Hero Image

മെഡിക്കല് സര്വീസസ് പരീക്ഷയ്ക്ക് യൂണിയന് പബ്ലിക് സര്വീസ് കമ്മിഷന് അപേക്ഷ ക്ഷണിച്ചു

കേന്ദ്രഗവണ്‍മെന്റ് സര്‍വീസിലെ മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനായി നടത്തുന്ന കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷയ്ക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യു.പി.എസ്.സി.) അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി ആകെ 827 ഒഴിവുണ്ട്. എം.ബി.ബി.എസ്. യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ജൂലായ് 14-നാണ് പരീക്ഷ.

കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവുമാണ് കേന്ദ്രം.

തസ്തികകളും ഒഴിവും: ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സെന്‍ട്രല്‍ ഹെല്‍ത്ത് സര്‍വീസ്)-163, അസിസ്റ്റന്റ് ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസര്‍ (റെയില്‍വേ)-450, ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍)-14, ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഗ്രേഡ്-കക (ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍)-200

യോഗ്യത: എം.ബി.ബിഎസ് ഫൈനല്‍ എഴുത്ത്, പ്രാക്ടിക്കല്‍ പരീക്ഷകള്‍ വിജയിച്ചിരിക്കണം. പരീക്ഷ എഴുതാനുള്ളവര്‍ക്കും എഴുതി കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം (ഇവര്‍ നിര്‍ദ്ദിഷ്ടസമയത്തിനകം വിജയിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം). ശമ്പള സ്‌കെയില്‍: ലെവല്‍ 10

പ്രായം: ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സെന്‍ട്രല്‍ ഹെല്‍ത്ത് സര്‍വീസ്) തസ്തികയില്‍ 35 വയസ്സും മറ്റ് തസ്തികകളില്‍ 32 വയസ്സുമാണ് ഉയര്‍ന്ന പ്രായപരിധി. (സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവുണ്ട്). 2024 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.

അപേക്ഷാഫീസ്: വനിതകള്‍ക്കും എസ്.സി./എസ്.ടി./പി.ഡബ്ല്യു.ഡി. വിഭാഗക്കാര്‍ക്കും ഫീസില്ല. മറ്റുള്ളവര്‍ 200 രൂപ ഓണ്‍ലൈനായി അടയ്ക്കണം.

പരീക്ഷ: 500 മാര്‍ക്കിന്റെ എഴുത്തുപരീക്ഷയുടെയും 100 മാര്‍ക്കിന്റെ പേഴ്സണാലിറ്റി ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയ്ക്ക് 250 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പറാണുണ്ടാവുക. ഒന്നാംപേപ്പര്‍ ജനറല്‍ മെഡിസിന്‍ ആന്‍ഡ് പീഡിയാട്രിക്‌സ് എന്നിവയുമായി ബന്ധപ്പെട്ടതും രണ്ടാംപേപ്പര്‍ സര്‍ജറി, ഗൈനക്കോളജി ആന്‍ഡ് ഒബ്സ്ട്രക്ടിസ്, പ്രിവന്റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിന്‍ എന്നിവയില്‍നിന്നുമായിരിക്കും. മള്‍ട്ടിപ്പിള്‍ ചോയ്സ് മാതൃകയിലാണ് പരീക്ഷ. (വിശദമായ സിലബസ് യു.പി.എസ്.സി. വിജ്ഞാപനത്തിനോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്).

അപേക്ഷ: upsconline.nic.in എന്ന വെബ്സൈറ്റ് വഴി വണ്‍ടൈം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം അപേക്ഷിക്കണം. അവസാന തീയതി: ഏപ്രില്‍ 30 (6PM). വിശദവിവരങ്ങള്‍ www.upsc.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

READ ON APP