Hero Image

പ്രേമലു 2 : സോഷ്യല് മീഡിയയില് വൈറലായി ഒരു കഥ

തെന്നിന്ത്യയില് വലിയ വിജയം നേടിയ ചിത്രമാണ് നസ്ലിനും മമിത ബൈജുവും ഒന്നിച്ച പ്രേമലു. തിയറ്ററില് എത്തിയതിനു പിന്നാലെ ഒടിടിയിലും ഹിറ്റാവുകയാണ് ചിത്രം. ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാവുന്ന പ്രേമലുവിന്റെ രണ്ടാം ഭാഗത്തിന്റെ കഥയാണ്.
രേണുവും സച്ചിനും തമ്മിലുള്ള പ്രണയത്തെ കുറിച്ചാണ് ചിത്രം സംസാരിച്ചത്.

സച്ചിന് കഥാപാത്രം യുകെയിലേക്ക് പോകുന്നതോടെയാണ് പ്രേമലു അവസാനിക്കുന്നത്. എന്നാല് ഇപ്പോള് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ കഥയാണ് വൈറലാകുന്നത്. ഷിജു ആച്ചാണ്ടി എന്ന വ്യക്തി തന്റെ എഫ്ബി പോസ്റ്റിലൂടെ ഷെയര് ചെയ്ത കുറിപ്പാണ് വൈറലായിരിക്കുന്നത്.

പ്രേമലു 2 എന്ന തലക്കെട്ടിലാണ് കുറിപ്പ്. യുകെയില് പോകുന്ന സച്ചിന് വ്ളോ?ഗര് ആവുമെന്നാണ് കുറിപ്പില് പറയുന്നത്. ഇതോടെ റീനുവുമായി തെറ്റും. റീനു ഹൈദരാബാദില് ഒരു സ്റ്റാര്ട്ടപ്പ് ആരംഭിക്കുകയും അത് യുകെയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും. സച്ചിന്റെ അവസ്ഥ കണ്ട് മനസ്സലിഞ്ഞ് തനിക്കൊപ്പം ജോലി ചെയ്യാന് സച്ചിനെ വിളിക്കുന്നതോടെ ഇവരുടെ ജീവിതം വീണ്ടും പ്രണയത്തിന്റെ ട്രാക്കിലേക്ക് നീങ്ങും. വാണ്ടര്ലസ്റ്റിനെ കല്യാണം കഴിച്ച് ആദി വിശാഖപട്ടണത്തെ തെങ്ങിന്തോപ്പില് കൃഷിയും മറ്റുമായി കൂടും. സോഷ്യല് മീഡിയയില് വൈറലാവുകയാണ് പോസ്റ്റ്. ഈ കഥ സിനിമയാക്കിയാല് അടിപൊളിയായിരിക്കും എന്നാണ് പ്രേക്ഷകരുടെ കമന്റുകള്.

കുറിപ്പ് വായിക്കാം

പ്രേമലു 2

യു കെ യിലെത്തിയ സച്ചിന് ജീവിക്കാന് വഴിയില്ലാതെ വ്ലോഗിംഗ് തുടങ്ങി. ഏജന്സിയുടെ ചതിയില് പെട്ടതാണ്.

യു കെ യില് എങ്ങനെ സൗജന്യം പറ്റി ജീവിക്കാം എന്നൊക്കെയുള്ള വ്ലോഗുകള് റീനുവിനെ നന്നായി വെറുപ്പിച്ചു. കുറച്ചു റീച്ചായപ്പോള് സച്ചിന്, റിക്രൂട്ട്മെന്റ് ഏജന്സികള്ക്കു വേണ്ടി പെയിഡ് പ്രമോഷനും തുടങ്ങി. കൂടുതല് പേര് പറ്റിക്കപ്പെട്ടു.

ഇതൊക്കെ കണ്ടു റീനു രോഷം കൊണ്ടു പൊട്ടിത്തെറിച്ചു. നീ ഈ ജന്മത്തു നന്നാവില്ലെടാ എന്നു പറഞ്ഞ്, സച്ചിനോടുള്ള പ്രേമം അവള് അവസാനിപ്പിച്ചു.

ഹാര്ട് ബ്രേക്ക്.

ഇതിനിടയില്, റീനു ഹൈദരാബാദില് ഒരു സ്റ്റാര്ടപ് തുടങ്ങുകയും അത് ഒരു എം എന് സി ലെവലിലേക്കു വളരുകയും ചെയ്തിരുന്നു. കമ്പനിക്കു ലണ്ടനില് ഓഫീസ് തുറക്കാന് എത്തിയ റീനു വീണ്ടും സച്ചിനെ തേടിപ്പിടിച്ച് അവിടെ ജോലി കൊടുക്കുന്നു. നന്നാവുന്നെങ്കില് നന്നാവട്ടെ എന്ന കെയറിംഗ്. പട്ടിണി കിടന്നു മടുത്തിരുന്ന സച്ചിന് ആ ജോലി സ്വീകരിക്കും. വ്ലോഗിംഗ് ഒക്കെ നിറുത്തി മിടുക്കനായി പണിയെടുക്കുന്ന സച്ചിനോട് റീനുവിനു വീണ്ടും പ്രേമം തോന്നിത്തുടങ്ങി. കമ്പനിയുടെ ഓപറേഷന്സ് മറ്റു യൂറോപ്യന് രാജ്യങ്ങളിലേക്കു വ്യാപിക്കുന്നു. എല്ലാത്തിലും ഒരു വിശ്വസ്തനായ സഹായിയായി സച്ചിന് കൂടെയുണ്ട്. ഒരു കീഴുദ്യോഗസ്ഥന്റെ അനുവദനീയമായ അതിരുകള്പ്പുറത്തേക്ക് അവന് ഒരടി വക്കുന്നില്ല.

മെയില് ഷോവനിസ്റ്റുകളായ നാട്ടിലെ സിബിഎസ്സി കിഡ്സിനൊപ്പം തന്റെ ജീവിതം സെറ്റാകില്ലെന്ന് അതിനകം റീനു തിരിച്ചറിഞ്ഞിരുന്നു. സച്ചിനു കെയറിംഗ് വാരിക്കോരി നല്കുമ്പോള് തന്നിലേക്കു വീണ്ടും ആ പഴയ സന്തോഷം മടങ്ങി വരുന്നത് റീനു അനുഭവിക്കുന്നു.

ഇപ്രാവശ്യം റീനുവാണു സച്ചിനോടു പ്രപോസ് ചെയ്യുന്നത്. സച്ചിന് അതു സ്വീകരിക്കുമോ?

വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്

ഇതിനിടയില് നാട്ടില് ആദി, വാണ്ടര്ലസ്റ്റിനെ കല്യാണം കഴിച്ച് വിശാഖപട്ടണത്തെ തെങ്ങിന്തോപ്പില് കൃഷിയും മറ്റുമായി കൂടിയിരുന്നു. അവര്ക്കു രണ്ടു പേര്ക്കും കൂടി ഒരു ഇന്സ്റ്റാ പേജും ഉണ്ട്. ജസ്റ്റ് കിഡ്ഡിംഗ് എന്ന പേരില്.

അമല് ഡേവീസ് ടെസ്റ്റെഴുതല് നിറുത്തി, ഒരു ഗേറ്റ് കോച്ചിംഗ് സെന്റര് തുടങ്ങുകയും നിരവധി ബ്രാഞ്ചുകളായി വളരുകയും ചെയ്യുന്നു. പുള്ളി അറിയപ്പെടുന്ന ഒരു മോട്ടിവേഷണല് സ്പീക്കറുമാണ്.

മേരിയാന്റിയുടെ മോന് TFC ഏറ്റെടുക്കുകയും ഹൈദരാബാദിലെ ഏറ്റവും തിരക്കേറിയ ഒരു പബ്ബിന്റെ ഉടമയാകുകയും ചെയ്തു. പേര്, ഹെവന്.

ഹാര്ട് ബ്രേക്കിനു മുമ്പും ശേഷവുമായി വേറെയും കുറെ സംഗതികളൊക്കെയുണ്ട്.

ക്ലൈമാക്സില് നമ്മള് കാണുന്നത് ഫിര് മരങ്ങളും പൂന്തേനരുവിയും സൈഡില് ബിഎംബിസി റോഡും അകലെ മാമലകളും കണ്ണെടുക്കാനാകാത്തവിധം കണ്ടമാനം ഭംഗിയുമുള്ള ഒരു യൂറോപ്യന് കണ്ട്രിസൈഡാണ്. റോഡിലൂടെ പൊടുന്നനെ ഒരു ഫെറാരി കണ്വെര്ട്ടിബിള് പാഞ്ഞുപോകുന്നു. പിന്നെ കാണുന്നത് സ്റ്റിയറിംഗ് വീല്. ഡ്രൈവ് ചെയ്യുന്നത് റീനു. മുടി പറക്കുന്നുണ്ട്. ക്യാമറ കോ ഡ്രൈവറുടെ സീറ്റിലേക്കു തിരിയുമ്പോള് അവിടെ ആരുമില്ല.

ക്യാമറ പിന്സീറ്റിലേക്ക്. സച്ചിന് ഉണ്ടവിടെ.

ക്യാമറ കോ ഡ്രൈവര് സീറ്റിന്റെ പിന്നിലേക്ക്. അവിടെ സെറ്റ് ചെയ്തിരിക്കുന്ന ചൈല്ഡ് സീറ്റില് ഒരു കുഞ്ഞ് സുരക്ഷിതമായി ഇരിക്കുന്നു.

കുഞ്ഞിനോടു കൊഞ്ചുന്ന സച്ചിന്.

ഇടക്ക് പിന്നിലേക്കു തിരിഞ്ഞ് സച്ചിനെയും കുഞ്ഞിനെയും വാത്സല്യത്തോടെ നോക്കുന്ന റീനു.

ചക്രവാളങ്ങളിലേക്കു കുതിച്ചു പായുന്ന ഫെറാരിയുടെ വിദൂരദൃശ്യം

ദ എന്ഡ്.

''.........''

- എ. ഷിജു

READ ON APP