Hero Image

ഗോ ഫസ്റ്റ് വിമാനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു

ന്യൂഡൽഹി: വാടകയ്ക്കെടുത്ത ഗോ ഫസ്റ്റ് വിമാനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. അടുത്ത അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നടപടി സ്വീകരിക്കണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു.

ഡിജിസിഎയും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും (എഎഐ) ഈ വിമാനങ്ങൾ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിന്ന് പുറത്തെടുക്കാൻ കമ്പനികളെ സഹായിക്കണം.

സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഗോ ഫസ്റ്റ് കഴിഞ്ഞ മെയിൽ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. 11,463 കോടി രൂപയിലധികമായിരുന്നു അന്ന് കമ്പനിയുടെ മൊത്തം ബാധ്യത. നേരത്തെ ജിൻഡാൽ പവർ ലിമിറ്റഡ് കമ്പനി ഏറ്റെടുക്കാൻ നീക്കം നടത്തിയെങ്കിലും പിന്നീട് പിൻമാറുകയായിരുന്നു.

54 വിമാനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്നാണ് നിർദ്ദേശം. ഉത്തരവ് നടപ്പിലാക്കിയാൽ ഗോ ഫസ്റ്റിന്റെ കൈവശമുളള എല്ലാ വിമാനങ്ങളും നഷ്ടമായേക്കും. വിമാനങ്ങൾ തിരിച്ച് കയറ്റി അയയ്ക്കാനുളള എക്സ്പോർട്ട് സർട്ടിഫിക്കേറ്റ് അടക്കമുളള കാര്യങ്ങൾ ഡിജിസിഎ ചെയ്തു നൽകണമെന്നും കോടതി നിർദ്ദേശിച്ചു. എന്നാൽ മൊറട്ടോറിയം നിലനിൽക്കുന്നതിനാൽ ഇതിന് തടസമുണ്ടെന്ന് ഡിജിസിഎ അറിയിക്കുകയായിരുന്നു.

READ ON APP