Hero Image

'മിന്നൽ മുരളി' ഗ്രാഫിക് നോവല് പുറത്തുവിട്ട് അണിയറ പ്രവർത്തകർ

മുംബൈ കോമിക് കോൺ 2024-ൽ ടിങ്കിൾ കോമിക്‌സും നടനും നിർമ്മാതാവുമായ റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയും മലയാളത്തിലെ സൂപ്പർഹീറോ ചിത്രമായ മിന്നൽ മുരളിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ഗ്രാഫിക് നോവല്‍ പുറത്തിറക്കി. 

ടിങ്കിൾ കോമിക്‌സ് സ്റ്റുഡിയോയുടെ ലേബലില്‍ ഗ്രാഫിക് നോവൽ രംഗത്തേക്കുള്ള ടിങ്കിൾ കോമിക്‌സിൻ ആദ്യ സംരംഭമാണ് മിന്നല്‍ മുരളി ഗ്രാഫിക്സ് നോവല്‍.

ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായി എത്തി 2021-ൽ പുറത്തിറങ്ങിയ ചിത്രമാണ് മിന്നൽ മുരളി. മിന്നലിന്‍റെ ആഘാതത്തില്‍ സൂപ്പർ പവർ നേടുന്ന ഒരു തയ്യൽക്കാരന്‍റെ കഥയാണ് ഈ ചിത്രം പറയുന്നത്. 

മിന്നൽ മുരളി എന്ന സൂപ്പര്‍ ഹീറോ കഥാപാത്രത്തെ അധികരിച്ച് ഗ്രാഫിക് നോവലില്‍ പുതിയ കഥയാണ് പറയുന്നത്. സൂപ്പർഹീറോയുടെ സാഹസികതയാണ് പുതിയ കഥയിലൂടെ നോവല്‍ കാണിക്കുന്നത്. സമകാലിക ഇന്ത്യൻ  പശ്ചാത്തലത്തലത്തില്‍ ആക്ഷനും കോമഡിയും എല്ലാം ചേര്‍ത്താണ് നോവല്‍ ഒരുക്കിയിരിക്കുന്നത്. 

ടിങ്കിളിന്‍റെ ഗ്രാഫിക് നോവലായ മിന്നൽ മുരളി ഇന്ത്യൻ സൂപ്പർഹീറോകളോടും കോമിക്‌സുകളോടുമുള്ള ഇന്ത്യക്കാരുടെ  സ്നേഹത്തെ വീണ്ടും പ്രചോദിപ്പിക്കും എന്നാണ് ഈ പ്രൊജക്ടിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സ്പിരിറ്റ് മീഡിയ മേധാവി നടന്‍  റാണ ദഗ്ഗുബതി പറഞ്ഞത്. 

2021 ല്‍ ക്രിസ്മസ് സീസണില്‍ ഒടിടി റിലീസായി എത്തിയ ചിത്രമാണ് മിന്നല്‍ മുരളി. നെറ്റ്ഫ്ലിക്സിലാണ് ചിത്രം എത്തിയത്.  ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ഈ ചിത്രം നിർമ്മിച്ചത്. 

ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരം ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.അജു വർഗീസ്, ബൈജു,ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിലെ രണ്ടു സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ,ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ്.ഷാൻ റഹ്മാൻ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. 

READ ON APP