Hero Image

7 ലക്ഷത്തിന്റെ കുഞ്ഞന് ഇവി സ്വന്തമാക്കി ആരാധകരുടെ പ്രിയപ്പെട്ട താരം

കന്നഡ സീരിയല് ഇന്ഡസ്ട്രിയില് വന് ആരാധകരുള്ള നടിയാണ് നമ്രത ഗൗഡ. ബിഗ് ബോസ് സീസണ് 10-ല് പങ്കെടുത്ത ശേഷം നമ്രതയ്ക്ക് ആരാധകരും വര്ധിച്ചു. സ്വന്തം ജന്മദിനത്തില് രാജ്യത്തെ ഏറ്റവും താങ്ങാവുന്ന വിലയില് ലഭ്യമാകുന്ന ഇലക്ട്രിക് കാറായ എംജി കോമെറ്റ് സ്വന്തമാക്കിയിരിയ്ക്കുകയാണ് നമ്രത. തന്റെ യാത്രകള് ഇനി 'ഇലക്ട്രിക്' ആകുന്ന വിവരം നടി തന്റെ ഇന്സ്റ്റാഗ്രാം പേജിലൂടെ ആരാധകരെ അറിയിച്ചിട്ടുണ്ട്.

കുടുംബത്തോടൊപ്പം എത്തിയാണ് നമ്രത പുത്തന് കാറിന്റെ താക്കോല് ഏറ്റു വാങ്ങിയത്. നമ്രത എംജി കോമറ്റ് ഇവിയുടെ ഏത് വേരിയന്റാണ് വാങ്ങിയത് എന്നതിനെ കുറിച്ച് കൂടുതല് വിവരങ്ങള് ലഭ്യമല്ല. 6.99 ലക്ഷം മുതല് 9.24 ലക്ഷം രൂപ വരെയാണ് നിലവില് എംജി കോമെറ്റ് ഇവിയുടെ എക്സ്ഷോറൂം വില പോകുന്നത്. കഴിഞ്ഞ വര്ഷം ഏപ്രിലില് 7.98 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലായിരുന്നു എംജി തങ്ങളുടെ രണ്ടാമത്തെ ഇവിയായ കോമെറ്റ് ഇന്ത്യയില് അവതരിപ്പിച്ചത്. ബാറ്ററി സെല്ലുകളുടെ ചെലവ് കുറഞ്ഞതോടെയാണ് വില 6.99 ലക്ഷത്തിലെത്തിയത്. എക്സിക്യുട്ടീവ്, എക്സൈറ്റ്, എക്സ്ക്ലൂസീവ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് എംജി കോമെറ്റ് ഇവി ഓഫര് ചെയ്യുന്നത്.

എക്സ്സൈറ്റ്, എക്സ്ക്ലൂസീവ് വേരിയന്റുകള്ക്ക് ഫാസ്റ്റ് ചാര്ജിംഗ് ഓപ്ഷന് ലഭ്യമാണ്. പുതിയ സാമ്പത്തിക വര്ഷം പിറന്നതോടെ എന്ട്രി ലെവല് വേരിയന്റിന്റെ ഒഴികെയുള്ള രണ്ട് വേരിയന്റുകളുടെ വില എംജി പരിഷ്കരിച്ചിരുന്നു. ഫാസ്റ്റ് ചാര്ജിംഗ് ഓപ്ഷനുമായി വരുന്ന എക്സ്സൈറ്റ്, എക്സ്ക്ലൂസീവ് വേരിയന്റുകള്ക്കാണ് 10000 രൂപ കൂട്ടിയത്. വിദേശ വിപണികളിലുള്ള വുലിംഗ് എയര് ഇവിയെ അടിസ്ഥാനമാക്കി നിര്മിച്ചിരിക്കുന്ന മൈക്രോ ഇവിക്ക് 2974 മില്ലീമീറ്റര് നീളവും 1505 മില്ലീമീറ്റര് വീതിയും 1640 മില്ലീമീറ്റര് ഉയരവും 2010 മില്ലീമീറ്റര് വീല്ബേസുമാണുള്ളത്. 17.3 കിലോവാട്ട് ബാറ്ററി പായ്ക്കില് നിന്നാണ് ഈ കാര് പവറെടുക്കുന്നത്. റിയര് ആക്സിലില് ഘടിപ്പിച്ച സിംഗിള് ഇലക്ട്രിക് മോട്ടോര് പരമാവധി 41 bhp പവറും 110 Nm പീക്ക് ടോര്ക്കും സൃഷ്ടിക്കാന് ശേഷിയുള്ളതാണ്.

ഒറ്റത്തവണ ചാര്ജ് ചെയ്താല് 230 കിലോമീറ്റര് വരെ ഓടുമെന്നാണ് നിര്മാതാക്കളായ എംജി അവകാശപ്പെടുന്നത്. IP67 റേറ്റഡ് ബാറ്ററി പായ്ക്ക് 3.3 kW ചാര്ജര് വഴി 5 മണിക്കൂറിനുള്ളില് 10-80 ശതമാനം ചാര്ജ് ചെയ്യാം. ഇക്കോ, നോര്മല്, സ്പോര്ട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും വാഹനത്തില് വാഗ്ദാനം ചെയ്യുന്നുണ്ട്. മണിക്കൂറില് 100 കിലോമീറ്ററാണ് കോമെറ്റ് ഇവിയുടെ ടോപ് സ്പീഡ്. വയര്ലെസ് ആപ്പിള് കാര്പ്ലേ, ആന്ഡ്രോയിഡ് ഓട്ടോ, കീലെസ് എന്ട്രി, 55-ലധികം കണക്ടഡ് കാര് ഫീച്ചറുകള്, ഡിജിറ്റല് കീ, പവര് വിന്ഡോകള്, ഡ്യുവല് എയര്ബാഗുകള്, ABS, EBD, റിയര് പാര്ക്കിംഗ് ക്യാമറ, ടയര് പ്രഷര് മോണിറ്ററിംഗ് സിസ്റ്റം (TPMS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള് (ESC) എന്നിങ്ങനെ ഫീച്ചറുകളും ഈ വാഹനത്തില് ഉണ്ട്.

READ ON APP