Hero Image

പൈങ്ങോട്ടൂരിൽ പൂട്ടിക്കിടന്ന വീടിന്റെ വാതിലിന് തീയിട്ട് മോഷണശ്രമം; പ്രതിയെ കുറിച്ച് സൂചന ലഭിച്ചിട്ടും പൊലീസ് പിടികൂടുന്നില്ലെന്ന് ആക്ഷേപം

കോതമംഗലം: പൈങ്ങോട്ടൂരിൽ പൂട്ടിക്കിടന്ന വീടിന്റെ പിൻവശത്തെ വാതിലിന് തീയിട്ട് മോഷണശ്രമം. പൈങ്ങോട്ടൂർ സൗത്ത് പുന്നമറ്റം ഒലിയപ്പുറം ജോസിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ജോസും കുടുംബവും വിദേശത്താണ്. ഏപ്രിൽ 10 ന് രാത്രിയാണ് സംഭവം നടന്നത്.

രാത്രി വീട്ടിലെത്തിയ മോഷ്ടാവ് പിൻവശത്തെ വാതിലിനു സമീപം വിറകുകൾ കൂട്ടിയിട്ട് പെട്രോൾ ഒഴിച്ച് വാതിൽ കത്തിക്കുകയായിയിരുന്നു.

അകത്തു കടന്ന മോഷ്ടാവിന് അടുക്കളയിലേക്കുള്ള അകത്തെ വാതിൽ തകർക്കാനാവാത്തതു കൊണ്ട് വീടിനുള്ളിൽ പ്രവേശിക്കാനായില്ല. തീപിടുത്തത്തിൽ വാതിലും കട്ടിളയും പൂർണമായി നശിച്ചിട്ടുണ്ട്. തീ ആളികത്തുന്നത് സി.സി.ടി.വിയിൽ വ്യക്തമാണ്. വീടിനുള്ളിലേക്ക് തീ പടർന്നിരുന്നെങ്കിൽ വലിയ നാശ നഷ്ടങ്ങൾ സംഭവിച്ചിരുന്നേനെ.

പിറ്റേന്ന് രാവിലെ സമീപത്തു താമസിക്കുന്ന അനുജൻ വീട്ടിലെത്തിയപ്പോഴാണ് മോഷണ ശ്രമം അറിയുന്നത്. മുഖം മറച്ച് ആളെ തിരിച്ചറിയാതിരിക്കാൻ പ്രത്യേക വേഷം ധരിച്ചെത്തിയ മോഷ്ടാവിന്റെയും മോഷ്ടാവ് വാതിലിന് തീയിടുന്ന ദൃശ്യങ്ങളും സി.സി.ടി.വി യിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ എല്ലാം വച്ച് അന്ന് രാവിലെ തന്നെ പോത്താനിക്കാട് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് തെളിവ് ശേഖരിക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും പരാതിക്കാരനെ പിന്തിരിപ്പിക്കാനുള്ള ശ്രമവും പോലീസ് നടത്തിയതായും നാട്ടുകാർ ആക്ഷേപിക്കുന്നു. കൂടാതെ സംഭവം പുറത്ത് പറഞ്ഞാൽ പ്രതി രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെന്നും അതുകൊണ്ട് സംഭവം രഹസ്യമായി സൂക്ഷിക്കണമെന്നും പോലീസ് പരാതിക്കാരനെ ഉപദേശിച്ചതായും പറയുന്നു.

സംഭവം നടന്ന് ഒരാഴ്ച്ച പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും പ്രതിയെ പിടികൂടാത്തതിൽ ശക്തമായ പ്രതിഷേധവും ഭയവുമാണ് നാട്ടുകാരുടെ ഇടയിലുള്ളത്. സംഭവത്തിന് 2 ദിവസം മുമ്പ് രാത്രിയിൽ ഇതേ മോഷ്ടാവ് ഈ വീട്ടിലെത്തി പരിസര നിരീക്ഷണം നടത്തുന്നതും സമീപത്തുള്ള വർക്ക്ഷോപ്പിൽ നിന്ന് മോഷ്ടിച്ച വലിയ ഗോവണിയുപയോഗിച്ച് സി.സി.ടി.വി ക്യാമറകൾ കേടുവരുത്താനുള്ള ശ്രമങ്ങൾ നടത്തുന്ന ദൃശ്യങ്ങളും സി.സി.ടി.വി യിൽ പതിഞ്ഞിരുന്നു. എന്നാൽ പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും പ്രതി പോലീസ് നിരീക്ഷണത്തിലാണെന്നും ഉടൻ പിടികൂടുമെന്നാണ് പോത്താനിക്കാട് പൊലീസ് പറയുന്നത്.

READ ON APP