Hero Image

സേഫ്റ്റിയില് പുലിയായ ഈ എസ്യുവിയുടെ വില കുറച്ചു ; 1.10 ലക്ഷം രൂപയോളമാണ് കുറച്ചിരിക്കുന്നത്.

ജര്മന് വാഹന നിര്മാതാക്കള് രാജ്യത്ത് ഏറ്റവും കൂടുതല് വിറ്റഴിക്കുന്ന മോഡലായ ഫോക്സ്വാഗണ് ടൈഗൂണിന്റെ പ്രധാന സവിശേഷത അതിന്റെ സേഫ്റ്റിയാണ്. ക്രാഷ് ടെസ്റ്റില് ഏറ്റവും കൂടുതല് സേഫ്റ്റി സ്കോര് നേടിയ മെയ്ഡ് ഇന് ഇന്ത്യ എസ്യുവിയെന്ന കിരീടവും ഈ വാഹനത്തിനാണ്. ജര്മന് വാഹന ഭീമനായ ഫോക്സ്വാഗണ് തങ്ങളുടെ മുന്നിര എസ്യുവിയായ ടൈഗൂണിന്റെ വില വെട്ടിക്കുറച്ചിരിയ്ക്കുകയാണ്.

1.10 ലക്ഷം രൂപയോളമാണ് ബ്രാന്ഡ് കുറച്ചിരിക്കുന്നത്. ബ്രാന്ഡില് നിന്നുള്ള പരിമിതകാല ഓഫറിന്റെ ഭാഗമാണിതെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. മാത്രമല്ല മിഡ്-സൈസ് എസ്യുവിയുടെ തെരഞ്ഞെടുത്ത വേരിയന്റുകളില് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക.

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ എസ്യുവിയായ ഫോക്സ്വാഗണ് ടൈഗൂണിന് വില കുറയ്ക്കുന്നതിന് മുമ്പ് 11.70 ലക്ഷം രൂപ മുതല് 20 ലക്ഷം രൂപ വരെയായിരുന്നു എക്സ്ഷോറൂം വില വന്നിരുന്നത്. 1.10 ലക്ഷം കുറയുന്നതോടെ മോഡലിനെ തേടി കൂടുതല് ആളുകള് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോക്സ്വാഗന്റെ ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച് എന്ട്രി ലെവല് വേരിയന്റുകളില് 70,000 രൂപ ഡിസ്കൗണ്ടില് ടൈഗൂണ് വാഗ്ദാനം ചെയ്യുന്നുമുണ്ട്. അങ്ങനെ എസ്യുവിയുടെ പുതിയ പ്രാരംഭ വില 11 ലക്ഷം രൂപയായി മാറി. 1.0 ലിറ്റര് TSI പെട്രോള് എഞ്ചിന് ഘടിപ്പിച്ചിരിക്കുന്ന കംഫര്ട്ട്ലൈന് എന്നറിയപ്പെടുന്ന ഈ വേരിയന്റില് മാനുവല് ഗിയര്ബോക്സോടെയാണ് വരുന്നത്. ഡിസ്ജി ഓട്ടോമാറ്റിക് ട്രാന്സ്മിഷനുള്ള 1.5 ലിറ്റര് എഞ്ചിനുള്ള GT ലൈന് ക്രോം എന്ന പേരില് വില്ക്കുന്ന എസ്യുവിയുടെ മിഡ് വേരിയന്റുകളിലും വില ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

19.44 ലക്ഷം രൂപ മുതല് 19.74 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിലാണ് ഈ വേരിയന്റുകള് മുമ്പ് വാഗ്ദാനം ചെയ്തിരുന്നത്. ഫോക്സ്വാഗണ് ഈ വേരിയന്റിന്റെ വില 1.05 ലക്ഷം രൂപ വരെ കുറച്ചതോടെ പുതിയ വില 18.70 ലക്ഷം രൂപയായി താഴുകയും ചെയ്തിട്ടുണ്ട്. നേരത്തെ 19.70 ലക്ഷം രൂപ മുതല് 20 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില ഉണ്ടായിരുന്ന ടൈഗൂണ് ടോപ്പ് എന്ഡ് ജിടി പ്ലസ് എഡ്ജിന്റെ വില 18.90 ലക്ഷം രൂപയായി കുറഞ്ഞു. ഇതിനും ഏകദേശം 1.10 ലക്ഷം രൂപയാണ് കമ്പനി കുറച്ചിരിക്കുന്നത്. എസ്യുവിയുടെ പുതിയ വില എത്ര ദിവസത്തോളം ബാധകമാകുമെന്ന് ഫോക്സ്വാഗണ് വ്യക്തമാക്കിയിട്ടില്ല. ഈ മാസം അവസാനം വരെയെങ്കിലും ഓഫര് തുടരുമെന്നാണ് ഇപ്പോള് ലഭിക്കുന്ന വിവരം. കിട മത്സരം നടക്കുന്ന മിഡ്-സൈസ് എസ്യുവി സെഗ്മെന്റില് മാന്യമായ വില്പ്പന നേടിക്കൊടുക്കുന്ന ടൈഗൂണ് രണ്ട് ടിഎസ്ഐ പെട്രോള് എഞ്ചിന് ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. ഇതില് ആദ്യത്തേത് 113 bhp കരുത്തില് പരമാവധി 178 Nm torque വരെ സൃഷ്ടിക്കാനാവുന്ന 1.0 ലിറ്റര് ടര്ബോ എഞ്ചിനാണ്. 6-സ്പീഡ് മാനുവല് അല്ലെങ്കില് 6-സ്പീഡ് ടോര്ക്ക് കണ്വെര്ട്ടര് ഓട്ടോമാറ്റിക് ട്രാന്സ്മിഷന് ചോയ്സുകളാണ് ഇതിലുള്ളത്.

1.5 ലിറ്റര് ടര്ബോ പെട്രോള് എഞ്ചിനാണ് ടൈഗൂണിന്റെ ടോപ്പ് മോഡലുകള്. 148 bhp പവറില് പരമാവധി 250 Nm torque വരെ ഉത്പാദിപ്പിക്കാന് കഴിയുന്ന ഇതില് 6-സ്പീഡ് മാനുവല് അല്ലെങ്കില് 7-സ്പീഡ് ഡിസ്ജി ഓട്ടോമാറ്റിക്കാണ് ട്രാന്സ്മിഷന് ഓപ്ഷനുകള്. ടൈഗൂണിന് പുറമെ ഏപ്രില് മാസത്തേക്കായി ജനപ്രിയ സെഡാന് മോഡലായ വെര്ട്ടിസിനും പ്രത്യേക ഓഫറുകള് കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. വെര്ട്ടിസിന് ഈ ഏപ്രില് മാസം 1.40 ലക്ഷം രൂപ വരെയുള്ള ഓഫറാണ് ഫോക്സ്വാഗണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില് 90,000 രൂപ വരെയുള്ള ക്യാഷ് ഡിസ്കൗണ്ടും 30,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും 20,000 രൂപ വരെയുള്ള കോര്പ്പറേറ്റ് ആനുകൂല്യങ്ങള് അല്ലെങ്കില് ലോയല്റ്റി ഓഫറുകളുമാണ് ഉള്പ്പെടുന്നത്. സെഡാന്റെ 2023, 2024 മോഡലുകള്ക്കും 1.0 ലിറ്റര് ടിഎസ്ഐ, 1.5 ലിറ്റര് ടിഎസ്ഐ എന്നീ രണ്ട് എഞ്ചിന് ഓപ്ഷനുകളിലും ലഭ്യമാണ്.

READ ON APP