Hero Image

ഇന്ത്യയില് ഏറ്റവും കൂടുതല് പ്രതിഫലം വാങ്ങുന്ന ഗായിക ; സ്വന്തമാക്കിയത് 1.50 കോടിയുടെ ഡിഫന്ഡര്

ഇന്ത്യയില് ഏറ്റവും കൂടുതല് പേര് സോഷ്യല് മീഡിയയില് പിന്തുടരുന്ന ഗായികയാണ് നേഹ കക്കര്. ഇന്ത്യയില് ഏറ്റവും കൂടുതല് പ്രതിഫലം പറ്റുന്ന ഗായികമാരില് ഒരാള് കൂടിയാണ് നേഹ. ഒരു ഗാനം ആലപിക്കാന് ഏകദേശം 10 ലക്ഷം രൂപ വരെയാണ് നേഹ ഈടാക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ടെലിവിഷനില് നിന്ന് ഇടവേളയെടുത്ത നേഹ ഇപ്പോള് സൂപ്പര്സ്റ്റാര് സിംഗര് 3 റിയാലിറ്റി ഷോയുടെ ജഡ്ജായി വമ്പന് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.

ബോളിവുഡ് സെലിബ്രിറ്റികളുടെ ഇഷ്ട വാഹനമായ ലാന്ഡ് റോവര് ഡിഫെന്ഡര് കാര് സ്വന്തമാക്കിയിരിയ്ക്കുകയാണ് ഗായിക.

1.50 കോടി രൂപ വിലമതിക്കുന്ന ഡിഫന്ഡര് 110 HSE ആണ് നേഹ വീട്ടിലെത്തിച്ചിരിക്കുന്നത്. ഇതോടെ ലാന്ഡ് റോവര് ഡിഫെന്ഡര് സ്വന്തമാക്കുന്ന ആദ്യ ബോളിവുഡ് ഗായികയായി നേഹ മാറി. ആഗോളതലത്തില് ബ്രിട്ടീഷ് വാഹന നിര്മ്മാതാക്കളില് നിന്നുള്ള ഏറ്റവും ജനപ്രിയമായ എസ്യുവികളിലൊന്നാണ് ലാന്ഡ് റോവര് ഡിഫെന്ഡര്. ജനപ്രിയമായ സാന്റോറിനി ബ്ലാക്ക് നിറത്തിലുള്ള ഡിഫെന്ഡറാണ് നേഹ സ്വന്തമാക്കിയിരിക്കുന്നത്. സില്വര് ഫിനിഷില് വരുന്ന സ്റ്റാന്ഡേര്ഡ് 20 ഇഞ്ച് അലോയ് വീലുകളാണ് ഈ കാറില് കാണാന് സാധിക്കുന്നത്. ഡിഫെന്ഡറിന്റെ HSE പെട്രോള്, ഡീസല് വേരിയന്റുകളില് വാങ്ങാന് സാധിക്കും. പെട്രോള് വേരിയന്റാണ് നേഹ തെരഞ്ഞെടുത്തിരിക്കുന്നതെങ്കിലും ഗായിക തിരഞ്ഞെടുത്ത കൃത്യമായ എഞ്ചിന് ഓപ്ഷന് അറിവായിട്ടില്ല.

ഡിഫെന്ഡര് 110 HSE എഞ്ചിന് ഓപ്ഷനുകളില് ആദ്യത്തേത് 2.0 ലിറ്റര്, 4 സിലിണ്ടര് ടര്ബോ പെട്രോളാണ്. പരമാവധി 296 bhp പവറില് 400 Nm ടോര്ക്ക് വരെ ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിന് ട്യൂണ് ചെയ്തിരിക്കുന്നത്. രണ്ടാമത്തെ 3.0 ലിറ്റര്, 6 സിലിണ്ടര് മൈല്ഡ്-ഹൈബ്രിഡ് എഞ്ചിന് 394 bhp പവറും 550 Nm ടോര്ക്കും സൃഷ്ടിക്കാന് ശേഷിയുള്ളതാണ്. ഈ രണ്ട് എഞ്ചിനുകളും 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്ബോക്സുമായി ജോടിയാക്കുന്നു. 2.0 ലിറ്റര് HSE-യുടെ വില 1.19 കോടി രൂപയും 3.0 ലിറ്റര് HSE-യുടെ വില 1.52 കോടി രൂപയുമാണ്. ഇതില് ഏത് വേരിയന്റാണ് നേഹ വാങ്ങിയതന്ന കാര്യം അജ്ഞാതമാണ്. ഇവയ്ക്ക് പുറമെ 3.0 ലിറ്റര് 6-സിലിണ്ടര് ട്വിന്-ടര്ബോഡീസല് എഞ്ചിന് ഓപ്ഷനിലും ഡിഫെന്ഡര് HSE വാങ്ങാന് സാധിക്കും. 296 bhp പവറും 650 Nm ടോര്ക്കും ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിന് 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്സ്മിഷനുമായി ഇണചേര്ത്തിരിക്കുന്നു.

ബോക്സി ഡിസൈന് ഭാഷ നിലനിര്ത്തിക്കൊണ്ട് തന്നെ മോഡേണ് ഫീച്ചറുകളാല് സമ്പന്നമായ ക്യാബിനാണ് എസ്യുവിയില് ബ്രിട്ടീഷ് ബ്രാന്ഡ് ഒരുക്കിയിരിക്കുന്നത്. 12.3 ഇഞ്ച് ഡിജിറ്റല് ഇന്സ്ട്രുമെന്റ് കണ്സോളും ഏറ്റവും പുതിയ പിവി പ്രോ യൂസര് ഇന്റര്ഫേസുള്ള 10 ഇഞ്ച് ടച്ച്സ്ക്രീന് ഇന്ഫോടെയ്ന്മെന്റ് സിസ്റ്റവും ഇതിന് ലഭിക്കുന്നു. ഹെഡ്-അപ്പ് ഡിസ്പ്ലേ, മള്ട്ടി-സോണ് ക്ലൈമറ്റ് കണ്ട്രോള്, 360-ഡിഗ്രി ക്യാമറ, ക്ലിയര്സൈറ്റ്, ക്ലിയര്സൈറ്റ് ഗ്രൗണ്ട് വ്യൂ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകള്, മെറിഡിയന് സൗണ്ട് സിസ്റ്റം എന്നിവയും അതിലേറെയുമുള്ള ഫീച്ചറുകളും അകത്തളത്തിലുണ്ട്. 360-ഡിഗ്രി ക്യാമറ, ബ്ലൈന്ഡ്-സ്പോട്ട് അസിസ്റ്റ്, ഫ്രണ്ട് ആന്ഡ് റിയര് പാര്ക്കിംഗ് സെന്സറുകള്, ആറ് എയര്ബാഗുകള്, എബിഎസ്, ട്രാക്ഷന് കണ്ട്രോള് തുടങ്ങിയ നിരവധി സേഫ്റ്റി ഫീച്ചറുകളും ലക്ഷ്വറി എസ്യുവിയില് സജ്ജീകരിച്ചിരിക്കുന്നു.

READ ON APP