Hero Image

നീതി വേണം ! തിരഞ്ഞെടുപ്പ് ചൂടിലും സഞ്ജുവിന് വേണ്ടി വാദിച്ച് ശശി തരൂര്

രാഷ്ട്രീയരംഗത്ത് ചര്‍ച്ചയാകുന്നത് ലോക്‌സഭ തിരഞ്ഞെടുപ്പാണെങ്കില്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഉള്‍പ്പെടുമെന്നതാണ്. ഐപിഎല്ലില്‍ മികച്ച പ്രകടനം തുടരുന്ന മലയാളിതാരവും രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനുമായ സഞ്ജു സാംസണിനെ ടി20 ലോകകപ്പ് ടീമിലേക്ക്‌ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

മുംബൈ ഇന്ത്യന്‍സിനെതിരെ കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ യഷ്വസി ജയ്‌സ്വാളിനെയും, മികച്ച പ്രകടനം തുടരുന്ന സഞ്ജുവിനെയും പ്രശംസിച്ച് കഴിഞ്ഞ ദിവസം മുന്‍താരവും എംപിയുമായ ഹര്‍ഭജന്‍ സിങ് 'എക്‌സി'ല്‍ പങ്കുവച്ച കുറിപ്പിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

സഞ്ജുവിനെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും, രോഹിത് ശര്‍മയ്ക്കു ശേഷം അടുത്ത ടി20 ക്യാപ്റ്റനാക്കണമെന്നുമായിരുന്നു ഹര്‍ഭജന്‍ പറഞ്ഞത്. ഹര്‍ഭജന്റെ പരാമര്‍ശത്തോട് യോജിച്ച് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും, സിറ്റിങ് എംപിയുമായ ശശി തരൂരും രംഗത്തെത്തി. പല തവണ സഞ്ജുവിന് വേണ്ടി നവമാധ്യമത്തിലൂടെ വാദിച്ചിട്ടുള്ള വ്യക്തിയാണ് തരൂര്‍. ഇത്തവണ തരൂര്‍ കുറിച്ചത് ഇങ്ങനെ:

''യഷ്വസി ജയ്‌സ്വാളിൻ്റെയും സഞ്ജു സാംസണിൻ്റെയും കാര്യത്തിൽ എൻ്റെ സഹ എംപി ഹർഭജൻ സിങ്ങിനോട് യോജിക്കുന്നതിൽ സന്തോഷമുണ്ട് ! സഞ്ജുവിനെ അര്‍ഹമായ രീതിയില്‍ പരിഗണിച്ചിട്ടില്ലെന്ന് വർഷങ്ങളായി വാദിക്കുന്നു. ഇപ്പോൾ അദ്ദേഹം ഐപിഎല്ലിലെ മുൻനിര കീപ്പർ-ബാറ്റ്‌സ്മാനാണ്. പക്ഷേ, ടീമിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴും ഇക്കാര്യം ചര്‍ച്ച ചെയ്യപ്പെടുന്നില്ല. സഞ്ജുവിന് നീതി വേണം''.

READ ON APP