Hero Image

ചൂടിന് താത്കാലിക ആശ്വാസം; കെഎസ്ആർടിസിക്ക് കർട്ടൻ

അസഹ്യമായ ചൂട് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് യാത്രക്കാരെ വലക്കാറുണ്ട്. ഷട്ടറിനു പകരം മുന്നിലേക്കും പിന്നിലേക്കും നീക്കാവുന്ന ചില്ലുകളാണ് ഇതിനു പ്രധാന കാരണം. പകൽ സമയങ്ങളിൽ ശക്തമായ ചൂടാണ് ബസിനുള്ളിലേക്ക് വീഴുന്നത്. അതിനാൽ തന്നെ സ്വിഫ്റ്റിൽ യാത്ര ചെയ്യാൻ വിമുഖത പ്രകടിപ്പിക്കുന്ന യാത്രക്കാർക്ക് ആശ്വാസമായി ചില്ലുകളിൽ കർട്ടനു കൂടി ഘടിപ്പിക്കാൻ തീരുമാനമായി.

ആദ്യഘട്ടത്തിൽ 75 ബസുകളിലാണ് സ്ഥാപിക്കുക. 151 സ്വിഫ്റ്റ് സൂപ്പർ ഫാറ്റുകളാണുള്ളത്. ശേഷിക്കുന്നവയിലും ഉടൻ തന്നെ കർട്ടൻ സ്ഥാപിക്കാനാണ് തീരുമാനം. പൊതുവേ സ്വിഫ്റ്റ് ബസുകളുടെ വശങ്ങളിൽ വലിയ ചില്ലുകളായതിനാൽ പകൽ സമയങ്ങളിൽ ശക്തമായ വെയിലേറ്റ് യാത്രക്കാർ ബുദ്ധിമുട്ടുന്ന സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്. ഇതിനായി പച്ച,മഞ്ഞ, നീല നിറത്തിലുള്ള തുണികളാണ് ഉപയോഗിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തിൽ ഒരു ബസിൽ കർട്ടൻ ഇട്ടിരുന്നു. ഇത് വിജയകരമായതിനു പിന്നാലെയാണ് മറ്റ് ബസുകളിലും കർട്ടൻ ഇടാൻ തീരുമാനമായത്. പുതിയ ബസ് ബോഡി പ്രകാരം ബസുകളുടെ വശങ്ങളിൽ ഷട്ടർ ഉപയോഗിക്കുന്നതിനു വിലക്കുണ്ട്. അതിനാൽ പുതിയ ബസുകളെല്ലാം ഗ്ലാസ് ഘടിപ്പിച്ചാണ് വരുന്നത്. അതേസമയം സ്വകാര്യ ബസുകാർ കർട്ടനിട്ടാണ് ഇതിനു പരിഹാരം കാണുന്നത്. ഇതേ രീതി തന്നെയാണ് കെഎസ്ആർടിസിയും പരീക്ഷിക്കുന്നത്.

READ ON APP