോഗിക്കുന്നത് പാപമായി കണക്കാക്കപ്പെടുന്നത്.

പശു അഥവാ 'ഗോമാതാവ്' നമ്മുടെ സംസ്ക്കാരവും, ഭക്തിപ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നതിനാലാണ് ഈ ലേഖനം പ്രസക്തമാകുന്നത്. ഭഗവാന് ശ്രീകൃഷ്ണന് ഗോക്കളുമായി അഭേദ്യമായ ബന്ധമാണുള്ളത്.
ഭഗവാന് ശ്രീകൃഷ്ണന്റെ മറ്റൊരു നാമമാണ് ഗോപാലന്. ഭക്തര് ഇഷ്ടത്തോടെ ശ്രീകൃഷ്ണ ഭഗവാനെ വെണ്ണക്കണ്ണന്, വെണ്ണക്കള്ളന് എന്നിങ്ങനെ വിളിക്കുന്നു. പ്രധാന ശ്രീകൃഷ്ണ ക്ഷേത്രങ്ങളോട് അനുബന്ധിച്ച് ഗോശാലകള് കാണുന്നത് ഇതിന്റെ തെളിവാണ്.
ശ്രീകൃഷ്ണക്ഷേത്രങ്ങളില് തൃക്കൈവെണ്ണ, പാല്പ്പായസം എന്നിവ പ്രധാന വഴിപാടുകളില്പ്പെടുന്നു. അമ്പലപ്പുഴ പാല്പ്പായസം ലോകപ്രസിദ്ധമാണല്ലോ.
മാതാവിന് തുല്യം ഭക്ത്യാദരങ്ങളോടെ പരിപാലിക്കപ്പെടേണ്ട ജീവിയാണ് പശുവെന്ന് ഹൈന്ദവപുരാണങ്ങള് ഉദ്ഘോഷിക്കുന്നു. 'ഗോദാനം' അന്നദാനം പോലെ മികച്ച പുണ്യദായകമായ കര്മ്മമാണ്. സകല ദേവീദേവന്മാരുടേയും വാസസ്ഥാനമാണ് ഗോമാതാവ് എന്നാണ് ഹൈന്ദവ വിശ്വാസം. ഗോദാനം നടത്തുമ്പോള് ഭിക്ഷയറിഞ്ഞ് ദാനം ചെയ്യണമെന്ന് പറയപ്പെടുന്നു. അതായത് ദാനം സ്വീകരിക്കുന്ന ആള്, അതിനെ പരിപാലനം ചെയ്യുന്ന വ്യക്തിയായാല് മാത്രമേ യഥാര്ത്ഥ ഫലം പ്രാപ്തമാകുകയുള്ളൂ. ഇപ്രകാരം ശരിയായ വ്യക്തിക്ക് ഗോദാനം നടത്തുമ്പോള് ദാനം കൊടുത്ത വ്യക്തിക്ക് അളവറ്റ പുണ്യം ലഭിക്കുന്നുവെന്നതാണ് ഗോദാനത്തിന്റെ ഫലസിദ്ധി. മഹാവിഷ്ണു പള്ളികൊള്ളുന്നത്. പാല്ക്കടലിലാണെന്നുള്ളതും പാലിന്റെ മഹത്വം കൂട്ടുന്നു.
പ്രകൃതിയുടെ പൂര്ണ്ണഭാഗമായ രൂപമായിട്ടാണ് ഹൈന്ദവപുരാണങ്ങള് പശുവിനെ കാണുന്നത്. ശൈവഭക്തന്മാര് വിഭൂതിക്ക് പ്രത്യേക പ്രാധാന്യം നല്കിവരുന്നു. പരിശുദ്ധമായ വിഭൂതിയുണ്ടാക്കുന്നതാകട്ടെ, പശുവിന് ചാണകം ചെറിയ ഉരുളകളാക്കി സൂര്യപ്രകാശത്തില് ഉണക്കിയെടുക്കുന്ന ചാണക വരളികള് കത്തിച്ച് അതിലെ കരടുകള് മാറ്റി വിഭൂതി തയ്യാറാക്കുന്നു.
ചാണക വരളികള് കത്തിച്ചു കിട്ടുന്ന ചാരം വെളുത്ത നിറത്തിലുള്ള വിഭൂതിയാക്കുന്നത് പശുവിന്റെ മാഹാത്മ്യം കൊണ്ടാണെന്ന് നിസ്സംശയം പറയാം. ഹൈന്ദവര് പശുവിന് പാലിനെ ഏറ്റവും സ്വാത്വികമായിട്ടുള്ള ഭക്ഷണമായി കരുതുന്നതിന്റെ കാരണവും മറ്റൊന്നല്ല.
രാജാക്കന്മാര് ഋഷിമാര്ക്ക് ലക്ഷണമൊത്ത പശുക്കളെ ദാനമായി നല്കുന്ന സമ്പ്രദായം ഭാരതത്തില് നിലനിന്നിരുന്നു. സമാനമായി പരിണയ സമയത്ത് കന്യകയോടൊപ്പം ഗോക്കളെ സ്ത്രീധനമായി നല്കിയിരുന്നു. എട്ടുതരം വിവാഹങ്ങളില്പ്പെടുന്ന ഒരു സമ്പ്രദായമാണ് 'ആര്ഷം'. ഇതുപ്രകാരം കന്യാദാനം നടത്തുന്നത് വരനില്നിന്ന് രണ്ടു പശുക്കളെ വാങ്ങിയശേഷമാണ്. മാതൃകാഭരണം കാഴ്ചവച്ചിട്ടുള്ള എല്ലാ രാജപരമ്പരകളും ഗോക്കളെ പരിപാലിക്കുന്നതില് അതീവ ശ്രദ്ധ പുലര്ത്തിയിരുന്നു.
പശുവിനെ ദ്രോഹിക്കുന്നതും കൊല്ലുന്നതും കൊടിയ പാപമാണ്. പശുവിനെ ചവിട്ടുക, വഴി തടയുക, പുല്ലു തിന്നുന്നതും വെള്ളം കുടിക്കുന്നതും തടയുക, പശുവിന്റെ പുറത്തുകയറി യാത്ര ചെയ്യുക, പശുവിനെ കല്ലെറിയുക, അടിക്കുക, പശുക്കുട്ടിക്ക് പാല് നിഷേധിക്കുക, പശുവിന്റെ നേരെയുളള അതിക്രമങ്ങള് കണ്ടില്ലെന്ന് നടിക്കുക ഇവയൊക്കെ ചെയ്യരുതാത്ത കാര്യങ്ങളാകുന്നു. ഗുരു, പിതാവ്, മാതാവ്, ബ്രാഹ്മണന്, യോഗി, പശു എന്നിവരെ ഹിംസിക്കുന്നത് അധര്മ്മമായി മനുസംഹിതയില് പറയുന്നു.
ഭാരതത്തിന്റെ പല ഭാഗങ്ങളിലും ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ഗോസംരക്ഷണം നടത്തിയിരുന്നു. പണ്ട് എല്ലാ തറവാടുകളോടും ചേര്ന്ന് 'പശുത്തൊഴുത്ത്' കെട്ടി പശുക്കളെ വളര്ത്തിയിരുന്നു. പശു, ഭവനത്തിന് സമ്പത്തും സമൃദ്ധിയും കൊണ്ടുവരുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണിത്.
പശുവിന് പാല്, നെയ്യ്, തൈര്, ഗോമൂത്രം ചാണകം എന്നിവയുടെ ശക്തി ഹൈന്ദവര് പണ്ടേ തിരിച്ചറിഞ്ഞതാണ്. പഞ്ചഗവ്യം പൂജകളുടെ ഭാഗമാക്കി നമ്മുടെ പൂര്വ്വികര് ഇതിന് പ്രാധാന്യം നേടിക്കൊടുത്തു. സാമൂഹ്യപരമായും ഗോസംരക്ഷണം ശ്രദ്ധയാകര്ഷിക്കുന്നു. വളം ഉത്പാദനം, ഊര്ജ്ജസംരക്ഷണം, പ്രകൃതി സംരക്ഷണം എന്നിവ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടാവുന്നതാണ്.
ഇന്നും കൃഷിപോലെ തന്നെ ഭാരതജനതയുടെ പ്രധാന ഉപജീവന മാര്ഗ്ഗമാണ് പശുവളര്ത്തല്. അമ്മയുടെ മുലപ്പാല്പോലെ അമൃതമാണ് പശുവിന് പാലും. പ്രസവാനന്തരം കുറച്ചുകാലം അമ്മ കുട്ടിയെ മുലപ്പാല് നല്കി സംരക്ഷിക്കുന്നു. പിന്നീട് പശുവിന് പാലാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇപ്രകാരം ചിന്തിക്കുമ്പോള് അമ്മയുടെ സ്ഥാനമാണ് പശുവിന് നല്കേണ്ടതെന്ന് പ്രത്യേകം സൂചിപ്പിക്കേണ്ടതില്ലല്ലോ.
പശുവിന് മൂത്രവും, ചാണകവും പ്രധാനമായും ശുദ്ധികര്മ്മങ്ങള്ക്ക് ഉപയോഗിച്ചുവരുന്നു. ഗോമാതാവിനെപ്പറ്റി പറയുമ്പോള് 'കാമധേനു' വിനെപ്പറ്റി പറയാതിരിക്കാന് ആവില്ല. പാലാഴി മഥനത്തിന്റെ ഭാഗമായി പല അമൂല്യ വസ്തുക്കളും ലഭിക്കുകയുണ്ടായി. അപ്രകാരം ലഭിച്ച ഒരു അമൂല്യവസ്തുവാണ് കാമധേനു.
രാവിലെ കറന്നെടുക്കുന്ന പാല് ഉറയൊഴിച്ച് വൈകുന്നേരം അതില്നിന്നെടുക്കുന്ന വെണ്ണയെ 'നവനീതം' എന്ന് പറയുന്നു. ഭഗവാന് കൃഷ്ണന്റെ മറ്റൊരു നാമമാണ് നവനീതകൃഷ്ണന്. നിത്യവും ഗോക്കളെ ദര്ശിക്കുന്നത് അത്യുത്തമമാണ്.
അതിനാലാണ് ഉണര്ന്നുവരുമ്പോള് പശുവിനെ ദര്ശിക്കത്തക്ക വിധത്തില് വീടിനോട് ചേര്ന്ന് തറവാടുകളില് തൊഴുത്തിന് സ്ഥാനം നല്കിയിരിക്കുന്നത്.
''സര്വ്വകാമതുകേദേവി സര്വ്വ തീര്ത്ഥതാവിഷേകിനി-
ഭാവനേ സുരഭി ശ്രേഷ്ഠ ദേവീ തുഭ്യം നമോസ്തുതേ.''
എന്ന മന്ത്രം ചൊല്ലി പശുവിനെ കാമധേനുവായി സങ്കല്പിച്ച് വലംവച്ച് തൊഴാവുന്നതാണ്. ഉത്തരഭാരതത്തില് ഇപ്പോഴും ഗോമാതാവിനെ പൂജിക്കുകയും പരിപാലിക്കുകയും ചെയ്യുന്നുണ്ട്.
മാറുന്ന കാലഘട്ടത്തിനനുസരിച്ച് ഗോസംരക്ഷണത്തിനും മാറ്റം അനിവാര്യമാണ്. ക്ഷേത്രങ്ങളോട് ചേര്ന്ന് വലിയ ഗോശാലകള് നിര്മ്മിക്കാവുന്നതാണ്. അവിടെ ശാസ്ത്രീയമായ പരിപാലനത്തിലൂടെ ക്ഷേത്രാവശ്യങ്ങള്ക്കാവശ്യമായി വരുന്ന പാല് ഉത്പന്നങ്ങള് വാണിജ്യാടിസ്ഥാനത്തില് നിര്മ്മിക്കാവുന്നതാണ്. ധാരാളം ആളുകള്ക്ക് ഇതുവഴി തൊഴിലും, ജീവിതോപാധിയും ലഭിക്കും.
ആരോഗ്യപരമായും ഇത് ജനതയ്ക്ക് മുതല്ക്കൂട്ടാകും. ഇതൊക്കെ മുമ്പില് കണ്ടുകൊണ്ടാകണം 'ഗോപരിപാലനം' ഹൈന്ദവാചാരങ്ങളുടെ ഭാഗമാക്കാന് നമ്മുടെ പൂര്വ്വികരും ആചാര്യന്മാരും ശ്രമിച്ചത്.

READ ON APP