Hero Image

ഹൈദരാബാദ്-ഗുജറാത്ത് പോരാട്ടം മഴ മൂലം വൈകുന്നു; ഓവറുകള് വെട്ടിക്കുറച്ചേക്കാൻ സാധ്യത

 

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്-ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം മഴ മൂലം വൈകുന്നു. ഏഴരക്ക് നടക്കേണ്ട ടോസ് എട്ട് മണിക്ക് ഇടുമെന്ന് അറിയിച്ചിരുന്നെങ്കിലും വീണ്ടും മഴ എത്തിയതോടെ ടോസ് വൈകുകയാണ്. മത്സരം വൈകി തുടങ്ങിയാൽ ഓവറുകള്‍ വെട്ടിക്കുറച്ചേക്കും. പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ച ഗുജറാത്ത് ടൈറ്റന്‍സിന് മത്സരഫലം പ്രസക്തമല്ല.

എന്നാല്‍ പ്ലേ ഓഫ് പോരാട്ടത്തിലുള്ള ഹൈദരാബാദിന് ടോപ് 2 ഫിനിഷിന് ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്.

ഇന്ന് ഗുജറാത്തിനെ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കുകയും അവസാന മത്സരത്തിലും ജയിക്കുകയും ചെയ്താല്‍ ഹൈദരാബാദിന് ടോപ് 2ല്‍ സ്ഥാനം പ്രതീക്ഷിക്കാം. ഗുജറാത്തിനെ തോല്‍പ്പിച്ചാല്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഹൈദരാബാദിനും 16 പോയന്‍റാവും. രാജസ്ഥാനെക്കാള്‍(+0.273) മികച്ച നെറ്റ് റണ്‍റേറ്റുള്ളത് ഹൈദരാബാദിന്(+0.406) ഇന്ന് തന്നെ രണ്ടാം സ്ഥാനത്തെത്താൻ വഴിയൊരുക്കും.

ഇന്ന് ഹൈദരാബാദിന്‍റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുന്ന മറ്റൊരു ടീം കൂടിയുണ്ട്. അത് വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു ആണ്. തുടര്‍ച്ചയായ അഞ്ച് ജയങ്ങളുമായി പ്ലേ ഓഫ് പ്രതീക്ഷയിലുള്ള ആര്‍സിബിക്ക് ഇന്ന് ഹൈദരാബാദ് ജയിച്ചാല്‍ അവസാന മത്സരത്തില്‍ ചെന്നൈയെ തോല്‍പ്പിച്ചാല്‍ പ്ലേ ഓഫ് പ്രതീക്ഷ വെക്കാം. അവസാന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ കിംഗ്സ് അസാധാരണ മാര്‍ജിനില്‍ ജയിക്കാതിരിക്കുകയും വേണം.

എന്നാല്‍ ഇന്ന് ഗുജറാത്ത് ഹൈദരാബാദിനെ തോൽപ്പിക്കുകയും അവസാന മത്സരത്തില്‍ ജയിക്കുകയും ചെയ്താല്‍ അവര്‍ക്ക് 16 പോയന്‍റാവും. സീസണിലെ അവസാന മത്സരത്തില്‍ ചെന്നൈ ആര്‍സിബിയെ തോല്‍പ്പിക്കുകയും രാജസ്ഥാന്‍ അവസാന മത്സരം തോല്‍ക്കുകയും ചെയ്താല്‍ ചെന്നൈ, ഹാദരാബാദ്, രാജസ്ഥാന്‍ ടീമുകള്‍ക്ക് 16 പോയന്‍റ് വീതമാവും. നെറ്റ് റണ്‍റേറ്റാവും അപ്പോള്‍ രണ്ടാം സ്ഥാനക്കാരെ നിശ്ചയിക്കുക. 14 മത്സരങ്ങളില്‍14 പോയന്‍റുള്ള ഡല്‍ഹിക്കും 13 കളിയില്‍ 12 പോയന്‍റുള്ള ലഖ്നൗവിനും ഇപ്പോഴും കടലാസില്‍ പ്ലേ ഓഫ് സാധ്യതകള്‍ അവശേഷിക്കുന്നുണ്ട്.

READ ON APP